അയ്യപ്പന്റെ ഒരുതരി പൊന്നുപോലും നഷ്ടമാകില്ല: എം.വി ഗോവിന്ദന്‍
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പത്മകുമാറിനെതിരെ സിപിഎം നടപടി ഉടനെയുണ്ടാകില്ല. പത്മകുമാറിനെതിരെ നടപടിയെടുക്കുന്നതു സംബന്ധിച്ച് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.
അയ്യപ്പന്റെ ഒരു തരി പൊന്നുപോലും നഷ്ടമാകില്ലെന്നും സിപിഎമ്മില്‍ ആര്‍ക്കെങ്കിലും പങ്ക് ഉണ്ടെങ്കില്‍ പാര്‍ട്ടി നടപടിയുണ്ടാകുമെന്നും എന്നാല്‍ ഇന്ന് നടന്നത് തെരഞ്ഞെടുപ്പ് കമ്മിറ്റി ആയതിനാലാണ് പത്മകുമാര്‍ വിഷയം ചര്‍ച്ചയാവാതിരുന്നതെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
എന്‍.വാസുവിനും എ.പത്മകുമാറിനുമെതിരെ നടപടിയുണ്ടാകുമെന്നും പാര്‍ട്ടി വിശ്വസിച്ച് എല്‍പ്പിച്ചവര്‍ പാര്‍ട്ടിയോട് നീതി പുലര്‍ത്തിയില്ലെന്നും എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചു. കുറ്റപത്രം സമര്‍പ്പിച്ച ശേഷം ശക്തമായ നടപടിയുണ്ടാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരും പരാതി നല്‍കാത്തതുകൊണ്ടാണ് ജയിലിലാകാത്തത്. പല ഓഡിയോകളും പുറത്തുവന്നിട്ടും പ്രതിപക്ഷം തള്ളി പറയാത്തത് സംരക്ഷണമാണെന്നും കോണ്‍ഗ്രസ് എല്ലാവരെയും സംരക്ഷിക്കുകയാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. പരാതിയുമായി ആരെങ്കിലും വന്നാല്‍ രാഹുല്‍ ജയിലിലാകുമെന്നും അദ്ദേഹം പറഞ്ഞു.
