പാറ്റകളുടെ ശല്യം ഇനിയുണ്ടാകില്ല! ഇങ്ങനെ ചെയ്താല്‍ മതി
എത്ര വൃത്തിയാക്കിയിട്ട വീട്ടിലും നുഴഞ്ഞുകയറി, മുട്ടയിട്ടുപെരുകി സമാധാനം കളയാന്‍ ഒരുപറ്റം പാറ്റകള്‍ മാത്രം മതി. പാറ്റകള്‍ കയറിയിറങ്ങിയ പാത്രങ്ങളും വീട്ടുസാധനങ്ങളും ഉപയോഗിക്കുന്നതിലൂടെ പലവിധ രോഗങ്ങളും പിടിപെടാം. ശ്രദ്ധിക്കപ്പെടാത്ത പലയിടങ്ങളിലും മറഞ്ഞിരിക്കുന്നതുകൊണ്ട് പാറ്റകളെ തുരത്തുന്നതും അത്ര എളുപ്പമല്ല. പാറ്റകള്‍ വീട്ടില്‍ കയറി കൂടുന്നില്ലെന്നും അഥവാ ഏതെങ്കിലും തരത്തില്‍ വീട്ടില്‍ ഇടംപിടിച്ചവയെ തുരത്താനും ചില മാര്‍ഗങ്ങള്‍ നോക്കാം.
* പതിവ് വൃത്തിയാക്കലില്‍ അല്പം ശ്രദ്ധ ചെലുത്തിയാല്‍ പാറ്റകളെ തടയാനാവും. അടുക്കള, ബാത്റൂം ബുക് ഷെല്‍ഫുകള്‍ എന്നിവിടങ്ങള്‍ അടുക്കി ഒതുക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക. മാലിന്യങ്ങള്‍ വീടിനുള്ളില്‍ സൂക്ഷിക്കരുത്. രാത്രികാലങ്ങളില്‍ കഴുകാത്ത പാത്രങ്ങള്‍ സിങ്കിനുള്ളില്‍ കൂട്ടിയിടരുത്.
* പാറ്റകള്‍ പതിവായി ഇടം പിടിക്കുന്ന സ്ഥലങ്ങളില്‍ രൂക്ഷഗന്ധമുള്ള ലോഷനുകള്‍ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുക. ഭക്ഷണം തേടിയെത്തുന്ന പാറ്റകള്‍ ഈ ഗന്ധം സഹിക്കാനാവാതെ അകന്നുനില്ക്കും.
* നനവും ഈര്‍പ്പവും പരമാവധി ഒഴിവാക്കുക. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പായി അടുക്കളയില്‍ പാത്രങ്ങള്‍ വയ്ക്കുന്ന ഭാഗവും കൗണ്ടര്‍ ടോപ്പും സിങ്കും എല്ലാം ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. തറ തുടച്ചു വൃത്തിയാക്കിയ ശേഷവും നനവോ ഈര്‍പ്പമോ അവശേഷിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം.
* ചെറു ചൂടുവെള്ളത്തില്‍ അല്പം വെളുത്ത വിനാഗിരി കലര്‍ത്തി ലായനി തയാറാക്കാം. അടുക്കളയിലെ കൗണ്ടര്‍ടോപ്പുകളും മറ്റും ഈ മിശ്രിതം ഉപയോഗിച്ച് തുടയ്ക്കുക. സിങ്കിലെ ഡ്രെയിനിലും ഇത് ഒഴിച്ചു കൊടുക്കാം. ഡ്രെയിനിന്റെ ഉള്‍ഭാഗം അണുവിമുക്തമാവുകയും പാറ്റ ശല്യം ഒഴിവാക്കാനും ഇത് ഉപകരിക്കും.
* ഒരു നാരങ്ങയുടെ നീര്, രണ്ടു ടേബിള്‍ സ്പൂണ്‍ ബേക്കിങ് സോഡ എന്നിവ ഒരു ലിറ്റര്‍ ചൂടുവെള്ളത്തില്‍ കലര്‍ത്തി സിങ്കിന്റെ അടിഭാഗവും മുക്കും മൂലയും തുടക്കാന്‍ ഉപയോഗിക്കാം. സിങ്കിലെയും ബാത്റൂമിലെയും ഡ്രെയിനിനുള്ളിലും ഈ വെള്ളം ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇത്തരം ശ്രദ്ധയെത്താത്ത ഇടുങ്ങിയ ഇടങ്ങളില്‍ പാറ്റകള്‍ കടന്നുകൂടുന്നില്ലെന്ന് ഇതിലൂടെ ഉറപ്പുവരുത്താം. ഇതിനുപുറമേ മൂലകളിലും ഇടുങ്ങിയ സ്ഥലങ്ങളിലും നാരങ്ങാനീര് നേരിട്ട് സ്പ്രേ ചെയ്യുന്നതും ഗുണം ചെയ്യും.
* കര്‍പ്പൂരതുളസി, യൂക്കാലി, ലാവണ്ടര്‍, ടീ ട്രീ തുടങ്ങിയ ആവശ്യ എണ്ണകളും പാറ്റകളെ തുരത്താന്‍ ഫലപ്രദമാണ്. ഒരു സ്പ്രേ ബോട്ടിലില്‍ വെള്ളം എടുത്ത് ഇവയില്‍ ഏതെങ്കിലും ഒരു അവശ്യ എണ്ണയുടെ ഏതാനും തുള്ളികള്‍ കലര്‍ത്തി മിശ്രിതം തയ്യാറാക്കാം. അടുക്കളയിലും വേസ്റ്റ് ബിന്നിന് അരികിലും ഒക്കെ ഈ മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കാം. പതിവായി ഇങ്ങനെ ചെയ്യുന്നത് പാറ്റകളെ തുരത്താന്‍ സഹായിക്കും.
* കുരുമുളക്, ഉള്ളി, വെളുത്തുള്ളി എന്നിവ ഒരുമിച്ച് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഇവയില്‍ നിന്നും അല്പാല്പമായി എടുത്ത് സിങ്കിലും അടുക്കള ഉപകരണങ്ങളുടെ പിന്നിലും മൂലകളിലും തേച്ചുവയ്ക്കാം. അല്ലെങ്കില്‍ ഇവയെല്ലാം വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം ഈ വെള്ളം സ്പ്രേ ബോട്ടിലില്‍ നിറച്ച് പാറ്റകള്‍ കൂടുതലായുള്ള ഭാഗത്ത് സ്പ്രേ ചെയ്തു കൊടുത്താലും മതിയാകും.
* പാറ്റകളെ നേരിടാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ബോറിക് ആസിഡിന്റെ ഉപയോഗം. ബോറിക് ആസിഡ് വീടിനു ചുറ്റും തളിച്ചു കൊടുക്കാം. ബോറിക് ആസിഡ് പൗഡര്‍ ചെറിയ അളവില്‍ മൂലകളില്‍ വിതറുകയും ചെയ്യാം. ഈ സ്ഥലങ്ങളിലേക്ക് പിന്നീട് പാറ്റകള്‍ വരില്ല. എന്നാല്‍ കുട്ടികളും വളര്‍ത്തുമൃഗങ്ങളുമുള്ള വീടുകളില്‍ സൂക്ഷിച്ചു വേണം ബോറിക് ആസിഡ് ഉപയോഗിക്കാന്‍.
