ധാക്ക: സര്‍ക്കാര്‍ വിരുദ്ധ കാലാപം അടിച്ചമര്‍ത്തിയ കേസില്‍ ബംഗ്ലാദേശിലെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു.ധാക്കയിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യുണല്‍ ആണ് ശിക്ഷ വിധിച്ചത്. കൊലപാതകം, ഉന്മൂലനം, മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് വിചാരണ നടന്നത്.
സര്‍ക്കാര്‍ ജോലികളിലെ വിവാദപരമായ ക്വാട്ട സമ്പ്രദായം ആയിരുന്നു സര്‍ക്കാരിനെതിരെ ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ആരംഭിക്കാന്‍ കാരണം. പ്രതിഷേധം കലാപത്തിലേക്ക് നീങ്ങിയതോടെ സൈന്യം നടത്തിയ ഇടപെടലില്‍ 1,400 ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ബഹുജന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യം നടത്തിയ ഇടപെടലിന്റെ പിന്നിലെ ‘സൂത്രധാരനും പ്രധാന ശില്പിയും’ ഷെയ്ഖ് ഹസീനയാണെന്നാണ് ആരോപണം. മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, പൊലീസ് ഐജി ചൗധരി അബ്ദുല്ല അല്‍ മാമുന്‍ എന്നിവരും കേസുകളില്‍ പ്രതികളാണ്.
ശിക്ഷാവിധിക്കു പിന്നാലെ ബംഗ്ലാദേശില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ബംഗ്ലാദേശില്‍ ഉടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ഹസീനയ്ക്ക് ജയില്‍ ശിക്ഷയോ വധശിക്ഷയോ വിധിച്ചാല്‍ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ അവരുടെ പാര്‍ട്ടിയായ അവാമി ലീഗ് ആഹ്വനവും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയില്‍ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഹസീനയുടെ സര്‍ക്കാര്‍ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ബംഗ്ലാദേശ് വിട്ട ഹസീന ഇപ്പോള്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. ഹസീന എവിടെ ആയാലും ശിക്ഷ നടപ്പാക്കുമെന്ന് ബംഗ്ലദേശ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഹസീനയെ കൈമാറണമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
