ന്യൂഡല്‍ഹി: സൈബര്‍ സുരക്ഷാ ആപ്പായ സഞ്ചാര്‍ സാഥി പുതിയ ഫോണുകളില്‍ ആവശ്യമുളളവര്‍ക്ക് ഉപയോഗിക്കാമെന്ന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.നിര്‍ബന്ധമെന്ന കേന്ദ്രസര്‍ക്കാരിന്റെ വിവാദ നിര്‍ദേശത്തില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ നിര്‍ദേശമെന്നും ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാനാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ഈ ആപ്പ് ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ അത് ഇല്ലാതാക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. നിങ്ങളുടെ ഫോണില്‍ ഇത് സൂക്ഷിക്കണമെങ്കില്‍ അത് സൂക്ഷിക്കുക. നിങ്ങള്‍ക്ക് ഇത് ഇല്ലാതാക്കണമെങ്കില്‍ അതും ചെയ്യാം.
ഇത് ഉപഭോക്തൃ സംരക്ഷണത്തിന്റെ കാര്യമാണ്. എന്നാല്‍ നിര്‍ബന്ധമൊന്നുമില്ല. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, ചെയ്യരുത്. അത് നിശ്ചലമായി തുടരും.എന്നാല്‍ രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും തട്ടിപ്പില്‍ നിന്ന് സംരക്ഷണം നല്കുന്ന ഒരു ആപ്പ് ഉള്ള കാര്യം അറിയില്ല. അതിനാല്‍ വിവരങ്ങള്‍ പ്രചരിപ്പിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.
എല്ലാ പുതിയ ഫോണുകളിലും കേന്ദ്രസര്‍ക്കാരിന്റെ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കാന്‍ ഫോണ്‍ നിര്‍മ്മാതാക്കളോട് കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നത്. സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനം എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം.
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും രംഗത്തുവന്നു.ഇത് പൗരന്മാരുടെ സ്വകാര്യതയ്ക്ക് മേലുള്ള ഗൗരവതരമായ കടന്നുകയറ്റമാണെന്ന് ഇരുപാര്‍ട്ടികളും ആരോപിച്ചു. ആത്യന്തികമായി കേന്ദ്രത്തിന്റെ ഈ നടപടിയിലൂടെ ബിഗ് ബ്രദര്‍ക്ക് നാട്ടിലെ ജനങ്ങളുടെ ഫോണ്‍ കാണാനും കേള്‍ക്കാനും അവസരം ഒരുക്കിയിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. സുപ്രീംകോടതി തന്നെ നിഷ്കര്‍ഷിച്ച സ്വകാര്യത തത്വങ്ങള്‍ക്ക് പൂര്‍ണമായി കടക വിരുദ്ധമാണിത്. ഇത് അടിയന്തരമായി പിന്‍വലിക്കണം. പൗരന്റെ സ്വകാര്യതയ്ക്ക് നേരെയുള്ള കടന്നാക്രമണമാണിതെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
പൗരന്മാരെ രഹസ്യമായി നിരീക്ഷിക്കാനുള്ള നീക്കമാണിതെന്ന് സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് എംപിയും ആരോപിച്ചു. ജനാധിപത്യത്തിന്റെ മാതാവ് എന്ന് ഒരുവഴിക്ക് വിശേഷിപ്പിക്കുകയും പൗരന്മാരുടെ സ്വകാര്യതയിലേക്ക് ഇങ്ങനെ കടന്നുകയറുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. സഞ്ചാര്‍ സാഥി അപകടകരമായ ഒരു ഉപാധിയാണ്. സര്‍ക്കാര്‍ കൊണ്ടുവന്ന രീതി നിര്‍ബന്ധമാണ് എന്നാണ്. വിദേശത്ത് നിന്ന് ഒരാള്‍ ഒരു ഫോണ്‍ കൊണ്ടുവരുന്നുണ്ടെങ്കില്‍ അവരും ഇന്‍സ്റ്റാള്‍ ചെയ്യണം. 120 കോടിയോളം വരുന്ന ഫോണുകളില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നതാണ്. ഒരു കാരണവശാലും ഈ ആപ്പ് നീക്കം ചെയ്യാനും പാടില്ല. ഇത് ലംഘിക്കുകയാണെങ്കില്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് ഇവിടെ പ്രവര്‍ത്തിക്കാനും സാധിക്കില്ല. ഇന്ത്യയെ ഒരു നിരീക്ഷണ രാഷ്ട്രമാക്കി മാറ്റുകയാണ്. സര്‍ക്കാരിന് നിരീക്ഷിക്കാനുള്ള ഒരു രാഷ്ട്രമാക്കി മാറ്റുകയാണെന്നും ജോണ്‍ ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.
