ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 408 റണ്‍സ് തോല്‍വി. അഞ്ചാം ദിനത്തില്‍ ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ 140 റണ്‍സില്‍ ഓള് ഔട്ടായി മടങ്ങി. രവീന്ദ്ര ജഡേജ നേടിയ അര്‍ദ്ധ സെഞ്ച്വറി മാത്രമാണ് ഇന്ത്യന്‍ നിരയിലെ ഏക ആശ്വാസം. ദക്ഷിണാഫ്രിക്കക്കായി സൈമണ്‍ ഹാര്‍മര്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി. സ്വന്തം മണ്ണില്‍ ഇന്ത്യ ഏറ്റുവാങ്ങുന്ന ടെസ്റ്റിലെ ഏറ്റവും വലിയ തോല്‍വിയാണിത്. ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്നത് രണ്ടര പതിറ്റാണ്ടിന് ശേഷം.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അഞ്ചാം ദിനം ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യക്ക് 50 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അടുത്ത രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. കുല്‍ദീപ് യാദവിനെയും ദ്രുവ് ജ്യുറേലിനെയും സൈമണ്‍ ഹാര്‍മര്‍ മടക്കി അയച്ചു. പിന്നാലെ വന്ന റിഷഭ് പന്തും വൈകാതെ തിരികെ പോയി. സെനുരന്‍ മുത്തുസാമി സായി സുദര്ശന് മടക്കിയയക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റു നഷ്ടത്തില്‍ 96 റണ്‍സ് എന്ന നിലയിലായിരുന്നു. ഒരു ഭാഗത്ത് രവീന്ദ്ര ജഡേജ പിടിച്ച് നില്ക്കാന് ശ്രമിച്ചെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ നഷ്ടമായികൊണ്ടിരുന്നു. 61ാം ഓവറില്‍ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡില്‍ 130 റണ്‍സായിരുന്നു. പിന്നീടുള്ള പത്ത് റണ്‍സ് എടുക്കുന്നതിനിടെ ബാക്കിയുള്ള മൂന്ന് വിക്കറ്റുകളും നഷ്ടമായി. കേശവ് മഹാരാജാണ് സിറാജിനെ പുറത്താക്കി ഇന്ത്യയുടെ അവസാന വിക്കറ്റും വീഴ്ത്തിയത്.
സ്വന്തം മണ്ണിലെ ദാരുണമായ തോല്‍വിയോടെ ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു. ടെസ്റ്റ് പരമ്പര നഷ്ടവുമായ ഇന്ത്യക്ക് ഇനിയുള്ളത് ദക്ഷിണാഫ്രിക്കയുമായുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ്. നവംബര്‍ 30 ഞായറാഴ്ച റാഞ്ചിയിലാണ് പരമ്പരയിലെ ആദ്യ മത്സരം.
