കോഴിക്കോട്: സതേണ്‍ ഡെയറി ഫുഡ് കോണ്‍ക്ലേവ് (എസ് ഡി എഫ് സി)ജനുവരി 8, 9, 10 തിയതികളില്‍ കോഴിക്കോട്ട് നടക്കും. കാലിക്കറ്റ് ട്രേഡ് സെന്ററില്‍ (വര്‍ഗ്ഗീസ് കുര്യന് നഗര്‍) നടക്കുന്ന കോണ്‍ക്ലേവിന്റെ പ്രമേയം ആഗോള ആരോഗ്യത്തിനായി ക്ഷീര – ഭക്ഷ്യ സംവിധാനങ്ങളെ പരിവര്‍ത്തനം ചെയ്യുക എന്നതാണ്. ഇന്ത്യന്‍ ഡെയറി അസോസിയേഷന് (സൗത്ത് സോണ്‍, കേരള ചാപ്റ്റര്‍) മില്‍മ, കേരള വെറ്റിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി, ക്ഷീര വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. മില്‍മയാണ് മുഖ്യ സ്പോണ്സര്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നയരൂപ കര്‍ത്താക്കള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, സാങ്കേതിക വിദഗ്ധര്‍, ഗവേഷകര്‍, സംരംഭകര്‍ എന്നിവര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. ജനുവരി 9ന് കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, തെലുങ്കാന, ആന്ധ്ര തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ 5 മന്ത്രിമാര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. ആയിരം പ്രതിനിധികള്‍, ആയിരത്തി ഇരുനൂര് ക്ഷീര കര്‍ഷകര്‍ എന്നിവര്‍ കോണ്‍ക്ലേവില്‍ സംബന്ധിക്കും. മില്‍മ, ഡോഡ്ല ഡെയറി, ഹെറിറ്റേജ് ഫുഡ്സ് ലിമിറ്റഡ്, ക്രീംലൈന്‍ ഡെയറി പ്രൊഡക്ട്സ് ലിമിറ്റഡ്, മില്‍ക്കി മിസ്റ്റ് ഡെയറി ഫുഡ് ലിമിറ്റഡ്, കര്‍ണ്ണാടക മില്‍ക്ക് ഫെഡറേഷന്(കെ എം എഫ്), ആവിന്, സംഘം ഡെയറി തുടങ്ങിയ ദക്ഷിണേന്ത്യയിലെ പ്രമുഖ ഡെയറി കമ്പനികളും ഫുഡ് മാനുഫാക്ചേഴ്സും കോണ്‍ക്ലേവില്‍ പങ്കാളികളാകും. 150 സ്റ്റാളുകളോടെയുള്ള വിപുലമായ എക്സിബിഷനാണ് കോണ്‍ക്ലേവിനോടനുബന്ധിച്ച് ഒരുക്കുന്നത്. എസ് ഡി എഫ് സി 2026ന്റെ ലോഗോ പ്രകാശനം മില്‍മ ചെയര്മാന് കെ.എസ് മണിക്ക് നല്‍കികൊണ്ട് ഐ ഡി എ കേരള ചാപ്റ്റര്‍ ചെയര്മാന് എസ്.എന്‍ രാജ്കുമാര് നിര്‍വ്വഹിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ മില്‍മ ചെയര്മാന് കെ.എസ്.മണി, എസ്.എന്‍ രാജ്കുമാര്, മില്‍മ മാനേജിംങ് ഡയറക്ടര്‍ കെ.സി.ജെയിംസ്, ഡോ.പി.ഐ ഗീവര്‍ഗ്ഗീസ്, ഐ.എസ്.അനില്‍കുമാര്‍ എന്നിവരും സംബന്ധിച്ചു.
