സാമുദായിക നേതാക്കളുടെ രാഷ്ട്രീയ അതിപ്രസരം കേരളം തിരിച്ചറിയണം

സാമുദായിക നേതാക്കളുടെ രാഷ്ട്രീയ അതിപ്രസരം കേരളം തിരിച്ചറിയണം

          സാമുദായിക നേതാക്കള്‍ കേരള രാഷ്ട്രീയത്തില്‍ അമിതമായി ഇടപെടുന്നതും, രാഷ്ട്രീയ നേതൃത്വങ്ങളെ വെല്ലുവിളിക്കുന്നതും പുതുമയുള്ള കാര്യങ്ങളല്ല. മതവിഭാഗങ്ങള്‍ക്കിടയിലെ സമുദായങ്ങളെ ഉദ്ധരിക്കാന്‍ വേണ്ടി രൂപംകൊണ്ട ഇത്തരം പ്രസ്ഥാനങ്ങള്‍ മാറി, മാറി വന്ന സംസ്ഥാന സര്‍ക്കാരുകളോട് ഒട്ടി നിന്ന്, രാഷ്ട്രീയ പാര്‍ട്ടികളുടെ ഇംഗിതമറിഞ്ഞ്, നിലകൊണ്ടാണ് അവരിന്ന് കാണുന്ന സാമ്പത്തിക നേട്ടങ്ങളെല്ലാം കരസ്ഥമാക്കിയതെന്ന് കാണാന്‍ സാധിക്കും. രാഷ്ട്രീയ നേതൃത്വങ്ങളുടേയും സര്‍ക്കാരിന്റെയും പരിമിതികള്‍ അവസരങ്ങളാക്കിയാണവര്‍ വലിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയത്. അവരവര്‍ പ്രതിനിധീകരിക്കുന്ന ജനവിഭാഗത്തിന്റെ ഉന്നമനത്തിനെന്ന പേരുപറഞ്ഞാണ് അവര്‍ ആനുകൂല്യങ്ങള്‍ കരസ്ഥമാക്കിയതെന്ന് കാണാന്‍ സാധിക്കും. സാമുദായിക ആചാര്യന്മാര്‍ കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ ഇത്തരം സ്ഥാപനങ്ങളിലിരുന്ന് നിലവിലുള്ള സര്‍ക്കാരുകളോട് വിലപേശാനും, രാഷ്ട്രീയ നേതൃത്വങ്ങളെ വെല്ലുവിളിക്കാനും ഇത്തരക്കാര്‍ തയ്യാറാകുന്ന കാഴ്ചയാണ് കേരളം ദര്‍ശിക്കുന്നത്. രാഷ്ട്രീയ നേതൃത്വങ്ങളെ ഒരുകാലത്ത് തേടി നടന്നിരുന്ന സമുദായ നേതൃത്വങ്ങളെ തേടി അവരുടെ തിണ്ണ നിരങ്ങുന്ന അവസ്ഥയിലേക്ക് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ അധഃപതിച്ചതാണിതിന് കാരണം.
സമൂഹം പരിഷ്‌ക്കരണത്തിന്റെ പാതയിലൂടെ മുന്നേറുമ്പോഴും ഇത്തരം സമുദായ നേതൃത്വങ്ങള്‍ ജനങ്ങളെ ഒരടിപോലും മുന്നോട്ട് പോകാന്‍ സമ്മതിക്കുന്നില്ല എന്ന് കാണാന്‍ സാധിക്കും.  പരിഷ്‌കൃതമായ ഒരു രാജ്യത്തുമില്ലാത്ത ദുര്യോഗമാണ് കേരളത്തിലുള്ളത്.  ഇതിലൂടെ ഉല്‍പ്പാദിക്കപ്പെടുന്ന സാമുദായിക രാഷ്ട്രീയം ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് എന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം. മതങ്ങളും, സമുദായങ്ങളും ജനങ്ങളെ ഭിന്നിപ്പിക്കില്ലെന്ന് അതിന്റെ വക്താക്കള്‍ നാഴികയ്ക്ക് നാല്‍പ്പത്‌വട്ടം ആണയിടുമ്പോഴും കാര്യങ്ങള്‍ ശുഭകരമായല്ല കേരളത്തില്‍ മുന്നോട്ട് പോകുന്നതെന്ന് വ്യക്തമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്തേക്ക് വമിപ്പിക്കുന്ന വര്‍ഗ്ഗീയതയുടെ ആപത്തും കേരളം നേരിടുകയാണ്. സാമുദായിക സംഘടനകള്‍ തീര്‍ത്തും ഉയര്‍ത്തിപ്പിടിക്കുന്നത് അവരുടെ സമുദായത്തിന്റെ താല്‍പ്പര്യമാണെന്ന് പകല്‍പോലെ വ്യക്തമാണ്.
നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ ഇടപെട്ട് വോട്ട് ബാങ്കുകളായി മാറുന്ന സമുദായ നേതൃത്വങ്ങള്‍, അണികളെ തങ്ങളുടെ ഇംഗിതത്തിന് വിധേയരാവാന്‍ പ്രേരിപ്പിക്കുന്നതും മനുഷ്യരുടെ ജനാധിപത്യ കാഴ്ചപ്പാടുകള്‍ക്ക് വെല്ലുവിളിയാണ്. ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാരുകളുടേയും, രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രവര്‍ത്തനങ്ങള്‍ മത നിരപേക്ഷ കണ്ണിലൂടെ വിലയിരുത്തി പൗര സമൂഹം ചിന്തിച്ചാല്‍ ഇത്തരം സാമുദായിക-ജാതി-മത-രാഷ്ട്രീയ നേതൃത്വങ്ങളെ മൂലക്കിരുത്താനാവും. ജാതിയുടെയും, മതത്തിന്റെയും അതിപ്രസരണത്തിലാറാടിയ കേരളത്തെ ഭ്രാന്താലയമെന്നാണ് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചതെങ്കില്‍, കേരളത്തില്‍ ഇപ്പോള്‍ മത-സാമുദായിക ധ്രുവീകരണത്തിന്റെ ശക്തമായ ചേരിതിരിവ് പ്രകടമാണ്. ആധുനിക സമൂഹമായി മുന്നേറാനുള്ള കേരളത്തിന്റെ പ്രയാണത്തിന് വിഘാതമാവുന്ന ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് യുവജന സമൂഹം ശരിയായ നിലപാടെടുക്കുകയും, ജനാധിപത്യവാദികള്‍ ശക്തമായി ഇടപെടുകയും ചെയ്താല്‍ ഭിന്നിപ്പിന്റെ  ശക്തികളെ ചെറുക്കാനാവും.
തമ്പുരാനെന്ന് വിളിക്കില്ല, പാളേല്‍ കഞ്ഞി കുടിക്കില്ലെന്ന് വിളിച്ച്, ജാതീയതയ്ക്കും, ജന്മിത്വത്തിനുമെതിരെ പടപൊരുതിയ തൊഴിലാളി കര്‍ഷകാദി ജനവിഭാഗങ്ങള്‍ ഉഴുതിമറിച്ചതാണ് രാഷ്ട്രീയ കേരളം. നിലത്ത് കുഴികുത്തി അതില്‍ കഞ്ഞിയൊഴിച്ച് കുടിപ്പിച്ച്, തീണ്ടാപ്പാടകലെ മനുഷ്യരെ നിര്‍ത്തിയിരുന്ന ഒരു കാലഘട്ടം കേരളം മറികടന്നതാണ്. അന്നിത്തരം ജാതി മേധാവിത്വത്തിന്റെ  ഉടമസ്ഥരായിരുന്ന മേലാള വര്‍ഗ്ഗത്തെ കടപുഴകി വീഴ്ത്തിയ നവോത്ഥാന മണ്ണാണ് കേരളം.
മത-സമുദായങ്ങളുടെ പേരുംപറഞ്ഞ് സര്‍ക്കാരില്‍ നിന്ന് വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നേടി അതുവഴി കണക്കില്ലാത്ത സമ്പത്ത് സമ്പാദനം നടത്തി, പാവങ്ങളായ അര്‍ഹര്‍ക്ക് അവസരം നിഷേധിച്ച് അവിടെ പണത്തിന് പ്രാധാന്യം നല്‍കിയ ചരിത്രം സമുദായ നേതാക്കള്‍ക്കുണ്ടെന്നതാണ് സത്യം.

സാമുദായിക നേതാക്കളുടെ രാഷ്ട്രീയ അതിപ്രസരം

കേരളം തിരിച്ചറിയണം

Share

Leave a Reply

Your email address will not be published. Required fields are marked *