പാലത്തായി പോക്‌സോ കേസ്: കുട്ടിയെ കൗണ്‍സലിങ് നടത്തിയവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതി

പാലത്തായി പോക്‌സോ കേസ്: കുട്ടിയെ കൗണ്‍സലിങ് നടത്തിയവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതി

 

കോഴിക്കോട്: പാലത്തായി പോക്‌സോ കേസില്‍ കുട്ടിയെ കൗണ്‍സലിങ് നടത്തിയവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതി. സാമൂഹികപ്രവര്‍ത്തകന്‍ ദിനു വെയില്‍ ആണ് വനിതാ- ശിശു വികസന വകുപ്പ്, ഡിജിപി, ബാലാവകാശ കമ്മീഷന്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയത്. കേസില്‍ കൗണ്‍സലര്‍മാര്‍ക്കെതിരായ കോടതിയുടെ ഗുരുതര കണ്ടെത്തലുകള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.

ഈ കൗണ്‍സലര്‍മാര്‍ക്ക് ജോലിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയെ നിരവധി ദിവസങ്ങളോളം മണിക്കൂറുകളോളം ഇടവിടാതെ ചോദ്യം ചെയ്യുക വഴി കൗണ്‍സലര്‍മാര്‍ മറ്റൊരു അന്വേഷണ ഏജന്‍സി പോലെ പെരുമാറിയെന്നും അശ്ലീലവും വൃത്തികെട്ടതുമായ ചോദ്യങ്ങള്‍ ചോദിച്ച് അവര്‍ ചുമതല പോലും മറന്ന് കുട്ടിയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചെന്നും കോടതി കണ്ടെത്തിയിട്ടുണ്ടെന്ന് ദിനു വെയില്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

അശ്ലീലച്ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എന്തുകൊണ്ട് ഇടപെട്ടില്ലെന്നും കോടതി വിമര്‍ശിച്ചു. പ്രസ്തുത മാനസികാരോഗ്യ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ ഓരോ ചോദ്യങ്ങളും വിശദമായി പരിശോധിച്ച കോടതി, അവരുടെ ചോദ്യങ്ങള്‍ വഴി പ്രതിഭാഗത്തിന്റെ വാദങ്ങളെ പിന്തുണയ്ക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ കൃത്യമായി ഉണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്. ലൈംഗികാതിക്രമം നേരിടേണ്ടിവന്ന കുട്ടിയെ വീണ്ടും മാനസികമായി തകര്‍ത്ത മാനസികാരോഗ്യ വിദഗ്ധര്‍ യാതൊരു കാരണവശാലും പ്രസ്തുത ജോലിക്ക് അര്‍ഹരല്ലെന്നും ദിനു വെയില്‍ പറഞ്ഞു.

ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് 2020 സെപ്തംബര്‍ 21ന് അന്നത്തെ വനിതാ ശിശുവികസന മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. നിലവില്‍ കോടതിയുടെ കണ്ടെത്തലുകള്‍ വന്ന സാഹചര്യത്തില്‍ പ്രസ്തുത ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് ദിശാ സെക്രട്ടറി എന്ന നിലയില്‍ വനിതാ ശിശുവികസന വകുപ്പ്, ഡിജിപി, സംസ്ഥാന ബാലാവകാശ കമീഷന്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്- ദിനു വെയില്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി നേതാവായ അധ്യാപകന്‍ കെ. പത്മരാജന്‍ പ്രതിയായ പാലത്തായി പീഡനക്കേസില്‍ കൗണ്‍സലിങ് നടത്തിയവര്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചതായും അതിവേഗ പോക്സോ കോടതി കണ്ടെത്തിയിരുന്നു. അത് തടയാന്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ശ്രമിച്ചില്ലെന്നും അന്വേഷണസംഘവും ഉദ്യോഗസ്ഥരും ഇടയ്ക്ക് മാറിയത് കുട്ടിക്ക് മാനസിക സമ്മര്‍ദമുണ്ടാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

പൂട്ടുള്ള ശൗചാലയം എന്ന് കുട്ടി പറഞ്ഞത് മഹസര്‍ എഴുതിയപ്പോള്‍ പൂട്ടില്ലാത്തത് എന്നായി. കുട്ടിയുടെ വിശദമായ മൊഴിയും കേസന്വേഷണഘട്ടത്തില്‍ കുട്ടിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടും അന്വേഷണത്തിലെ പിഴവുമെല്ലാം ചൂണ്ടിക്കാട്ടുന്നതാണ് ജഡ്ജി എ.ടി ജലജാറാണിയുടെ 167 പേജുള്ള വിധിന്യായം. കേസില്‍, കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി പത്മരാജന് മരണം വരെ ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *