സഹകരണ ബാങ്കുകളില്‍ കേരള ബാങ്ക് ലോകത്ത് 7-ാം സ്ഥാനത്ത്; പി.മോഹനന്‍ മാസ്റ്റര്‍

സഹകരണ ബാങ്കുകളില്‍ കേരള ബാങ്ക് ലോകത്ത് 7-ാം സ്ഥാനത്ത്; പി.മോഹനന്‍ മാസ്റ്റര്‍

ഓരോ മലയാളിയുടെ സ്വന്തം ബാങ്കാണ് കേരള ബാങ്കെന്നും ഇന്ത്യയില്‍ സഹകരണ ബാങ്കുകളില്‍ ഒന്നാം സ്ഥാനത്തും ലോകത്ത് 7-ാം സ്ഥാനത്തുമാണ് കേരള ബാങ്കിന്റെ സ്ഥാനമെന്ന് ബാങ്ക് പ്രസിഡണ്ട് പി.മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ സഹകരണ മേഖലയിലെ 23% കയ്യാളുന്നത് കേരളത്തിലെ സഹകരണ മേഖലയാണ്. 1,26,000 കോടി രൂപയാണ് കേരള ബാങ്കിന്റെ ബിസിനസ്സ് മൂല്യം. സംസ്ഥാനത്തെ 70 ലക്ഷം പേര്‍ കേരള ബാങ്കില്‍ അംഗങ്ങളാണ്. കേരളീയരെയാകെ കേരള ബാങ്കുമായി ബന്ധപ്പെടുത്തുകയും അവര്‍ക്കാവശ്യമായ ബാങ്കിംഗ് മേഖല വിപുലീകരിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കേരള ബാങ്ക് സജീവ പങ്കാളിത്തം വഹിച്ചു വരികയാണ്. മറ്റ് വാണിജ്യ ബാങ്കുകള്‍, ന്യൂജെന്‍ ബാങ്കുകള്‍, മള്‍ട്ടി കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ എന്നിവയില്‍ നിന്നും വിഭിന്നമായി ജനങ്ങളുമായി ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്നതാണ് കേരള ബാങ്കിന്റെ വളര്‍ച്ചക്കാധാരം. സംസ്ഥാനത്തെ 1669 പ്രാഥമിക സഹകരണ സ്ഥാപനങ്ങള്‍, 56 അര്‍ബണ്‍ ബാങ്കുകള്‍ കേരള ബാങ്കില്‍ അംഗങ്ങളാണ്. പ്രാഥമിക സഹകരണ സ്ഥാപനങ്ങളെ മെച്ചപ്പെടുത്താനും അവര്‍ക്ക് ലാഭ വിഹിതം നല്‍കാനും പദ്ധതിയുണ്ട്.

രാജ്യത്തെ ഏറ്റവും സുശക്തമായ സഹകരണ മേഖല കേരളത്തിലാണുള്ളത്. ഇന്ത്യയിലെ സഹകരണ മേഖലയില്‍ ഏറ്റവുമധികം സമ്പത്തുള്ള കേരളത്തിലെ സഹകരണ മേഖലയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് കണ്ണുണ്ട്. ഇതിന് സഹായകരമായ നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റ് അനുകൂല സമീപനമാണ് പിന്തുടരുന്നത്.റിസര്‍വ് ബാങ്ക് മികച്ച പിന്തുണയാണ് കേരള ബാങ്കിന് നല്‍കുന്നത്. ബാങ്കിന്റെ പ്രവര്‍ത്തന പരിധി വിപുലീകരിക്കാനും പ്രവാസി നിക്ഷേപം കൂടുതല്‍ എത്തിക്കാനും ശ്രമിക്കും. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് രംഗത്ത് വന്ന മള്‍ട്ടി സഹകരണ സംഘങ്ങള്‍ ഇന്ന് വഴിമുട്ടി നില്‍ക്കുകയാണ്.
നിക്ഷേപ സമാഹരണം, വായ്പ വിതരണം എന്നിവയില്‍ വലിയ മുന്നേറ്റമുണ്ടാക്കി. 10,000 കോടി രൂപയുടെ ഗോള്‍ഡ് നിക്ഷേപം നടത്തിയ സംസ്ഥാനത്തെ 5 ബാങ്കുകളില്‍ ഒന്ന് കേരള ബാങ്കാണ്. എല്ലാ മേഖലകളെയും പരിപോഷിപ്പിക്കാന്‍ 50തിലധികം വായ്പ പദ്ധതികള്‍ കേരള ബാങ്ക് നടപ്പാക്കുന്നുണ്ട്.വനിതകള്‍ക്ക് 10ലധികം സ്‌കീമുകളും, വ്യാപാരികള്‍ക്ക് വ്യാപാരി മിത്ര പദ്ധതി, ചെറുകിട സംരംഭകര്‍ക്ക് സ്‌കീം, പ്രവാസികള്‍ക്ക് പ്രവാസി മിത്ര, പുതിയ തലമുറക്കാവശ്യമായ വായ്പ സ്‌കീമുകളും, ക്ഷീര കര്‍ഷകര്‍ക്ക് വായ്പ പദ്ധതിയടക്കമുള്ളവയുണ്ട്.
നിഷ്‌ക്രിയ ആസ്തി തിരിച്ചു പിടിക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി (ഒടിഎസ്)യുണ്ട്.ഇതുവഴി പലിശയും, പിഴ പലിശയും ഒഴിവാക്കി കുടിശിക അടച്ചു തീര്‍ക്കാനാവും. 7000ത്തിലധികം ജീവനക്കാര്‍ അക്ഷീണം സ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ജീവനക്കാര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ നല്‍കി ആത്മ സംതൃപ്തിയോടുകൂടി ജോലി ചെയ്യാനുള്ള അവസരം ഒരുക്കുകയും കൂടുതല്‍ ജനങ്ങിലേക്ക് ബാങ്കിംഗ് സേവനമെത്തിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സഹകരണ മേഖലയില്‍ ഒന്നോ രണ്ടോ സ്ഥാപനങ്ങളില്‍ നടക്കുന്ന തെറ്റായ പ്രവണതകള്‍ പര്‍വ്വതീകരിച്ച് ഈ മേഖലയുടെ വിശ്വാസ്യത തകര്‍ക്കരുത്. സഹകരണ മേഖലയില്‍ ഒരു ക്രമക്കേടും നടക്കാത്ത വിധത്തിലുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസ്സ്‌ക്ലബ്ബ് പ്രസിഡണ്ട് ഇ.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.സജിത്ത് സ്വാഗതമാശംസിച്ചു.

 

 

സഹകരണ ബാങ്കുകളില്‍ കേരള ബാങ്ക്
ലോകത്ത് 7-ാം സ്ഥാനത്ത്; പി.മോഹനന്‍ മാസ്റ്റര്‍

Share

Leave a Reply

Your email address will not be published. Required fields are marked *