കൊല്ലം: ശബരിമല സ്വര്‍ണകൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടതി ജാമ്യം നിഷേധിച്ചു. ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണം അപഹരിച്ച രണ്ട് കേസുകളിലും പോറ്റിക്ക് കോടതി ജാമ്യം നല്‍കിയില്ല. റിമാന്‍ഡിലായിട്ട് 90 ദിവസം കഴിഞ്ഞെന്നും സ്വാഭാവിക നീതി അനുവദിക്കണമെന്നുമായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം. എന്നാല്‍ കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കെ പ്രധാന പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കസ്റ്റഡി അന്വേഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കു സാധ്യതയുണ്ടെന്നും പ്രത്യേക അന്വേഷണ സംഘത്തിനു (എസ്‌ഐടി) വേണ്ടി പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് വിജിലന്‍സ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് ജാമ്യം നിഷേധിച്ചത്.
ശബരിമല കേസുകളിലെ പ്രതികളായ കെ.എസ്. ബൈജു, എസ്. ശ്രീകുമാര്‍, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവരുടെ ജുഡീഷ്യല്‍ റിമാന്‍ഡ് കാലാവധി 28 വരെ ദീര്‍ഘിപ്പിച്ചു. നാലുപേരെയും നേരട്ട് എത്തിച്ചാണ് റിമാന്‍ഡ് ദീര്‍ഘിപ്പിച്ചത്.മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 16ന് വാദം തുടരും.
