തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടു കാലത്തെ സിപിഎം ബന്ധം അവസാനിപ്പിച്ച് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു.കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ലോക്ഭവനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരപ്പന്തലിലെത്തിയ ഐഷാ പോറ്റിയെ എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി എന്നിവര്‍ ചേര്‍ന്ന് ഷാള്‍ അണിയിച്ചു സ്വീകരിച്ചു.കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫില്‍നിന്ന് ഐഷാ പോറ്റി അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസ് കുടുംബത്തിലേക്ക് ഐഷാ പോറ്റിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്നു കഴിഞ്ഞ വര്‍ഷം ഐഷാ പോറ്റിയെ ഒഴിവാക്കിയിരുന്നു. പ്രതിപക്ഷ നേതാവുമായി നടത്തിയ ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ചു ധാരണയായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ ഐഷാ പോറ്റി മത്സരിക്കാനും സാധ്യതയുണ്ട്.
ഒരു പരിപാടിയിലും പങ്കെടുപ്പിക്കേണ്ടതില്ല എന്നുള്ള തീരുമാനം വന്നാല്‍ അവിടെനിന്ന് മാറുകയാണ് നല്ലത്. എല്ലാ മനുഷ്യര്‍ക്കും അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതിനുള്ള വ്യക്തിത്വം ഓരോ സ്ത്രീകള്‍ക്കും ഉണ്ട്. ആ രീതിയില്‍ പോകാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായാല്‍ പിന്നെ അതില്‍ നില്‍ക്കേണ്ടതില്ല. എല്ലാ കാര്യങ്ങളും നേതൃത്വത്തോട് പറഞ്ഞിരുന്നു. നമ്മളെ ആവശ്യമില്ല എന്ന തോന്നല്‍ വന്നാല്‍ മാറണം. ആരെയും കുറ്റപ്പെടുത്തുന്നില്ല.ഞാന്‍ എത്രയോ കാലം പ്രവര്‍ത്തിച്ച പ്രസ്ഥാനമാണ്. അതില്‍ ലക്ഷകണക്കിന് സ്നേഹമുള്ളവര് ഉണ്ട്. നേതൃനിരയിലെ ചിലരാണ് പ്രശ്നം.
കൊട്ടാരക്കരയില്‍ 3 തവണ ഐഷാ പോറ്റി എംഎല്‍എ ആയിരുന്നു.2006ല്‍ കരുത്തനായ ആര്.ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിയാണ് കൊട്ടാരക്കരയില്‍നിന്ന് ഐഷാ പോറ്റി ആദ്യം നിയമസഭയിലെത്തിയത്. 1977 മുതല്‍ മണ്ഡലത്തില്‍ സ്ഥിരമായി ജയിച്ചിരുന്ന ബാലകൃഷ്ണപിള്ളയുടെ പരാജയും കേരളരാഷ്ട്രീയത്തെ തന്നെ പിടിച്ചു കുലുക്കുന്നതായിരുന്നു. തുടര്‍ന്ന് 2011ലും 2016ലും കൊട്ടാരക്കര മണ്ഡലം അവര്‍ നിലനിര്‍ത്തി. 2021ല്‍ സീറ്റ് നിഷേധിക്കപ്പെട്ടു. കഴിഞ്ഞ തവണ കെ.എന്‍.ബാലഗോപാലിനെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചതോടെയാണ് നേതൃത്വത്തോട് ഐഷാ പോറ്റി നീരസം പ്രകടിപ്പിച്ചത്.
തുടര്‍ച്ചയായി രണ്ടു തവണ മത്സരിച്ചു ജയിച്ചവരെ മാറ്റി നിര്‍ത്താനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ഐഷാ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. 2016ല്‍ അവരെ സ്പീക്കറായി പരിഗണിക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. 2021ല്‍ തുടര്‍ഭരണകാലത്ത് വനിതാ കമ്മിഷന് ചെയര്‍പഴ്സന്‍ ആയി പരിഗണിക്കുമെന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും ഒഴിവാക്കി. നിലവില്‍ ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് സംസ്ഥാന ട്രഷററാണ്.
എംഎല്‍എ കാലാവധി കഴിഞ്ഞതിനു ശേഷം പാര്‍ട്ടി കമ്മിറ്റികളില്‍നിന്നും പൊതുപരിപാടികയില്നിന്നും അവര്‍ ഒഴിഞ്ഞുനിന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വര്‍ഷം സിപിഎം അവരെ ഏരിയാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയത്. പല പാര്‍ട്ടി പരിപാടികളിലേക്കും അവരെ ക്ഷണിക്കുക പോലും ചെയ്യാതെ വന്നതോടെ അതൃപ്തി വര്‍ധിച്ചു.
യുഡിഎഫിന്റെ കോട്ടയായിരുന്ന കൊട്ടാരക്കര മണ്ഡലത്തില്‍ വന്‍ സ്വാധീനമുള്ള ഐഷ പോറ്റി കോണ്‍ഗ്രസില്‍ എത്തുന്നത് യുഡിഎഫിന് ഗുണകരമാവുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.
സിപിഎം ബന്ധത്തിന് വിരാമമിട്ട് അഡ്വ.ഐഷാ പോറ്റി കോണ്‍ഗ്രസിലേക്ക്
