എഐ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ കളിക്കേണ്ട; നടപടി വടിയുമായി ഇലക്ഷന്‍ കമ്മീഷന്‍

എഐ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ കളിക്കേണ്ട; നടപടി വടിയുമായി ഇലക്ഷന്‍ കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് കളിച്ചാല്‍ നടപടിയുണ്ടാവുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.എ ഐ ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നവര്‍ക്കുമെതിരെ ശക്തമായ നടപടികളുണ്ടാവും.തെരഞ്ഞെടുപ്പ് കാലത്ത് സാങ്കേതികവിദ്യകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു.സാങ്കേതികവിദ്യയുടെ ദുരുപയോഗമില്ലാതെ തെരഞ്ഞെടുപ്പ് നടത്തുന്നത് നീതിപൂര്‍വ്വമാക്കാന്‍ എല്ലാവരുടെയും സഹകരിക്കണമെന്നും കമ്മീഷണര്‍ ആവശ്യപ്പെട്ടു.

 

ഐ ടി ആക്റ്റ് 2000, ഐടി (ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് ) റൂള്‍സ് 2021, ഭാരതീയ ന്യായ സംഹിത 2023, മാതൃകാ പെരുമാറ്റചട്ടം എന്നിവയിലുള്ള എല്ലാ വ്യവസ്ഥകളും ഇത്തരം ഉള്ളടക്കങ്ങളുടെ നിര്‍മ്മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കണം. ഡീപ് ഫേക്ക് വീഡിയോ, ഓഡിയോ, തെറ്റായ വിവരങ്ങള്‍, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം, കുട്ടികളെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും വിലക്കുന്നു.

ഒരാളുടെ രൂപം, ശബ്ദം, സ്വത്വം തുടങ്ങിയവ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാറ്റിയും അനുമതിയില്ലാതെയും പ്രചരിപ്പിക്കുന്നതും പൂര്‍ണ്ണമായും നിരോധിച്ചു. പാര്‍ട്ടികളുടെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരം ഉള്ളടക്കം കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ മൂന്നു മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യണം. കൂടാതെ അവയുടെ സൃഷ്ടിക്ക് ഉത്തരവാദികളായവര്‍ക്ക് മുന്നറിയിപ്പ് നല്‍കണം, വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്ഫോമുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. എ.ഐ. ഉപയോഗിച്ച് നിര്‍മ്മിച്ച എല്ലാ പ്രചാരണ സാമഗ്രികളും സൃഷ്ടിക്കപ്പെട്ട തീയതി, നിര്‍മ്മാതാവിന്റെ വിവരങ്ങള്‍ എന്നിവ ആഭ്യന്തര രേഖകളായി രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

 

 

 

എഐ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ കളിക്കേണ്ട;
നടപടി വടിയുമായി ഇലക്ഷന്‍ കമ്മീഷന്‍

Share

Leave a Reply

Your email address will not be published. Required fields are marked *