രാജ്യത്തെ 34000 കോടി വിപണി മൂല്യമുള്ള വിത്ത് മേഖല, ഏകീകൃതമാക്കാനും കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെക്കുന്നതുമാണ് 2025ലെ വിത്തു നിയമ ഭേദഗതിയെന്ന് കാര്‍ഷിക മേഖലയിലുള്ളവര്‍ അഭിപ്രായപ്പെടുന്നു. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിത്തുകള്‍ പ്രാദേശിക തലങ്ങളിലുളള വിത്ത് കൂട്ടായ്മകള്‍ അടക്കം ഉല്‍പ്പാദിപ്പിക്കുന്ന വിത്തുകള്‍ വിപണനം ചെയ്യണമെങ്കില്‍ പുതിയ നിയമപ്രകാരം അംഗീകാരം വാങ്ങേണ്ടതുണ്ട്. ഓരോ പ്രദേശത്തിന്റെ പ്രത്യേകത, കാലാവസ്ഥ എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ് കര്‍ഷകര്‍ വിത്തുല്‍പ്പാദിപ്പിക്കുന്നത്. ഇതിന് കേന്ദ്രീകൃത സ്വഭാവം കൊണ്ട് വരാനുള്ള നീക്കം കാര്‍ഷിക മേഖലയിലെ ഉല്‍പ്പാദനത്തെ പുറകോട്ടടിപ്പിക്കുമെന്നതില്‍ സംശയമില്ല. കൃഷി, സംസ്ഥാന വിഷയമാണെന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നില്ല എന്ന വിമര്‍ശനമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ എല്ലാ മേഖലയിലും കേന്ദ്രീകൃത സ്വഭാവം കൊണ്ട്‌വരാന്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനം നിലനില്‍ക്കുമ്പോഴാണ് കാര്‍ഷിക മേഖലയിലും പുതിയ നിയമവുമായി വരുന്നത്.
രാജ്യത്തെ വിത്തുമേഖലയില്‍ നിയന്ത്രണം ആവശ്യമാണ്. ഗുണനിലവാരമില്ലാത്ത വിത്തുകള്‍ ഉപയോഗിച്ച് കൃഷി ചെയ്യുമ്പോള്‍ നഷ്ടം കര്‍ഷകര്‍ക്കു തന്നെയാണ്. വില്‍പ്പനയ്ക്കുള്ള വിത്തുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. ഒറ്റനോട്ടത്തില്‍ ഇത് ശരിയാണെന്ന് തോന്നാമെങ്കിലും, കോര്‍പ്പറേറ്റുകളുടെ ആധിപത്യമാണ് വരാന്‍പോകുന്നതെന്ന് വ്യക്തമാണ്. വിത്ത് വില്‍ക്കാന്‍ കര്‍ഷകന് നിയന്ത്രണം വന്നാല്‍ അവര്‍ വിത്തുല്‍പ്പാദന മേഖലയില്‍ നിന്ന് പിന്‍മാറും. ഉല്‍പ്പാദകന്‍ എന്നതില്‍ നിന്ന് കര്‍ഷകര്‍ ഉപഭോക്താവായി മാറും. ഇങ്ങനെ വരുന്നതോടെ രാജ്യത്തെ വിത്ത് സമ്പത്ത് വ്യവസ്ഥയില്‍ നിന്ന് കര്‍ഷകര്‍ പുറത്താകും. അരി, പയര്‍ വര്‍ഗ്ഗങ്ങള്‍, എണ്ണ വിത്തുകള്‍ ഉള്‍പ്പെടെ കോര്‍പ്പറേറ്റുകളിലേക്ക് കേന്ദ്രീകരിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ദൂഷ്യവശങ്ങള്‍ ചെറുതല്ല. കര്‍ഷകരാണ് കൃഷി സംരക്ഷിക്കുന്നത്. അതുകൊണ്ട്തന്നെ അവരുടെ എതിര്‍പ്പിനിടയാക്കുന്ന നടപടികള്‍ തിരുത്തേണ്ടതാണ്. വിത്തുകള്‍ വെറും കച്ചവട വസ്തു മാത്രമല്ല അത് ജനങ്ങളുടെ ഭക്ഷ്യ സുരക്ഷയുടെ ഭാഗമാണെന്ന ചിന്തയാണ് കോര്‍പ്പറേറ്റ് വല്‍ക്കരണത്തിലൂടെ അട്ടിമറിക്കപ്പെടുന്നത്. നിലവില്‍ വിത്തുല്‍പ്പാദനത്തിന്റെ 70%വും വന്‍കിട കമ്പനികളിലാണ്. അവരുല്‍പ്പാദിപ്പിക്കുന്ന വിത്തുകള്‍ ഉപയോഗിച്ച് നഷ്ടം നേരിട്ടാല്‍ നഷ്ടപരിഹാരം കര്‍ഷകന് നേരിട്ട് ലഭിക്കില്ല. ഇത് കേന്ദ്ര സര്‍ക്കാരിനാണ് ലഭിക്കുന്നത്. ഇത് സംബന്ധിച്ചുണ്ടാകുന്ന കേസുകള്‍ ഉപഭോക്തൃ കോടതിയില്‍ രജിസ്റ്റര്‍ ചെയ്യാനാണ് നിര്‍ദ്ദേശിക്കുന്നത്. ഇപഭോക്തൃ കോടതികള്‍ ഇക്കാര്യത്തില്‍ ഫലപ്രദമാവില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
രാജ്യത്ത് കഴിഞ്ഞ കാലങ്ങളില്‍ കര്‍ഷക പ്രക്ഷോഭം അലയടിച്ചിരുന്നു. അതിന്റെ പരിണിത ഫലമായി കേന്ദ്ര സര്‍ക്കാരിന് നിയമം പിന്‍വലിക്കേണ്ടി വന്നു. കര്‍ഷക രോഷം വിത്തു ഭേദഗതി നിയമത്തിനെതിരെയും ഉണ്ടാവാതെ, കര്‍ഷക താല്‍പ്പര്യം സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം.
