ഇന്ത്യയയെന്ന മഹാരാജ്യത്തെ സിനിമാ പ്രേമികളുടെ മനം കവരുകയും, അതിലേറെ കീഴടക്കുകയും ചെയ്ത ഇതിഹാസ നടന്‍ ബോളിവുഡിലെ ഹീറോമാന്‍, ഷോലയിലെ വീരു വിടവാങ്ങിയിരിക്കുന്നു. തന്റെ മരണ സമയം പോലും ക്യാമറയ്ക്ക് മുന്നിലാവണമെന്നാശിക്കുകയും, അഭിനയത്തോട് അടങ്ങാത്ത അഭിനിവേശം പുലര്‍ത്തുകയും ചെയ്ത മഹാനടനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. 1975ല്‍ ഇന്ത്യന്‍ സിനിമ മാറോട് ചേര്‍ത്താനന്ദിച്ച ഷോലെ സിനിമയിലെ വീരുവിനെ മറക്കാന്‍ ആര്‍ക്ക് സാധിക്കും. അമിതാഭ് ബച്ചനും, സഞ്ജീവ് കുമാറും തകര്‍ത്തഭിനയിച്ച ഷോലെയിലെ നായകന്‍ ധര്‍മ്മേന്ദ്രനായിരുന്നു.
പഞ്ചാബിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് ധര്‍മ്മേന്ദ്ര ബോളിവുഡിലെത്തുന്നത്. സിനിമ നിഷിദ്ധമായിരുന്ന ഒരു കുടുംബത്തില്‍ പിറന്ന ധരംസിംങ് ദിയോള്‍ എന്ന യുവാവ് തന്റെ സിനിമയോടുള്ള അടക്കാനാവാത്ത അഭിനിവേശം മൂലമാണ് ബോളിവുഡിലെത്തുന്നത്. ആരംഭകാലത്ത് ഭക്ഷണം കഴിക്കാന്‍പോലും കഴിയാതെ പട്ടിണി കിടക്കേണ്ടി വന്ന അനുഭവങ്ങള്‍ അദ്ദേഹം പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്.
ഇന്ത്യയുടെ ഇതിഹാസ ഗായകന്‍ മുഹമ്മദ് റഫി തന്നെയാണ് ധര്‍മ്മേന്ദ്രയുടേയും പ്രിയ ഗായകന്‍. ബാല്യകാലത്ത് റഫി സാബ് തനിക്ക് വേണ്ടി പാടുന്നത് സ്വപ്‌നം കണ്ടു നടന്ന കാലത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് ധര്‍മ്മേന്ദ്ര പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹം ബാല്യത്തില്‍ കണ്ട ആ സ്വപ്‌നം ആദ്യ ചിത്രങ്ങളിലൊന്നായ ശോല ഔര്‍ ശബ്‌നത്തില്‍ തന്നെ സഫലമാകുകയുണ്ടായി. റഫി, പില്‍ക്കാലത്ത് ധര്‍മ്മേന്ദ്രക്കായി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ പാടുകയുണ്ടായി. പ്രണയ നായകനായും, ഹീറോയായും ഒരുപോലെ തിളങ്ങിയ അതുല്ല്യ നടനായിരുന്നു ധര്‍മ്മേന്ദ്ര.
സത്യസന്ധനായ വ്യക്തിത്വമായിരുന്നു അദ്ദേഹം. തുറന്നിടപെടുന്നതും, ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നതുമായിരുന്നു അദ്ദേഹത്തിന്റെ രീതി. മികച്ച നടനെന്നതുപോലെ സിനിമാ നിര്‍മ്മാണത്തിലും അദ്ദേഹം കൈയ്യൊപ്പു ചാര്‍ത്തി. മുന്നൂറിലേറെ സിനിമകളിലാണ് അദ്ദേഹം വേഷമിട്ടത്.
ബിജെപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ ധരംജി രാജസ്ഥാനില്‍ നിന്ന് പാര്‍ലമെന്റംഗമായി. അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ തുടര്‍ന്നില്ല. സിനിമ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ലോകം.
ധര്‍മ്മേന്ദ്രയുടെ വിയോഗം ഇന്ത്യന്‍ സിനിമയ്ക്ക് താങ്ങാനാവാത്തതാണ്. ആറു പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതമാണ് മറയുന്നത്. ആ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ അനശ്വരമായി നിലനില്‍ക്കും. സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടിമുഴക്കമായി പ്രണയ സാഗരത്തിലാറാടിക്കുന്ന സുന്ദര കാമുകനായി ധര്‍മ്മേന്ദ്ര അനശ്വരനായി ജീവിക്കും.
