വോട്ടര്‍ പട്ടികപോലും പഠിക്കാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ നിരുത്തരവാദിത്തം
കോഴിക്കോട് കോര്‍പറേഷന്‍ ഭരിച്ചുകൊണ്ടിരിക്കുന്ന സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിയില്‍ നിന്ന് ഭരണം തിരിച്ചുപിടിക്കുമെന്ന് ഘോരഘോരം പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസും യുഡിഎഫും ഇക്കുറി രംഗത്തെത്തിയത്. മേയര്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയത് സംവിധായകന്‍ വിഎം വിനുവിനെയായിരുന്നു. പ്രഖ്യാപനം കഴിഞ്ഞ് പ്രചാരണ കോലാഹലം സൃഷ്ടിച്ചപ്പോഴാണ് നിയുക്തമേയര്‍ സ്ഥാനാര്‍ഥിക്ക് വോട്ടര്‍ പട്ടികയില്‍ പേരുപോലുമില്ലെന്ന വാസ്തവം കോണ്‍ഗ്രസ് തിരിച്ചറിയുന്നത്. ഈ വിഷയം രാഷ്ട്രീയ പാര്‍ട്ടികളുടെ നിരുത്തരവാദിത്തമാണ് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ബൂത്ത് ലെവലിലുള്ള പ്രവര്‍ത്തനപോരായ്മയാണ് ഇതിന് കാരണം. മുന്‍കാലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ശക്തമായ കീഴ്ഘടകങ്ങളും ഓരോ വീടും മനപ്പാഠമായ പ്രദേശിക നേതാക്കളുമുണ്ടായിരുന്നു. കോണ്‍ഗ്രസടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ജനങ്ങളുമായുള്ള ബന്ധം എത്രമേല്‍ ദുര്‍ബലമായിരിക്കുന്നു എന്നതാണ് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. അടിസ്ഥാനതലത്തിലുള്ള ജനകീയ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് പിറകോട്ട് പോയോ എന്ന് അതിന്റെ നേതൃത്വം പരിശോധനനടത്തട്ടെ. മുന്‍കാലങ്ങളിലൊക്കെ ജനങ്ങള്‍ക്ക് പ്രിയങ്കരന്മാരായ നേതാക്കള്‍ എല്ലാ പാര്‍ട്ടിയിലും ഉണ്ടായിരുന്നു. അവര്‍ രാഷ്ട്രീയ ഭേദമന്യേ പൊതുപ്രശ്‌നങ്ങളില്‍ സജീവമായിരുന്നു. ഇന്ന് പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ശിലകള്‍ ദുര്‍ബലപ്പെട്ടു വരികയാണ്. മുന്‍കാലങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ ജനങ്ങള്‍ക്കിടയില്‍ നടക്കുകയായിരുന്നു പതിവ്. ഇന്നത് മാറി ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങളില്‍ ആര്‍ഭാടമായാണ് മിക്ക നേതാക്കളുടെയും യാത്ര. മീഡിയയുടെ മുമ്പില്‍ മുഖം കാണിക്കല്‍ ആണ് നേതാക്കളുടെ മറ്റൊരു ജോലി.
മനുഷ്യജീവിതം അടയാളപ്പെടുത്തപ്പെടുത്തുന്ന കൃഷിയിടങ്ങള്‍ തൊഴിലിടങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സൗഹൃദ സന്ദര്‍ശന നടത്തുന്ന എത്ര നേതാക്കള്‍ നമുക്കുണ്ട.് ഭൂരിപക്ഷ നേതാക്കളും പാര്‍ട്ടിക്കുള്ളില്‍ അറിയപ്പെടും. എന്നാല്‍ പൊതുജനങ്ങള്‍ക്ക് അറിയില്ല. ജന മനസില്‍ നിറഞ്ഞുനില്‍ക്കുന്ന എത്ര നേതാക്കള്‍ തങ്ങള്‍ക്കുണ്ടെന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആത്മ പരിശോധന നടത്തണം. തിരഞ്ഞെടുപ്പുകാലത്ത് നടക്കുന്ന കാലുമാറ്റമാണ് അതിലേറെ അസഹനീയം. ദശാബ്ദങ്ങളോളം ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നില്‍ക്കുകയും പടലപിണക്കങ്ങളുടെ പേരില്‍ മറുകണ്ടം ചാടുന്നതും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഭൂഷണം അല്ല. തിരഞ്ഞെടുപ്പ് കാലത്തുള്ള ഈ മറുകണ്ടം ചാടല്‍ പാര്‍ലമെന്റ് വ്യാമോഹമോ ഓഫര്‍ രാഷ്ട്രീയമോ ചേര്‍ന്നതാണ്. പുതുതായി കടന്നുവരുന്നവര്‍ മുന്‍കാലങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍
ഏര്‍പ്പെട്ടിരിക്കുന്നവരുടെ അവസരങ്ങളാണ് തട്ടിയെടുക്കുന്നത് എന്ന് പരിശോധിച്ചാല്‍ മനസ്സിലാകും.
വിറകുവെട്ടികളും വെള്ളം കോരികളും ആവേണ്ടവരല്ല താഴെ തട്ടിലുള്ള മാതൃക രാഷ്ട്രീയ പ്രവര്‍ത്തകര്‍. നിര്‍ണായകഘട്ടത്തില്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി എത്തുന്നവരെ പൂവിട്ട് സ്വീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നയവും അനഭിലഷണീയമാണ്. മറ്റൊരു പ്രധാന പ്രശ്‌നം സമ്പന്നരുടെ കടന്നു വരവാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ രാഷ്ട്രീയമണ്ഡലത്തില്‍ പറയത്തക്ക ഒരു സംഭാവനയും ചെയ്യാതെ തന്റെ മേഖലയില്‍ കുറെ പണം സമ്പാദിച്ച് പിന്നീട് രാഷ്ട്രീയം തെരഞ്ഞെടുക്കുന്നവര്‍ അന്തി പട്ടിണി കിടക്കുന്ന കുടുംബവുമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സാധാരണ രാഷ്ട്രീയക്കാരുടെ വയറ്റതാണടിക്കുന്നത്.
സമ്പന്നര്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വരരുത് എന്നൊന്നും പറയാനാകില്ലെങ്കിലും യഥാര്‍ത്ഥ പ്രവര്‍ത്തകരെ അവഗണിച്ച് ഇവര്‍ക്ക് പച്ചപ്പരവതാനി വിരിക്കുന്നത് ശരിയല്ല. ത്രിതല തെരഞ്ഞെടുപ്പ് പ്രാദേശിക ഭരണകൂടങ്ങളുടെ തിരഞ്ഞെടുപ്പാണ്. കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിവുള്ള മികച്ച സ്ഥാനാര്‍ത്ഥികളാണ്
നമ്മള്‍ തിരഞ്ഞെടുക്കേണ്ടത്.
