കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ശതാബ്ദി സന്ദേശയാത്ര
സംഘടിപ്പിക്കുന്നു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ 19 മുതല്‍ 28 വരെ കന്യാകുമാരി മുതല്‍ മംഗലാപുരം വരെയാണ് സന്ദേശയാത്ര നടത്തുന്നത്. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കള്‍ യാത്രയെ അനുഗമിക്കും. നൂറാംവാര്‍ഷികത്തോടനുബന്ധിച്ച് വൈവിധ്യമായ നിരവധി പദ്ധതികളാണ് സമസ്ത ലക്ഷ്യമിടുന്നതെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ തമിഴ്നാട്ടിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട് വിദ്യാഭ്യാസ പദ്ധതി, സമസ്തയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ മോഡല്‍ കാംപസായി സമസ്ത സെന്റിനറി എജ്യുസിറ്റി, അത്യാധുനിക സൗകര്യങ്ങളോടെയുള്ള റീഹാബിലിറ്റേഷന്‍ സെന്റര്‍, ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ സംഘടനയ്ക്ക് ആസ്ഥാന മന്ദിരങ്ങളും ഹോസ്റ്റല്‍ സൗകര്യവും, ഇന്റര്‍നാഷനല്‍ ഹെറിറ്റേജ് മ്യൂസിയം, ഇ-ലേണിങ് വില്ലേജ്, മെഡിക്കല്‍ കെയര്‍ സെന്റര്‍, ശാരീരിക പരിമിതി നേരിടുന്ന കുട്ടികള്‍ക്കുള്ള സ്പെഷല്‍ സ്‌കൂള്‍, ഹയര്‍ എജ്യുക്കേഷന്‍ സ്‌കോളര്‍ഷിപ്പ്, സമസ്ത പബ്ലിഷിങ് പ്രൊജക്ട് തുടങ്ങി നിര്‍മാണാത്മകമായ പദ്ധതികളാണ് നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സമസ്ത വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, സമസ്ത അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരും സംബന്ധിച്ചു.
സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനം ;
ശതാബ്ദി സന്ദേശയാത്രയ്ക്ക് 19 ന് തുടക്കമാവും
