കൊച്ചി :രോഗികള്‍ക്ക് രേഖകളോ പണമോ ഇല്ലെന്നതിന്റെ പേരില്‍ ആശുപത്രികള്‍ ജീവന് രക്ഷിക്കുന്നതിന് സഹായകമായ പ്രാഥമിക ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി. തുടര്‍ ചികിത്സ വേണമെങ്കില്‍ മെച്ചപ്പെട്ട ചികിത്സ സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റണം.ഇതിന്റെ ഉത്തരവാദിത്തം ആദ്യമെത്തിക്കുന്ന ആശുപത്രി ഉറപ്പാക്കണം. രോഗികള്‍ക്ക് കൃത്യമായ രേഖകള്‍ നല്‍കണമെന്നും ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധര്‍മാധികാരിയും വി.എം.ശ്യാംകുമാറും അടങ്ങിയ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ആശുപത്രികള്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ വ്യവസ്ഥകള്‍ പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ഒരു രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഡിസ്ചാര്‍ജ് സമ്മറിക്കൊപ്പം ഇസിജി, എക്സ്റേ, സിടി സ്കാന്‍ ഉള്‍പ്പെടെ എല്ലാ റിപ്പോര്‍ട്ടുകളും രേഖകളും രോഗിക്കു കൈമാറണം. എല്ലാ ആശുപത്രികളിലും റിസപ്ഷന്/അഡ്മിഷന് ഡെസ്ക്, ഔദ്യോഗിക വെബ്സൈറ്റ് എന്നിവയില്‍ മലയാളത്തിലും ഇംഗ്ലിഷിലും സേവനങ്ങള്‍ ഉണ്ടായിരിക്കണം. സാധാരണയുള്ള ചികിത്സ, പാക്കേജ് എന്നിവയുടെ അടിസ്ഥാന നിരക്കും പ്രദര്‍ശിപ്പിക്കണം. അപ്രതീക്ഷിതമായുണ്ടാകുന്ന സങ്കീര്‍ണതകള്‍, നടപടി ക്രമങ്ങള്‍ എന്നിവ വേര്‍തിരിച്ചുണ്ടാകുമെന്ന് ഇതോടൊപ്പം അറിയിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
രോഗികള്‍ക്ക് കൃത്യമായ രേഖകള്‍ നല്‍കണം, ചികിത്സ നിഷേധിക്കരുത്; ആശുപത്രികള്‍ക്ക് താക്കീതുമായി ഹൈക്കോടതി
