പി.ടി.നിസാര്‍
കോഴിക്കോട്: സംസ്ഥാനത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസ് അനുവദിക്കണമെന്നതിനോട് കേന്ദ്ര സര്‍ക്കാര്‍ ഇത്തവണ അനുകൂലമായി പ്രതികരിക്കുന്ന പ്രതീക്ഷയില്‍ മലയാളികള്‍. ഏതാണ്ടെല്ലാ സംസ്ഥാനങ്ങള്‍ക്കും ഇതിനകം കേന്ദ്ര സര്‍ക്കാര്‍ എയിംസ് അനുവദിച്ചിട്ടുണ്ട്. കേരളം എയിംസിനായി സ്ഥലവും കണ്ടെത്തി അപേക്ഷയുമായി ദീര്‍ഘ നാളായി കാത്തിരിക്കുകയാണ്. ഈയടുത്ത കാലത്ത് പ്രധാന മന്ത്രിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി എയിംസിനായുള്ള ആവശ്യമുന്നയിച്ചിരുന്നു. കൂടാതെ സംസ്ഥാനത്ത് നിന്നുള്ള എല്ലാ എം.പിമാരും എയിംസിനായി ആവശ്യമുന്നയിക്കുന്നുണ്ട്.
കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കാനായി ഇരുനൂറിലധികം ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തി പ്രൊപ്പോസല്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്്. എയിംസ് എവിടെ സ്ഥാപിക്കണമെന്നതിനെക്കുറിച്ച് തര്‍ക്കങ്ങളുമുണ്ട്. കേരളത്തിന് എയിംസ് എന്തായാലും ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ട് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസ് എയിംസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന കേരള ജനതക്ക് ആഹ്ലാദം പകരുമോ എന്നതാണ് ഇനിയറിയേണ്ടത്.
