ഇടതുമുന്നണി സര്‍ക്കാര്‍ അഴിമതിക്ക് കൂട്ടുപിടിക്കരുത്

ഇടതുമുന്നണി സര്‍ക്കാര്‍ അഴിമതിക്ക് കൂട്ടുപിടിക്കരുത്

സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ നടന്ന അഴിമതി സംബന്ധിച്ച് കേസ് പരിഗണിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ കുറിച്ച് നടത്തിയ രൂക്ഷവിമര്‍ശനം ഇടതുമുന്നണിയുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റായ ആര്‍.ചന്ദ്രശേഖരന്‍ ചെയര്‍മാനായ കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ നടന്ന കശുവണ്ടി ഇറക്കുമതി കേസിലാണ് ഹൈക്കോടതി പരാമര്‍ശമുണ്ടായിരിക്കുന്നത്. അന്നത്തെ ചെയര്‍മാനായിരുന്ന ആര്‍.ചന്ദ്രശേഖരനെയും മാനേജിംഗ് ഡയറക്ടറായിരുന്ന കെ എ രതീഷിനെയും വിചാരണ ചെയ്യാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി. സിബിഐ നല്‍കിയ അപേക്ഷ മൂന്നാമതും തള്ളിയത് ചോദ്യം ചെയ്തുള്ള അപേക്ഷ പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചത്. ഇടതു സര്‍ക്കാരിന്റെ അഴിമതിക്കെതിരെയുള്ള നിലപാടാണ് കോടതി വാക്കാല്‍ ചോദ്യം ചെയ്തത്.
ഇടതുമുന്നണി സര്‍ക്കാര്‍ അഴിമതിക്കാരെ സംരക്ഷിക്കാന്‍ കാണിക്കുന്ന വ്യഗ്രതയാണ് ഹൈക്കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്. സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ പ്രതികളെ സഹായിക്കുന്നതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. രണ്ട് വ്യക്തികളെ എന്തിനാണ് സംരക്ഷിക്കുന്നതെന്നും ആരാണ് ഇതിന് പിന്നിലെന്നുമുള്ള ഹൈക്കോടതിയുടെ ചോദ്യം ഏറെ പ്രസക്തമാണ്. ഇടതുമുന്നണി സര്‍ക്കാര്‍ എക്കാലത്തും അഴിമതിക്കെതിരായ നിലപാടുകള്‍ കൈക്കൊണ്ട സര്‍ക്കാരുകളാണ്. അതിന് വന്ന വ്യതിയാനമാണ് വിമര്‍ശനത്തിനാധാരം. ആര്‍.ചന്ദ്രശേഖരന്‍ രാഷ്ട്രീയപരമായി ഇടതുമുന്നണി സര്‍ക്കാരിന്റെ എതിരാളിയാണ്. എന്നിട്ടും സര്‍ക്കാര്‍ ചന്ദ്രശേഖരനെയും മറ്റും സംരക്ഷിക്കാന്‍ കാണിക്കുന്ന വ്യഗ്രതയാണ് വ്യക്തമാക്കപ്പെടേണ്ടത്. ഈ കേസില്‍ ഇവര്‍ കുറ്റക്കാരല്ലെങ്കില്‍ കോടതി നടപടികളെ നേരിടട്ടെ. അക്കാര്യം യാതൊരു തടസ്സവുമില്ലാതെയാണ് നടക്കേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ ഇവരെ സംരക്ഷിക്കുന്ന നിലപാട് എടുക്കുമ്പോള്‍ അതാണ് വ്യക്തമാവാത്തത്. ചന്ദ്രശേഖരനും കെ എ രതീഷും അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ കോടതിയില്‍ വ്യക്തമാക്കാലോ. അവര്‍ക്ക് തങ്ങള്‍ക്കെതിരെ ചുമത്തപ്പെട്ട കേസ് വസ്തുതാപരമല്ലെന്ന് തെളിയിക്കാന്‍ കോടതി വഴി സാധിക്കുന്നതാണ്. അതിന് പകരം പ്രോസിക്യൂഷന്‍ നടപടി നീട്ടിക്കൊണ്ടുപോകാന്‍ എടുക്കുന്ന നടപടി ഭൂഷണമല്ല. അഴിമതി നമ്മുടെ സംസ്ഥാന നേരിടുന്ന കടുത്ത വെല്ലുവിളിയാണ്. അഴിമതി ഇല്ലാതാക്കിയാല്‍ തന്നെ സംസ്ഥാനം രക്ഷപ്പെട്ടു എന്ന് പറയാം.
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അഴിമതിയുടെ കൂട്ടുകച്ചവടക്കാരാവുമ്പോള്‍ നാടിനുണ്ടാവുന്ന നഷ്ടം അപരിഹാര്യമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തടസ്സവാദങ്ങളുന്നയിക്കാതെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതികൊടുക്കുയാണ് വേണ്ടത്. അഴിമതിയാരാപണം വന്നാല്‍ അത് സംബന്ധിച്ച് സ്വതന്ത്രമായി അന്വേഷണം നടക്കണം. നിയമം നിയമത്തിന്റെ വഴിക്ക് പോകുകതന്നെ വേണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *