ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍

ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍

പി.ടി.നിസാര്‍

ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആവിര്‍ഭവിച്ച് ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ അവരെവിടെ എത്തി നില്‍ക്കുന്നു എന്ന പരിശോധന പ്രസക്തമാണ്. ദേശീയ ജനാധിപത്യത്തിന്റേതാണ് ഇന്ത്യയിലെ വിപ്ലവ വഴിയെന്ന് സിപിഐയും, ജനകീയ ജനാധിപത്യത്തിന്റേതാണ് വിപ്ലവ പാതയെന്ന് സിപിഎമ്മും, അതൊന്നും പോരാ, തോക്കിന്‍ കുഴലിലൂടെ മാത്രമേ ഇന്ത്യയില്‍ രാഷ്ട്രീയ അധികാരം പിടിക്കാനാവൂ എന്ന് നക്‌സലുകളും തീരുമാനിച്ച് പ്രവര്‍ത്തിച്ചതിന്റെ  ഫലമെന്തായിരുന്നു?  സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ പ്രതിപക്ഷ നേതൃസ്ഥാനം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈകളിലായിരുന്ന കാലത്ത്‌നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്നെവിടെ എത്തി നില്‍ക്കുന്നു. ബംഗാളും, ത്രിപുരയും, കേരളവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരിച്ച കാലമെവിടെപോയി. ഇന്ന് കേരളത്തില്‍ മാത്രമാണ് കമ്മ്യൂണിസ്റ്റ്  സര്‍ക്കാരുള്ളത്. ബംഗാളില്‍ അടുത്ത കാലത്തൊന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് തിരിച്ച് വരാനാവില്ല. ത്രിപുരയിലും സ്ഥിതി പരിതാപകരമാണ്.
കേരളത്തിലാണെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നാം അവസരത്തിന് ജനവിധി തേടാന്‍ പോകുകയാണ്. അത് ജനങ്ങളുടെ കൈകളിലായതിനാല്‍ പ്രവചനത്തിന് പ്രസക്തിയില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന്‌പോകുന്നത്. രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ, കഴിയാവുന്ന വിധത്തിലൊക്കെ ശ്വാസം മുട്ടിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മല്‍സരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുള്ള ഫണ്ട് നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി തന്നെ പരസ്യ പ്രതികരണം നടത്തിയിട്ടുണ്ട്. രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി ഒരു ചില്ലികാശ്‌പോലും നല്‍കിയില്ലെന്ന് മാത്രമല്ല, ലോണായാണ് നാമമാത്ര ഫണ്ട് നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍, അര്‍ഹതപ്പെട്ട ഫണ്ട് കേരളത്തിന് നല്‍കാത്തതിനാല്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന്‌പോകുന്നത്. കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ നല്ല മുന്നേറ്റമുണ്ടാക്കിയെങ്കിലും ശബരിമലയടക്കമുള്ള വിവാദ വിഷയങ്ങള്‍ പ്രതികൂല ഘടകങ്ങളാണ്. വികസന പ്രവര്‍ത്തനങ്ങളില്‍ മുന്നേറിയ സംസ്ഥാന സര്‍ക്കാരിന്, അതിന്റെ ജനകീയത പ്രതിഫലിപ്പിക്കുന്ന തലത്തിലുള്ള പ്രകടനം നടത്താന്‍ കഴിവുള്ളവരുടെ അഭാവം നേരിടുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ എല്ലാവരുംകൂടി നേരിടുന്ന കാഴ്ചയും ദൃശ്യമാണ്. സിപിഎം നേതാക്കളുടെ ജനകീയത കുറവാണ് സിപിഎം നേരിടുന്ന പ്രധാന വെല്ലുവിളി. ഏത് പ്രതിസന്ധികളെയും വകഞ്ഞ് മാറ്റി സര്‍ക്കാരിനെയും, പാര്‍ട്ടിയെയും നയിക്കാന്‍ കെല്‍പ്പുള്ള ജനകീയരും, ജനവിശ്വാസമാര്‍ജിച്ചവരുമായ നേതാക്കളെ വളര്‍ത്തിയെടുക്കാനായില്ലെങ്കില്‍ സിപിഎംന്റെ ഭാവി പരിതാപകരമായിരിക്കും.
രാജ്യത്തിന്റെ പ്രധാനമന്ത്രി പദം ഉള്ളംകയ്യില്‍ ലഭിച്ചിട്ടും അതേറ്റെടുക്കാന്‍ ജ്യോതിബാസുവിനെ സമ്മതിക്കാതെ പ്രത്യയശാസ്ത്രം വിളമ്പിയവര്‍ക്കൊന്നും, രാജ്യത്താകമാനം പാര്‍ട്ടിയെ വളര്‍ത്താനായില്ല എന്നതും മറ്റൊരു ദുരന്തമായി. ഏറ്റവും മികച്ച അവസരമാണ് സിപിഎം ഇതിലൂടെ നഷ്ടപ്പെടുത്തിയത്. പാര്‍ട്ടി ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഡല്‍ഹിയില്‍, കേന്ദ്ര നേതാക്കള്‍ അന്തിയുറങ്ങുന്ന ഡല്‍ഹിയുടെ ഭരണം സിപിഎംന് ഇന്നും വിദൂര സ്വപ്‌നമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് കാടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച്‌കൊണ്ടിരിക്കുന്ന മാവോയിസ്റ്റുകള്‍ ആയുധം വെച്ച് കീഴടങ്ങിക്കൊണ്ടിരിക്കുകയാണ്. കീഴടങ്ങിയവരില്‍ പലരുടെയും പ്രതികരണവും ശ്രദ്ധേയമാണ്. രാജ്യത്തെ സാഹചര്യങ്ങള്‍ പഠിക്കുന്നതില്‍ തെറ്റ്പറ്റിയെന്നാണവര്‍ ആണയിടുന്നത്.
ദേശീയ തലത്തില്‍ ബിജെപിക്ക് ഏക ബദല്‍ കോണ്‍ഗ്രസ്സ് മാത്രമാണ്. കോണ്‍ഗ്രസ്സിന്റെ അവസ്ഥയും ഭേദപ്പെട്ടതെന്ന് പറയാനാവില്ല. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരിക്കുന്നത്. ഇപ്രാവശ്യം ലോക്‌സഭയില്‍ മോദി കഷ്ടിച്ചാണ് കടന്ന്കൂടിയത്. പുറമെയുള്ള പിന്തുണയ്ക്ക് ഇളക്കം തട്ടിയാല്‍ മോദി സര്‍ക്കാരിനും ഭീഷണിയുണ്ട്.
ബിജെപിക്കും, കോണ്‍ഗ്രസിനുമെതിരെ പൊരുതാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാവട്ടെ ആരോഗ്യവുമില്ല. അനാരോഗ്യമുണ്ടെങ്കിലും വിവിധ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ ഐക്യവുമില്ല. അനൈക്യത്തിന് കാരണം പ്രത്യയശാസ്ത്ര നടത്തിപ്പിലെ ഭിന്നതയാണ്. മാര്‍കിസിസം, ലെനിനിസത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ പ്രായോഗിക പ്രവര്‍ത്തനത്തിലാണ് തര്‍ക്കം. തര്‍ക്കം അനിസ്യൂതം തുടരുമ്പോള്‍, ഇന്ത്യയില്‍ വസന്തത്തിന്റെ ഇടിമുഴക്കം നേര്‍ത്ത്, നേര്‍ത്ത് വരികയാണ്. രാജ്യത്താകമാനം ജനങ്ങള്‍ അറിയുന്ന ഒരു നേതാവിനെ സൃഷ്ടിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കായില്ല എന്ന് പറയുമ്പോള്‍, മോദിയുടെ വൈബിലൂടെ മുന്നേറുന്ന ബിജെപി ഇവര്‍ക്കൊക്കെ ഒരു പാഠമാണ്. മാര്‍ക്‌സിസം സിദ്ധാന്തം മാത്രമല്ല പ്രയോഗം കൂടിയാണ്. അതിന്റെ പ്രായോഗിക പരാജയമെവിടെ എന്ന് കണ്ടെത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സാധിക്കുമോ എന്നാണ് കാലം കാത്തിരിക്കുന്നത്.

ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍

Share

Leave a Reply

Your email address will not be published. Required fields are marked *