പണപ്പെരുപ്പം ഉയര്‍ന്നേക്കാം: നേട്ടമാക്കാന്‍ വിപണി
ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തെ തുടര്‍ന്നുള്ള ആശങ്കകള്‍ക്കു നടുവില്‍ പോയവാരം തുടക്കത്തില്‍ വിപണി ദുര്‍ബലമായിരുന്നു. എന്നാല്‍ വിപണി ശക്തമായി തിരിച്ചു വരികയും ചെയ്തു. ഈ പ്രവണത ആഴ്ചയില്‍ ഉടനീളം കാണപ്പെട്ടു. അമേരിക്കയിലെ അടച്ചിടല്‍ അവസാനിച്ചതുള്പ്പടെയുള്ള ആഗോള ഘടകങ്ങളുടെ പിന്തുണയും വിപണിയുടെ തിരിച്ചുവരവിനു സഹായകമായി. പ്രധാനമായും ഇന്ത്യ- അമേരിക്ക വ്യാപാര കരാറിന് അനുകൂലമായ ചില പ്രതികരണങ്ങള്‍ ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടായതും രണ്ടാംപാദ കമ്പനി ഫലങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഭേദമായതും വിപണിയുടെ മുന്നേറ്റത്തിന് അനുകൂലമായി. ഇക്കാരണങ്ങളാല്‍ സമീപ കാലത്തെ ഏറ്റവും മികച്ച നിലയായ 26,000 ത്തിനടുത്തേക്ക് നിഫ്റ്റി 50 സൂചിക എത്തിച്ചേരാനിടയായി. ആഴ്ചയുടെ അവസാനമായപ്പോഴേക്കും വിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമായിരുന്നു. ഇതിനു കാരണം ബിഹാര്‍ ഇലക്ഷന് ഫലത്തെ ചുറ്റിപ്പറ്റി ഉണ്ടായ ആശങ്കകളും അമേരിക്കന്‍ ടെക്നോളജി ഓഹരികളിലുണ്ടായ ലാഭമെടുപ്പുമായിരുന്നു.
കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ വിപണിയിലും കാര്യമായ ലാഭമെടുപ്പു നടന്നിരുന്നു. മുന്നേറ്റത്തിന് വേണ്ട പുതിയ ആഭ്യന്തര ഘടകങ്ങള്‍ ഉരുത്തിരിഞ്ഞു വരാതിരുന്നതും വിദേശ നിക്ഷേപകരുടെ സ്ഥിരമായ വില്പനയും ലാഭമെടപ്പ് ത്വരിതപ്പെടുത്തി. ഒക്ടോബറിലെ വാങ്ങലിനു ശേഷം വിദേശ നിക്ഷേപകര്‍ വീണ്ടും ജാഗരൂകരാകുന്നതാണ് ഇപ്പള് കാണുന്നത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ ഇനിയും കുറയ്ക്കാനിടയുണ്ട് എന്ന സൂചന നല്‍കിയതാണ് ഇന്ത്യന്‍ ഓഹരികളിലേക്കു തിരിച്ചുവരാനുള്ള പ്രേരണയായത്. ട്രംപ്-ഷീജിന്പിംങ് കൂടിക്കാഴ്ചയില്‍ കാര്യമായ തീരുമാനങ്ങളുണ്ടാകാതിരുന്നത് ആഗോള നിക്ഷേപകരെ നിരാശപ്പെടുത്തിയിരുന്നു.
ഗുണകരമായ വ്യാപാരക്കരാര്‍ അമേരിക്കയുടേയും ചൈനയുടേയും ഇടയില്‍ ഉരുത്തിരിഞ്ഞു വന്നേക്കാമെന്ന പ്രതീക്ഷ ഇതോടെ അസ്ഥാനത്തായി. ഈ സാഹചര്യം കൂടുതല്‍ റിസ്കെടുക്കുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിച്ചു. എന്നാല്‍ ആഭ്യന്തര ഘടകങ്ങള്‍ ഇന്ത്യന്‍ വിപണിക്ക് ഏറെ അനുകൂലമായിരുന്നു. പിഎംഐ കണക്കുകള്‍ അത്ര മെച്ചപ്പെട്ടതായിരുന്നില്ലെങ്കിലും ജിഎസ്ടി വരുമാനം മികച്ച നിലയില്‍ തുടര്‍ന്നു. ഇത് സാമ്പത്തിക വളര്‍ച്ചയും ഇടപാടുകളും ശക്തമായി തുടരുന്നതിന്റെ സൂചനയാണ്. ക്രമേണ കോര്‍പറേറ്റ് വരുമാന വളര്‍ച്ചയ്ക്കും ഓഹരി വരുമാന വളര്‍ച്ചയ്ക്കും സഹായകമാവുമെന്ന് നിക്ഷേപകര്‍ കണക്കു കൂട്ടുന്നു. പ്രത്യേകിച്ചും നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തോടെ വരുമാന വര്‍ധനവ് പ്രകടമായിത്തുടങ്ങുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇതിന് സഹായകമായി അനേകം ആഭ്യന്തര ഘടകങ്ങളുണ്ടെങ്കിലും ഇന്ത്യ-അമേരിക്ക കരാറിന്റെ വിജയകരമായ പൂര്‍ത്തീകരണം ഏറ്റവും അനിവാര്യമാണ്. അടുത്ത വര്‍ഷം വിപണിക്ക് ഏറെ നിര്‍ണ്ണായകമാവുക ഈ കരാറാണ്.
നിക്ഷേപകര്‍ ആഭ്യന്തര പണപ്പെരുപ്പ കണക്കുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു. ഭക്ഷ്യ വിലയില്‍ കാര്യമായ കുറവുണ്ടായതിനാല്‍ പണപ്പെരുപ്പ നിരക്കുകള്‍ നിയന്ത്രണ വിധേയമായിരിക്കുമെന്നും അനുമാനിച്ചു. സെപ്റ്റംബറിലും ഒക്ടോബറിലും പണപ്പെരുപ്പത്തില്‍ ഗണ്യമായ കുറവു വന്നിരുന്നു. സാധാരണ നിലയില്‍ പണപ്പെരുപ്പം വളരെ കുറഞ്ഞു നില്‍ക്കുന്നത് വേഗത്തില്‍ വളരുന്ന ഒരു സമ്പദ് ഘടനയില്‍ അത്ര ആശാസ്യമല്ല. എങ്കിലും ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ നില അനുകൂലമായി കാണണം. കാരണം ജിഎസ്ടി നിരക്കില്‍ കേന്ദ്രം വരുത്തിയ കുറവും ഭക്ഷ്യോത്പന്നങ്ങളുടെ വിപണി വിലയില്‍ വന്ന കുറവുമാണ് പണപ്പെരുപ്പ നിരക്കു കുറഞ്ഞു നില്ക്കാന് കാരണമായത്. ഇതു രണ്ടും ഇന്ത്യയെ സംബന്ധിച്ച് അനുകൂല ഘടകങ്ങളായി കണക്കാക്കാം. വായ്പാ നിരക്കു കുറയ്ക്കുവാനും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ഈ സാഹചര്യം ആര്‍ബിഐയെ സഹായിക്കും. ആര്‍ബിഐയുടെ ഏറ്റവും പുതിയ അവലോകനം വെളിപ്പെടുത്തുന്നത് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തോടെ (ജനുവരി-മാര്‍ച്ച്) ഉപഭോക്തൃ കേന്ദ്രീകൃതമായ പണപ്പെരുപ്പം ഉയര്‍ന്നേക്കാം എന്നാണ്.
