തൊഴിലും തൊഴിലാളികളെയും കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വച്ചു: ആര്‍. ചന്ദ്രശേഖരന്‍

തൊഴിലും തൊഴിലാളികളെയും കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വച്ചു: ആര്‍. ചന്ദ്രശേഖരന്‍

കൊല്ലം: രാജ്യത്തെ പൊതുസ്ഥാപനങ്ങളെല്ലാം കോര്‍പ്പറേറ്റുകള്‍ക്കു വിറ്റുതുലച്ച്, തൊഴിലാളികളെ വഴിയാധാരമാക്കുകയാണ് പുതിയ ലേബര്‍ കോഡുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ കുറ്റപ്പെടുത്തി. പൊതു മേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരും വാങ്ങിക്കൂട്ടാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള വന്‍കിട കോര്‍പ്പറേറ്റുകളും തയ്യാറായതോടെ, സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ വിവിധ ട്രേഡ് യൂണിയനുകള്‍ കാലാകാലങ്ങളായി പോരാടി നേടിയ തൊഴില്‍ നിയമങ്ങളെല്ലാം ഇല്ലാതാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യവസായ തൊഴില്‍ മേഖലകളില്‍ വിഭവസമാഹാരണവും വിനിയോഗവും ആസൂത്രിതമായി ചെയ്യേണ്ട കാര്യങ്ങളാണ്. മുതല്‍മുടക്കുന്ന തൊഴിലുടമയും അടിസ്ഥാന സൗകര്യമൊരുക്കുന്ന സര്‍ക്കാരും തൊഴിലെടുക്കുന്ന തൊഴിലിളികളും ഒന്നിച്ചു മുന്നോട്ടു പോകുന്ന ത്രികക്ഷി തൊഴില്‍ സംസ്‌കാരമാണ് ഇതുവരെ ഇന്ത്യ നടപ്പാക്കിയിരുന്നത്. എന്നാല്‍ നെഹ്‌റൂവിയന്‍ സങ്കല്‍പത്തിലുള്ള ഈ തൊഴില്‍ സംസ്‌കാരം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അട്ടിമറിച്ചതായും ചന്ദ്രശേഖരന്‍ കുറ്റപ്പെടുത്തി.

പേയ്‌മെന്റ് ഓഫ് വേജസ് ആക്റ്റ്, പേയ്‌മെന്റ് ഓഫ് മിനിമം വേജസ് ആക്റ്റ്, ബോണസ് ആക്റ്റ്, ഈക്വല്‍ റെമ്യൂണറേഷന്‍ ആക്റ്റ് എന്നിവ ഇല്ലാതാക്കിയാണ് ലേബര്‍ കോഡുകള്‍ നടപ്പാക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയത്. ഇതു നിലവിലുള്ള തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും തൊഴിലാളികളെ വഴിയാധാരമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. മിനിമം വേജസ് പരിധിക്കും താഴെ ഫ്‌ളോര്‍ വേജ് എന്നൊരു പുതിയ സ്‌കെയില്‍ കൊണ്ടു വന്ന് തൊഴിലാളികളുടെ ജീവിത നിലവാരം തന്നെ അട്ടിമറിച്ചിരിക്കയാണ്. 1957ലെ മിനിമം വേതന നിര്‍ണയത്തിനുണ്ടായിരുന്ന മാനദണ്ഡങ്ങളാണ് 62 വര്‍ഷം കഴിഞ്ഞ് കോഡ് ഓണ്‍ വേജസ് 2019 ആയി നടപ്പാക്കിയിരിക്കുന്നത്. അന്നത്തെ ജീവിത സാഹചര്യങ്ങള്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും അടിസ്ഥാന വേതനത്തിനായി പരിഗണിക്കുന്നത്. ഇത് അന്താരാഷ്ട്ര തൊഴില്‍ സംഘടന(ഐഎല്‍ഒ)യുടെ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാണ്.
വ്യവസായങ്ങളെ അനുബന്ധ പട്ടികയില്‍ നിന്ന് ഒഴിവാക്കി. തൊഴിലാളികളെ അവിദഗ്ധ, അര്‍ധവിദഗ്ധ, വിദഗ്ധ, ഉപരിവിദഗ്ധ എന്നിങ്ങനെ നാലു തരങ്ങളായി തിരിച്ച് നാലു തരം ഷെഡ്യൂളുകളായി പരിമിതപ്പെടുത്തി. ഓരോ തൊഴിലിനും ഗ്രാമത്തിലും പട്ടണത്തിലും വെവ്വേറെ വേതനം നിശ്ചയിക്കപ്പെട്ടു. ഇതെല്ലാം തൊഴിലാളികള്‍ക്കു അന്തസുള്ള വേതനം ഉറപ്പാക്കുന്ന തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കാന്‍ വേണ്ടിയാണ്. ആര്‍ട്ടിക്കിള്‍ 43 പ്രകാരം എല്ലാ തൊഴിലിനും ജീവിക്കാന്‍ ആവശ്യമായ വേതനം നിയമപരമായി ഉറപ്പു വരുത്തിയിട്ടുള്ള രാജ്യത്താണ് പ്രാകൃതമായ നിയമങ്ങളുണ്ടാക്കി തൊഴിലാളികളെ കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകളുടെ എച്ചില്‍പ്പട്ടികളാക്കി മാറ്റിയിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല.

നേരത്തേ ഉണ്ടായിരുന്ന 16 നിയമങ്ങള്‍ എടുത്തുകളഞ്ഞശേഷം കോഡ് ഓണ്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് (2020), ഓക്കുപ്പേഷണല്‍ സേഫ്റ്റി ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിംങ് കണ്ടിഷന്‍സ് കോഡ് എന്നിവയുണ്ടാക്കി. എട്ടുമണിക്കൂര്‍ ജോലി എന്ന അന്താരാഷ്ട്ര തൊഴില്‍ സമയം റദ്ദാക്കി, ഒരു ദിവസം എത്ര മണിക്കൂര്‍ വേണമെങ്കിലും ജോലി ചെയ്യിക്കാമെന്ന പുതിയ കോഡ്, തൊഴിലാളികളെ മരണത്തിലേക്കു വലിച്ചെറിയുന്നതാണ്.
പാര്‍പ്പിടം, കുടിവെള്ളം, ആരോഗ്യം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവ തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്ന് എടുത്തുമാറ്റി, സര്‍ക്കാരിന്റെ പൊതു പട്ടികയില്‍ പെടുത്തിയതുമൂലം തൊഴിലാളികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ നല്‍കേണ്ട ആനുകൂല്യങ്ങളെല്ലാം റദ്ദാക്കപ്പെട്ടു.

കരാര്‍ ജോലി നിയമപരമാക്കിയെന്നതാണു മറ്റൊരു ന്യൂനത. അവശ്യഘട്ടങ്ങളില്‍ അത്യാവശ്യം കരാര്‍ നിമനങ്ങളാകാം എന്ന നില മാറി, ഒരു തൊഴിലാളിയെ എത്രകാലത്തേക്കു വേണമെങ്കിലും കരാര്‍ തൊഴില്‍ ചെയ്യിപ്പിച്ച ശേഷം, ആരോഗ്യം ക്ഷയിക്കുകയോ ഉത്പാദന ക്ഷമത കുറയുകയോ ചെയ്യുമ്പോള്‍ ഒരാനുകൂല്യവും നല്‍കാതെ പിരിച്ചയക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണു പുതിയ ലേബര്‍ കോഡ്. പത്രപ്രവര്‍ത്തകര്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന വേജ് ബോര്‍ഡ് സമ്പ്രദായം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പകരം ഫെയര്‍ വേജസ് വേജ് വിഭാഗത്തിലേക്കു മാറ്റി, അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടപ്പാക്കിയിരുന്ന വേതന പരിഷ്‌കരണം റദ്ദാക്കപ്പെട്ടു.

ഇങ്ങനെ സമസ്ത മേഖലകളിലും തൊഴിലാളികളെ ദ്രോഹിക്കുന്ന കോഡുകളാണു കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നത്. സംസ്ഥാന സര്‍ക്കാരും ഇതിനെതിരേ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ ജീവന്മരണ പോരാട്ടമായി കണ്ട് ഇന്ത്യന്‍ ലേബര്‍ കോഡുകള്‍ക്കെതിരേ ശക്തമായി രംഗത്തിറങ്ങണമെന്നും ആര്‍ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.
ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐഎന്‍ടിയുസി ഈ വിഷയങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും. തൊഴില്‍ നിയമങ്ങള്‍ സംരക്ഷിക്കാനും തൊഴിലാളികള്‍ക്കു മാന്യമായ ജീവിത സാഹചര്യം ഒരുക്കാനും മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.

 

 

തൊഴിലും തൊഴിലാളെകളെയും കോര്‍പ്പറേറ്റുകള്‍ക്ക്
അടിയറ വച്ചു: ആര്‍. ചന്ദ്രശേഖരന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *