ഇന്റര്‍നെറ്റ് ഒറ്റയടിക്ക് തകരാറിലായി; എന്താണ് ക്ലൗഡ്ഫ്‌ലെയര്‍! അറിയാം

ഇന്റര്‍നെറ്റ് ഒറ്റയടിക്ക് തകരാറിലായി; എന്താണ് ക്ലൗഡ്ഫ്‌ലെയര്‍! അറിയാം

 

ഇന്റര്‍നെറ്റ് ഒറ്റയടിക്ക് തകരാറിലായി; എന്താണ് ക്ലൗഡ്ഫ്‌ലെയര്‍! അറിയാം

നവംബര്‍ 18ന് രാജ്യാന്തര തലത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഒട്ടനവധി പേര്‍ക്ക് ലഭിക്കാതെ വന്നു. ചാറ്റ്ജിപിറ്റി മുതല്‍, എക്‌സ് പ്ലാറ്റ്ഫോം വരെ ഒട്ടനവധി സേവനങ്ങളും മുടങ്ങി എന്ന് ഡൗണ്‍ഡിറ്റെക്ടര്‍ പറയുന്നു. ഇത് ക്ലൗഡ്ഫ്‌ലെയറിന് നേരിട്ട പ്രശ്‌നം മൂലം ആയിരുന്നു. ഇന്ത്യന്‍ സമയം രാത്രി 8:12ന് ക്ലൗഡ്ഫ്‌ലെയര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞത്, പ്രശ്നത്തിന് പ്രതിവിധി ചെയ്തു കഴിഞ്ഞു എന്നും, ഇനി സംഭവിക്കാതിരിക്കാന്‍ നിരന്തരം നിരീക്ഷണം നടത്തിവരുന്നുണ്ടെന്നും സേവനങ്ങളെല്ലാം തിരിച്ചെത്തിയെന്നുമായിരുന്നു. കമ്പനിക്കുള്ളില്‍ ഉണ്ടായ ഒരു പ്രശ്‌നം മൂലമാണ് ഇത് സംഭവിച്ചത് എന്ന് ക്ലൗഡ്ഫ്‌ലെയര്‍ അറിയിക്കുകയും ചെയ്തു. ഇന്റര്‍നെറ്റിലെ ഏറ്റവും പ്രധാനപ്പെട്ട കമ്പനികളിലൊന്നായ ക്ലൗഡ്ഫ്‌ലെയറെന്താണെന്ന് പരിശോധിക്കാം.

എന്താണീ ക്ലൗഡ്ഫ്‌ലെയര്‍?

കണ്ടെന്റ് ഡെലിവറി സിസ്റ്റം (സിഡിഎന്‍) സേവനങ്ങള്‍, സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ നല്‍കുന്ന അമേരിക്കന്‍ കമ്പനിയാണ് ക്ലൗഡ്ഫ്‌ലെയര്‍. ഇവ രണ്ടിനേക്കാളും പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു സേവനവും അവര്‍ നല്‍കുന്നുണ്ട്. അത് വെബ്‌സൈറ്റുകള്‍ക്കും മറ്റും എതിരായി നടത്തി അവയുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ ഉദ്ദേശിച്ചു നടത്തുന്ന ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വിസ് (ഡിഡിഓഎസ്) ആക്രമണങ്ങള്‍ തടയുക എന്നതാണ് ക്ലൗഡ്ഫ്‌ലെയറിന്റെ സുപ്രധാന ദൗത്യങ്ങളിലൊന്ന്. ഇന്റര്‍നെറ്റിന്റെ പ്രവര്‍ത്തനത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന കമ്പനികളിലൊന്നാണ് ക്ലൗഡ്ഫ്‌ലെയര്‍ എന്ന് ഇതില്‍ നിന്നു മനസിലാക്കാം.

ക്ലൗഡ് കേന്ദ്രമായാണ് പ്രവര്‍ത്തനം ക്ലൗഡ്ഫ്‌ലെയര്‍ നടത്തുന്നത്. ഇത് ഇന്റര്‍നെറ്റിന് ഒരു സംരക്ഷണവലയം പോലെയാണ് എന്നു വേണമെങ്കില്‍ പറയാം. ഇന്റര്‍നെറ്റ് ട്രാഫിക്ക് നിയന്ത്രിക്കുകയും, ചില സന്ദര്‍ഭങ്ങളില്‍ അതിന്റെ പ്രകടനം ബൂസ്റ്റു ചെയ്യുന്നുമുണ്ട് ക്ലൗഡ്ഫ്‌ലെയര്‍. ഇത് ആഗോള തലത്തില്‍ ദശലക്ഷക്കണക്കിന് വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനത്തിന് ഗുണംചെയ്യുന്നു.

രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വളരെ വേഗതയാര്‍ന്നതും, വൈഭവവും, സുരക്ഷയും ഉള്ളതുമായ ഒരു കമ്പനിയാണ് തങ്ങളുടേത് എന്ന് ക്ലൗഡ്ഫ്‌ലെയര്‍ പറയുന്നു. തങ്ങള്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് അവരുടെ ടെക്നോളജിക്കുമേലുള്ള നിയന്ത്രണം തിരിച്ചു നല്‍കാന്‍ തങ്ങള്‍ക്ക് സാധിക്കുന്നു. വെബ്‌സൈറ്റുകള്‍ക്ക് പബ്ലിക്ക് ക്ലൗഡിലും, സോഫ്റ്റ്വെയര്‍ ആസ് സര്‍വിസിലും, പബ്ലിക് ഇന്റര്‍നെറ്റ് ഡൊമെയിന്‍സിലും കിട്ടുന്ന ശ്രദ്ധ വര്‍ദ്ധിപ്പിക്കാനും തങ്ങള്‍ക്ക് സാധിക്കുമെന്നും കമ്പനി പറയുന്നു. വ്യക്തികള്‍ക്കാണെങ്കില്‍ ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിച്ചു നല്‍കാനും കൂടുതല്‍ സ്വകാര്യത നല്‍കാനും തങ്ങള്‍ക്കു സാധിക്കുന്നു എന്നും ക്ലൗഡ്ഫ്‌ലെയര്‍ പറയുന്നു.

സാന്‍സ്ഫ്രാന്‍സിസ്‌കോയില്‍ 2009ല്‍ മാത്യു പ്രിന്‍സ്, ലീ ഹോളോവെ, മിഷെല്‍ സാറ്റ്ലിന്‍ എന്നിവര്‍ ചേര്‍ന്നാണ് ക്ലൗഡ്ഫ്‌ലെയര്‍ സ്ഥാപിച്ചത്. 1.1.1.1 ഡിഎന്‍എസ് റിസോള്‍വര്‍, വാര്‍പ് (ണഅഞജ) വിപിഎന്‍ ക്ലൈന്റ്, ക്ലൗഡ്ഫ്‌ലെയര്‍ വര്‍ക്കേഴ്സ് സേര്‍വര്‍-ലെസ് പ്ലാറ്റ്ഫോം, സെക്യുവര്‍ അക്സസ് സര്‍വിസ് എജ് സൂട്ട് തുടങ്ങിയവയാണ് കമ്പനി നല്‍കുന്ന പ്രധാനപ്പെട്ട സേവനങ്ങള്‍.

2025ല്‍ തങ്ങളുടെ മാര്‍ക്കറ്റ് ക്യാപ്പ് 69.14 ബില്ല്യന്‍ ഡോളറാണ് എന്ന് കമ്പനി പറയുന്നു. ലോകമെമ്പാടുമായി 4,500നടുത്ത് ജീവനക്കാരുമുണ്ട്. ലോകത്തെ മൊത്തം വെബ്‌സൈറ്റുകളില്‍ ഏകദേശം 19.3 ശതമാനമാണ് ക്ലൗഡ്ഫ്‌ലെയറിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്നത്.

ശരിക്കും എന്താണ് ക്ലൗഡ്ഫ്‌ലെയറിന്റെ റോള്‍?

