കിച്ചന് സ്പോഞ്ച് ഇങ്ങനെയാണോ ഉപയോഗിക്കുന്നത്; വലിയ വില കൊടുക്കേണ്ടി വരാം
വീട്ടില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നതും എന്നാല്‍ വേണ്ടത്ര ശ്രദ്ധ കിട്ടാത്തതുമായ ഒരു വസ്തുവാണ് പാത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്ന സ്പോഞ്ചുകള്‍. ടോയ്ലറ്റില് ഉള്ളതിനേക്കാള്‍ രോഗാണുക്കള്‍ സ്പോഞ്ചില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.
പാത്രം കഴുകിയെടുത്ത ശേഷം സ്പോഞ്ച് എടുത്ത സ്ഥാനത്തുതന്നെ തിരികെ വച്ച് മറന്നു കളയുകയാണ് പതിവ്. എന്നാല്‍ സ്പോഞ്ചിന്റെ കാര്യത്തില്‍ പ്രത്യേക പരിപാലനം വേണം. കാരണം സ്പോഞ്ചില്‍ നിന്നും അണുക്കള്‍ പാത്രങ്ങളിലും പിന്നീട് ഭക്ഷണത്തിലും കയറിക്കൂടിയാല്‍ കുടുംബത്തിന്റെ ആരോഗ്യം അവതാളത്തിലാകും. സ്പോഞ്ച് കൈകാര്യം ചെയ്യുമ്പോള്‍ പതിവായി സംഭവിക്കുന്ന തെറ്റുകളും അവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നോക്കാം.
എല്ലാകാര്യത്തിനും ഒരു സ്പോഞ്ച്
പാത്രം വൃത്തിയാക്കല്‍ കൂടാതെ ലാഘവത്തോടെ കിച്ചന് കൗണ്ടര്‍ ടോപ്പുകളും സിങ്കുമെല്ലാം വൃത്തിയാക്കാന്‍ അതേ സ്പോഞ്ച് ഉപയോഗിക്കുന്നവരുണ്ട്. അതേപോലെ എണ്ണയോ മറ്റു ദ്രാവകങ്ങളോ തൂവിപോയാല് തുടയ്ക്കാനും ഇതേ സ്പോഞ്ച് ഉപയോഗിക്കും.
തികച്ചും തെറ്റായ പ്രവണതയാണിത്. വ്യത്യസ്ത പ്രതലങ്ങളില്‍ നിന്നായി ഭക്ഷണാവശിഷ്ടങ്ങള്‍, എണ്ണ എന്നിവയ്ക്കൊപ്പം ബാക്ടീരിയകളെയും സ്പോഞ്ച് ആഗിരണം ചെയ്യും. ഒരു പ്രതലത്തില്‍നിന്ന് മറ്റൊരിടത്തേക്ക് സ്പോഞ്ചിലൂടെ അവ പടരുകയും ചെയ്യും. മാത്രമല്ല സ്പോഞ്ചിലെ നേര്‍ത്ത ദ്വാരങ്ങള്‍ക്കുള്ളില്‍ കയറിക്കൂടുന്ന ബാക്ടീരിയകള്‍ പിന്നീട് പാത്രം കഴുകുന്ന സമയത്ത് അവയിലും കടന്നുകൂടും.
അതിനാല്‍ ഓരോ പ്രതലവും വൃത്തിയാക്കുന്നതിനായി പ്രത്യേക സ്പോഞ്ചുകള്‍ സൂക്ഷിക്കുന്നതാണ് നല്ലത്. പാത്രം കഴുകാനും സ്റ്റൗ തുടയ്ക്കാനും കൗണ്ടര്‍ ടോപ്പുകള്ക്കായും പ്രത്യേകം സ്പോഞ്ചുകള്‍ കരുതാം.
യഥാസമയത്ത് മാറ്റാത്തത്
ഒരു സ്പോഞ്ച് തേഞ്ഞുതീരാറായാലും കളയാതെ കാലങ്ങളോളം ഉപയോഗിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇനി പുറമെ വൃത്തിയായി തോന്നിയാലും, ഉപയോഗം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സ്പോഞ്ചുകള്‍ക്കുള്ളില്‍ ബാക്ടീരിയകള്‍ പെരുകും. ഇത് പാത്രങ്ങളിലും മറ്റുപ്രതലങ്ങളിലും കടന്നു കൂടുകയും ചെയ്യും. പരമാവധി രണ്ട് ആഴ്ചയ്ക്കുള്ളില്‍ സ്പോഞ്ചുകള്‍ മാറ്റണം.
നനവോടെ സൂക്ഷിക്കുന്നത്
നനഞ്ഞ പ്രതലങ്ങള്‍ ബാക്ടീരിയകള്‍ക്കും ഫംഗസുകള്‍ക്കും പായലിനും വേഗത്തില്‍ വളരാനുള്ള അന്തരീക്ഷം ഒരുക്കും. ഉപയോഗശേഷം നനവോടെ സൂക്ഷിക്കുന്ന സ്പോഞ്ചുകളുടെ കാര്യവും വ്യത്യസ്തമല്ല. ഉണങ്ങിയ സ്പോഞ്ചിനെ അപേക്ഷിച്ച് നനവുള്ള സ്പോഞ്ചുകളില്‍ ബാക്ടീരിയകള്‍ പലമടങ്ങ് വേഗതയില്‍ പെരുകും. അതിനാല്‍ ഓരോ ഉപയോഗശേഷവും സ്പോഞ്ച് സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. ജലാംശം പരമാവധി നീക്കം ചെയ്യുന്ന തരത്തില്‍ പിഴിഞ്ഞെടുത്ത ശേഷം നന്നായി വായുസഞ്ചാരം ലഭിക്കുന്ന സ്ഥലത്ത് തൂക്കിയിടാന്‍ ശ്രദ്ധിക്കുക.
അണുവിമുക്തമാക്കാത്തത്
ഡിഷ് വാഷ് ലിക്വിഡുമായി നിരന്തരം സമ്പര്ക്കത്തിലിരിക്കുന്നതുകൊണ്ട് സ്പോഞ്ചുകള്‍ പ്രത്യേകിച്ച് അണുവിമുക്തമാക്കേണ്ടതില്ല എന്ന് കരുതരുത്. ഇ- കോളി, സാല്‍മോണല്ല തുടങ്ങിയ രോഗാണുക്കള്‍ സ്പോഞ്ചില്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ പ്രത്യേകം അണുവിമുക്തമാക്കിയേ പറ്റൂ.
രണ്ടു മൂന്നു ദിവസത്തെ ഇടവേളയില്‍ സ്പോഞ്ചുകള്‍ അണുവിമുക്തമാക്കാം. ചൂടുവെള്ളത്തില്‍ അല്പം വിനാഗിരിയും നാരങ്ങാനീരും ഒഴിച്ചശേഷം സ്പോഞ്ച് അതില്‍ മുക്കിവയ്ക്കാം. ചൂടുവെള്ളത്തില്‍ കല്ലുപ്പിട്ട് മുക്കിവച്ചാലും മതിയാകും. അരക്കപ്പ് വിനാഗിരിയില്‍ ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡ ഇട്ട് 10 മിനിറ്റ് നേരം സ്പോഞ്ച് മുക്കിവച്ച ശേഷം വൃത്തിയായി കഴുകിയെടുത്താലും അണുക്കള്‍ നീങ്ങി കിട്ടും.
മത്സ്യവും മാംസവും മുറിച്ച പാത്രങ്ങള്‍ കഴുകുന്നത്
പാകം ചെയ്യാത്ത മത്സ്യവും മാംസവും വൃത്തിയാക്കുകയും മുറിക്കുകയും ചെയ്യുന്ന സമയത്ത് അതില്‍ നിന്നും ദ്രാവകങ്ങള്‍ കട്ടിങ് ബോര്‍ഡിലും കത്തിയിലും സിങ്കിലുമൊക്കെ വീഴാറുണ്ട്. ഇത് വൃത്തിയാക്കാന്‍ പാത്രം കഴുകുന്ന സ്പോഞ്ച് ഉപയോഗിക്കരുത്. പച്ച മാംസത്തില്‍ നിന്നും പുറത്തുവരുന്ന ദ്രാവകങ്ങളില്‍ ബാക്ടീരിയ ഉണ്ടാകും. അവ സ്പോഞ്ചില്‍ കയറിക്കൂടി പടരാന്‍ സാധ്യതയുള്ളതിനാലാണിത്. ഇവയ്ക്കായി പ്രത്യേകം സ്പോഞ്ച് കരുതി വയ്ക്കുക. അബദ്ധത്തില്‍ പാത്രം കഴുകുന്ന സ്പോഞ്ച് ഉപയോഗിച്ചുപോയാല്, അണുവിമുക്തമാക്കുകയോ മാറ്റി പകരം വേറെ ഉപയോഗിക്കുകയോ ചെയ്യുക.
