ആയിലോട്ട് രാധാകൃഷ്ണന്
വടക്കന്‍ പാട്ടുകളിലെ വീരനായികമാരില്‍ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനമാണ് കുറുമ്പാലക്കോട്ടയിലെ കുറുമച്ചെറുപെണ്ണ് കുഞ്ഞിത്താലുവിനുള്ളത്. ഈ നായികയെ തന്റെ മനോമണ്ഡലങ്ങളിലൂടെ ആവാഹിച്ച് സ്വത:സിദ്ധമായ ശൈലിയില്‍ ആവിഷ്കരിച്ച് അനുവാചകരെ അനുഭവവേദ്യമാക്കുന്നു. രംഗാവതരണം മുതല്‍ മംഗളം വരെ കാണികളില്‍ അനുരണനം സൃഷ്ടിക്കുന്നതില്‍ രാജന് വടയം തന്റെ സര്‍ഗവാസനകള്‍ ചാലിച്ചെടുത്തിട്ടുണ്ടെന്നു നിസ്സംശയം പറയാം. പഴയകാല നാടകങ്ങളില്‍ സൂത്രധാരനിലൂടെയാണ് രംഗപ്രവേശനത്തിന് നാന്ദി കുറിക്കുക. എന്നാല്‍ ഇന്ന് അത് പശ്ചാത്തല സംഗീതത്തിലൂടെയാണ്. കഥാപാത്രങ്ങളുടെ തന്മയത്തത്തോടെയുള്ള സംഭാഷണശകലങ്ങള്‍ കാണികളില്‍ വൈകാരികവും വൈയക്തികവുമായ അനുഭൂതി സൃഷ്ടിച്ചുകൊണ്ട് കഥയുടെ മുഹൂര്‍ത്തങ്ങള്‍ മുന്നോട്ട് നയിക്കുന്നു. പുരുഷമേധാവിത്തത്തിനെതിരെ തന്റെ വാഗ്ധോരണികളും കൂടാതെ, ആയുധപ്രയോഗങ്ങളും കൊണ്ട് നായിക ഉജ്ജ്വല പോരാട്ടം നടത്തുന്നത് നാടകത്തിലൂടെ പ്രകടമാവുന്നു. പ്രണയത്തിന്റെ വിവിധ ഭാവങ്ങള്‍ നായികയിലൂടെ തന്നെ പരികീര്ത്തിക്കുന്നു. ‘തേനെടുക്കാന്‍ ഞാനൊരുത്തി, തേന്‍ നുകരാന്‍ മറ്റൊരുത്തി’, ഇന്നും ഇതിന്റെ മാറ്റൊലികള്‍ സമൂഹത്തില്‍ പ്രതിദ് ധ്വനിക്കുന്നു. എല്ലാം കാലത്തിന്റെ വിധിവൈപരീത്യങ്ങള്‍. ഒടുവില്‍ പ്രതിയോഗിയില്‍ തന്നെ അനുരാഗം ജനിച്ച് വിവാഹത്തിന് തയ്യാറാവുന്നതോടെ നാടകം അവസാനിക്കുന്നു. അനുരാഗ ഗാനം പോലെ.. എല്ലാം മംഗളമായി പര്യവസാനിച്ച് സാമൂഹ്യോല്ക്കര്ഷം ഉളവാകുന്നു.
ഒരു വീരാംഗനയുടെ കഥ

