കോഴിക്കോട്: ജീവിതത്തോടുള്ള പോരാട്ടമാണ് കോഴിക്കോട് പന്തീരങ്കാവ് മലയങ്കണ്ടി എം.കെ അനീഷ് കുമാറിന്റെത്. ജീവിത പ്രതിസന്ധി കാരണം പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു. ദീര്‍ഘകാലം മത്സ്യമാര്‍ക്കറ്റില്‍ ജോലി ചെയ്തു. വെല്ലുവിളികളെ അതിജീവിച്ച അനീഷ് കുമാര്‍ ഇപ്പോള്‍ ശീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ എം എ മലയാളത്തിനു പഠിക്കുകയാണ്. യൂണിവേഴ്‌സിറ്റി സംസ്ഥാന കലോത്സവത്തില്‍ വയലാറിന്റെ അശ്വമേധം കവിത ചൊല്ലി അനീഷ് കുമാര്‍ ആസ്വാദക ഹൃദയം കവര്‍ന്നു.
1990 കളിലാണ് ജീവിത പ്രാരാബ്ധം കാരണം ഈ ചെറുപ്പക്കാരന്‍ പി ഡി സി പഠനം ഉപേക്ഷിച്ചത്. കുട്ടിക്കാലത്തുതന്നെ ജോലിക്കു പോയി. കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പതിമൂന്നു വര്‍ഷം മത്സ്യത്തൊഴിലാളിയായി ജീവിതം. പിന്നീട് പെയിന്റിംഗ് മേഖലയിലേക്ക്. 2017 ല്‍ ഫറോക്ക് സര്‍വീസ് സഹകരണ ബാങ്കില്‍ ജോലി ലഭിച്ചതോടെയാണ് ജീവിതം പച്ചപിടിച്ചതും പഠനം തുടരണമെന്ന മോഹമുദിച്ചതും . 2019 ല്‍ പ്രൈവറ്റായി പ്ലസ്ടു പരീക്ഷയെഴുതി പാസായി. പിന്നെ ബിരുദം നേടി. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കോഴിക്കോട് കേന്ദ്രത്തിലാണ് ഇപ്പോള്‍ പഠനം. വയലാര്‍, സച്ചിതാനന്ദന്‍, മുരുകന്‍ കാട്ടാക്കട എന്നിവരാണ് ഇഷ്ട കവികളെന്ന് എം.കെ. അനീഷ് കുമാര്‍ പറയുന്നു. കലോത്സവത്തില്‍ പ്രസംഗം, മോണോ ആക്ട്, എന്നീ ഇനങ്ങളിലും അദ്ദേഹം മാറ്റുരയ്ക്കുന്നുണ്ട്. ഭാര്യ: ലക്ഷ്മി. മക്കള്‍: അലീന, അലന്‍.
