പി.ടി.നിസാര്‍
കോഴിക്കോട്: കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡണ്ടായിരുന്ന ഘട്ടത്തില്‍ വിഭാവനം ചെയ്ത ഡോ.എ.പി.ജെ.അബ്ദുല്‍കലാം കോ-ഓപ്പറേറ്റീവ് റിസര്‍ച്ച് സെന്റര്‍ കോഴിക്കോട് യാഥാര്‍ത്ഥ്യമാക്കണമെന്നും, കേരള ബാങ്ക് പ്രസിഡണ്ട് പി.മോഹനന് മാസ്റ്ററോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും മുന്‍ ജില്ലാ ബാങ്ക് പ്രസിഡണ്ടും പ്രമുഖ സഹകാരിയുമായ മനയത്ത് ചന്ദ്രന് പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. ഈ പദ്ധതിക്ക് എല്ലാ അംഗീകാരവും ലഭിച്ചതും , പ്രാഥമിക കാര്യങ്ങള്‍ നടന്നതുമായിരുന്നു. ജില്ലാ ബാങ്ക് ഭരണ സിമിതി ഇല്ലാതായതോടെയാണ് ഇത് യാഥാര്‍ത്ഥ്യമാവാതെ പോയത്. കേരള ബാങ്ക് പ്രസിഡണ്ടായിരുന്ന ഗോപി കോട്ടമുറിക്കലിനോട് ഇക്കാര്യം സംസാരിക്കുകയും പദ്ധതി യാഥാര്‍ത്ഥ്യമാക്കി പ്രാഥമിക സഹകരണ സംഘങ്ങളുടെ(പാക്സ്) പ്രവര്‍ത്തനം സംസ്ഥാന തലത്തില്‍ കേന്ദ്രീകരിക്കുന്ന ഓഫീസാക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവെച്ചിരുന്നു. ഡോ.എ.പി.ജെ.അബ്ദുല്‍കലാം കോ-ഓപ്പറേറ്റീവ് റിസര്‍ച്ച് സെന്ററിലൂടെ ഇന്ത്യയിലെ സഹകരണ മേഖലയില്‍ റിസര്‍ച്ച് സെന്റര്‍ കൊണ്ട് വരിക എന്നതായിരുന്നു. രാജ്യത്തൊരിടത്തും ഇത്തരത്തില്‍ ഒരു സ്ഥാപനമില്ല.
രാജ്യത്തെ സഹകരണ സ്ഥാപനങ്ങളുടെ പുരോഗതിക്കുതകുന്ന ഒരു മഹത്തായ സ്ഥാപനം ഇതുവഴി കോഴിക്കോട്ടുയരും. ജില്ലാ ബാങ്ക് ഭരണ സമിതി വിഭാവനം ചെയ്തത് ബാങ്ക് കെട്ടിടം നിലനില്‍ക്കുന്ന മുപ്പത്തിയേഴ് സെന്റ് സ്ഥലത്ത് 30 നില കെട്ടിടം നിര്‍മ്മിക്കലായിരുന്നു. ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കി രാജ്യത്തിലെയും, സംസ്ഥാനത്തെയും, കോഴിക്കോട്ടെയും ഒരു മഹത്തായ സ്ഥാപനം യാഥാര്ത്ഥ്യമാക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തുടര്‍ന്നും ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
