ഇറാനില്‍ നിലവിലുളള സര്‍ക്കാരിനെതിരെ ഉയരുന്ന ഭരണ വിരുദ്ധ വികാരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഇറാന്‍ ഭരണകൂടവും, ജനങ്ങളും തമ്മില്‍ ശക്തമായ സംഘര്‍ഷം നടക്കുന്ന ഘട്ടത്തില്‍ പ്രശ്‌നത്തിലപെടുമെന്നും, സൈനിക നടപടി എടുക്കുെന്നുമുള്ള ട്രംപിന്റെ മുന്നറിയിപ്പ് ആശങ്കയുണ്ടാക്കുന്നതാണ്. ഇറാനിലെ മതഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ അവിടെ വര്‍ഷങ്ങളായി ജനാധിപത്യ പ്രക്ഷോഭം വളര്‍ന്ന് വരികയായിരുന്നു. മനുഷ്യാവകാശപ്രവര്‍ത്തകരേയും, എഴുത്തുകാരെയും, സാമൂഹ്യ പ്രവര്‍ത്തകരെയും പിടികൂടി കണ്ണില്‍ചോരയില്ലാതെ ഇറാന്‍ ഭരണകൂടം കശാപ്പ് ചെയ്യുന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഇറാനിലെ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ അവിടത്തെ ജനങ്ങള്‍ക്കവകാശമുണ്ടെന്നത് പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണമാണ്. മതാധിഷ്ഠിത താല്‍പര്യങ്ങളില്‍ മുന്നോട്ട് പോകുന്ന രാജ്യങ്ങളില്‍ ജനങ്ങള്‍ ചെറുത്ത് നിന്ന ചരിത്രം ലോകത്തെല്ലായിടത്തുമുണ്ടായിട്ടുണ്ട്. ഭരണകൂടങ്ങളുടെ ഏകാധിപത്യത്തിനെതിരെ ജനാധിപത്യ വാദികള്‍ തെരുവിലിറങ്ങുന്നതും ശുഭ ലക്ഷണമാണ്.
ഇറാനില്‍ ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം ജനങ്ങള്‍ക്ക് നടത്താനുള്ള അവകാശം നിഷേധിക്കാനാവില്ല. അതിനെ ആയുധമുപയോഗിച്ച് അടിച്ചമര്‍ത്തുന്ന രീതിയും അംഗീകരിക്കാനാവില്ല. ഇറാന്‍ ഭരണകൂടവും, ഇറാനിലെ ജനാധിപത്യവാദികളും നടത്തുന്ന പ്രക്ഷോഭം അവര്‍ക്ക്തന്നെ വിടുകയാണ് നല്ലത്. ഏതാണ് ശരിയെന്ന് കാലം നിശ്ചയിക്കട്ടെ. എന്നാല്‍ ഇതിന്റെ മറവില്‍ രംഗത്തിറങ്ങി ഇടപെട്ട്, തങ്ങളുടെ താല്‍പ്പര്യം നടപ്പാക്കാന്‍ ശ്രമിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ നടപടി അംഗീകരിക്കാനാവില്ല. അമേരിക്ക, ഇതുപോലെ പല രാജ്യങ്ങളിലും കടന്ന് കയറി അക്രമം നടത്തി, ആ രാജ്യങ്ങളില്‍ തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഭരണകൂടങ്ങളെ സൃഷ്ടിക്കാന്‍ ശ്രമിച്ച ചരിത്രം നിരവധിയാണ്. ലോക പൊലീസ് ചമഞ്ഞുള്ള അമേരിക്കയുടെ കളി ലോകത്ത് അശാന്തി സൃഷ്ടിക്കുകയാണ്. ഇതിനെതിരെ ലോക രാജ്യങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. യുദ്ധമുറകളില്‍ കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് വെലിസ്വേലയുടെ പ്രസിഡണ്ടിനെയും, പത്‌നിയെയും തടവിലാക്കാന്‍ അമേരിക്ക സ്വീകരിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്. ഇത്തരം രീതിക്കെതിരെ ലോകരാജ്യങ്ങള്‍ ശബ്ദമുയര്‍ത്തണം. രണ്ടാം ട്രംപ് സര്‍ക്കാരിന്റെ നടപടികള്‍ ലോകത്ത് വ്യാപാര രംഗത്തിലടക്കം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ചെറുതല്ല. ഡൊണാള്‍ഡ് ട്രംപിന്റെ ഏകാധിപത്യപരവും, അക്രമോത്സുകവുമായ നീക്കങ്ങള്‍ക്കെതിരെ അമേരിക്കയിലെ ജനാധിപത്യവാദികള്‍ പ്രതികരിക്കുമെന്ന് പ്രത്യാശിക്കാം.
1979 മുതല്‍ അമേരിക്ക, ഇറാനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ഉപരോധം ഇപ്പോള്‍ ശക്തമായതാണ് ഇറാനിലെ ഭരണകൂട വികാരത്തിന്റെ അടിസ്ഥാനം. ഇസ്രയേല്‍, അമേരിക്കന്‍ പിന്തുണയോടെ ഗാസയില്‍ നടത്തിയ കൂട്ടക്കുരുതിയും, ഗാസ കൈയ്യടക്കാന്‍ നടത്തിയ ചെറുത്ത് നില്‍പ്പുമാണ് ഇറാനെതിരെ കടുത്ത നടപടിക്ക് അമേരിക്കയെ പ്രേരിപ്പിക്കുന്നത്. അമേരിക്കയുടെ താന്തോന്നിത്തത്തിനെതിരെ, അറബ് രാജ്യങ്ങള്‍ ഒരക്ഷരം മിണ്ടുന്നില്ല എന്നതും ന്യായീകരണമില്ലാത്ത വസ്തുതയാണ്. ഇറാനില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുണ്ട് എന്നതാണ് വസ്തുത. അവിടെ എതിര്‍ ശബ്ദങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികം മാത്രമാണ്. അമേരിക്ക നടത്തിയ ഉപരോധമാണ് ഇറാനിലെ സമ്പദ് വ്യവസ്ഥ താറുമാറാക്കിയത് എന്നത് പച്ച പരമാര്‍ത്ഥമാണ്. അമേരിക്കയുടെ ഭീഷണി എല്ലാ രാജ്യങ്ങളുടെ മുകളിലുമുണ്ട്. അറബ് രാജ്യങ്ങളടക്കം ഭയംമൂലമായിരിക്കാം അമേരിക്കയോട് മറുത്ത് പറയാത്തത്. ഇപ്പോഴുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഇറാന്‍ ഭരണകൂടം കിണഞ്ഞ് പരിശ്രമിച്ചുവെന്നതും വസ്തുതയാണ്.
ജനാധിപത്യ അവകാശങ്ങളെ അട്ടിമറിക്കാനുള്ള ഇറാന്‍ സര്‍ക്കാരിന്റെ നടപടികള്‍ പരാജയപ്പെടുകതന്നെ ചെയ്യും. ഒരു ഏകാധിപത്യ സര്‍ക്കാരിനും, ജനവികാരം അടിച്ചമര്‍ത്തി ഏറെകാലം മുന്നോട്ട് പോകാനാവില്ലെന്ന ചരിത്ര പാഠം നിരവധിയാണ്. അതുകൊണ്ട് മതാധിഷ്ഠിത ഇറാന്‍ ഭരണകൂടം ജനതാല്‍പര്യങ്ങള്‍ പരിഗണിച്ച് വിചിന്തനത്തിന് തയ്യാറാവുകയും, ഇറാന്‍, അമേരിക്ക സംഘര്‍ഷത്തില്‍ യു എന്‍ ഇടപെട്ട് പ്രശ്‌ന പരിഹാരമുണ്ടാക്കേണ്ടതാണ്. ഓരോ യുദ്ധങ്ങളിലും പൊലിയുന്നത് നിരപരാധികളും, നിഷ്‌കളങ്കരുമായ മനുഷ്യ ജീവനുകളാണ്.
