തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ കുരുക്ക് മുറുക്കി എസ്ഐടി.ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളി കവര്‍ന്ന കേസിലും തന്ത്രി കണ്ഠരര് രാജീവരെ പ്രതി ചേര്‍ക്കാന്‍ വിജിലന്‍സ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നല്കി. കട്ടിളപ്പാളി കേസിലും, സ്വര്‍ണപ്പാളി ചെമ്പാക്കിയ മഹസറിലും ഒപ്പിട്ടതുവഴി ഗൂഢാലോചനയില്‍ തന്ത്രിക്ക് പങ്കുണ്ടെന്നും നേരത്തെ എസ് ഐ ടി കണ്ടെത്തിയിരുന്നു. ദ്വാരപാലക ശില്പങ്ങളില് പൊതിഞ്ഞ സ്വര്‍ണ്ണപ്പാളികള്‍ക്ക് തിളക്കം കുറഞ്ഞെന്നും അവ മാറ്റണമെന്നും നിര്‍ദ്ദേശിച്ചത് തന്ത്രിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനായി ‘അനുജ്ഞാ കലശം’ നടത്തിയതും ഇദ്ദേഹമാണ്.
അസി.കമ്മിഷണറുടെ അതേ ഉത്തരവാദിത്തങ്ങള്‍ വഹിക്കേണ്ട തന്ത്രി ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കാനും ബാധ്യസ്ഥനാണെന്നിരിക്കെ ഈ ഉത്തരവാദിത്തം മറന്നാണ് കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് പുറത്തേക്കു കൊണ്ടുപോകാന്‍ മൗനാനുവാദം നല്‍കിയതെന്നായിരുന്നു കണ്ടെത്തല്‍. ഇതിനുപിന്നാലെയാണ് ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളി കവര്‍ന്ന കേസിലും തന്ത്രിയെ പ്രതി ചേര്‍ത്തിരിക്കുന്നത്. ആദ്യ കേസിലെ തന്ത്രിയുടെ ജാമ്യാപേക്ഷ ജനുവരി 19ന് കോടതി പരിഗണിക്കും.
സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ.പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 27 വരെയാണ് ് നീട്ടിയത്. പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.