ഇന്റര്‍നെറ്റിന്റെ പിന്നാമ്പുറ പ്രവര്‍ത്തകരാണ് ക്ലൗഡ്ഫ്‌ലെയര്‍ എന്നു പറയാം. ഒരു വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്ന ഉപയോക്താവ് ക്ലൗഡ്ഫ്‌ലെയറിന്റെ സാന്നിധ്യം അറിയുന്നേയില്ല. എന്നാല്‍, പേജുകള്‍ വേഗം ലോഡ് ആകാനും, ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാനും സദാ ജാഗരൂഗരായി ഇരിക്കുകയാണ് കമ്പനി. സുരക്ഷ, പ്രകടനം, ട്രാഫിക് മാനേജ്മെന്റ് എന്നിവയാണ് ക്ലൗഡ്ഫ്‌ലെയര്‍ നല്‍കുന്ന സേവനങ്ങള്‍ എന്ന് വളരെ ലളിതമായി പറയാം.

ഡിഡിഓഎസ് സൈബര്‍ ആക്രമണങ്ങള്‍ പോലെയുള്ളവിയില്‍ നിന്ന് വെബ്‌സൈറ്റുകളെ സംരക്ഷിച്ചു നിറുത്തുന്നു. ദുരുദ്ദേശപരമായ റിക്വെസ്റ്റുകള്‍ കണ്ടെത്തി വെബ്‌സൈറ്റുകളുടെ സര്‍വറുകളിലേക്ക് എത്തുന്നില്ല എന്ന് ഉറപ്പാക്കുന്നു. വെബ് പേജുകള്‍ ക്യാഷ് ചെയ്തിട്ട് അവ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് അവ എളുപ്പത്തില്‍ ലോഡ് ആക്കി നല്‍കുന്നു. ഒരാള്‍ ഒരു വെബ് പേജില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അത് ലോഡ് ആകുന്നത് അയളുടെ അടുത്തുള്ള ക്ലൗഡ്ഫ്‌ലെയര്‍ സേര്‍വറില്‍ നിന്നാണ്.

ഒരു വെബ്‌സൈറ്റിലേക്ക് എത്തുന്ന സന്ദര്‍ശനങ്ങള്‍ ക്രമീകരിക്കുക വഴി വെബ്‌സൈറ്റുകള്‍ ക്രാഷ് ആകാതെ സംരക്ഷിക്കുന്നു. ഒരു സമയത്ത് താങ്ങാനാകാത്തത്ര സന്ദര്‍ശകര്‍ പെട്ടെന്ന് എത്തിയാല്‍ വെബ്‌സൈറ്റുകള്‍ ക്രാഷ് ആയേക്കാം. സെര്‍വറുകള്‍ തകര്‍ന്നാല്‍ ട്രാഫക്കിനെ വഴി തിരിച്ചുവിടാനും ക്ലൗഡ്ഫ്‌ലെയറിന് സാധിക്കും.

സൈബര്‍ സുരക്ഷയും കമ്പനി നല്‍കുന്നുണ്ട്. തങ്ങളുടെ നെറ്റ്വര്‍ക്ക് വഴി ഡേറ്റാ കടത്തിവിടുക വഴി പ്രകടനം മെച്ചപ്പെടുത്താന്‍ ക്ലൗഡ്ഫ്‌ലെയറിന് സാധിക്കുന്നു. വമ്പന്‍ പിന്നാമ്പുറ പ്രവര്‍ത്തനമാണ് കമ്പനി നടത്തുന്നത്. ക്ലൗഡ്ഫ്‌ലെയറിനെക്കുറിച്ച് മിക്ക ഉപയോക്താക്കള്‍ക്കും അറിയില്ല. എന്നാല്‍, ഇന്റര്‍നെറ്റ് സുഗമമായി പ്രവര്‍ത്തിക്കുന്നതില്‍ ക്ലൗഡ്ഫ്‌ലെയറിന്റെ പങ്ക് അത്രമേല്‍ ഉണ്ട് എന്ന് വിദഗ്ധര്‍ പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *