‘ബിഎല്‍ഒയുടെ ആത്മഹത്യയില്‍ കണ്ണൂര്‍ കലക്ടര്‍ പറയുന്നത് പച്ചക്കള്ളം,നവീന്‍ ബാബുവിന്റെ മരണത്തിലും ഉരുണ്ടു കളിച്ച ആളാണ് കലക്ടര്‍’; ജോയിന്റ് കൗണ്‍സില്‍

 

തിരുവനന്തപുരം: കണ്ണൂരില്‍ ബിഎല്‍ഒ അനീഷിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ സിപിഐയുടെ സംഘടന ജോയിന്റ് കൗണ്‍സില്‍. മരണത്തില്‍ കലക്ടര്‍ പുറത്തുവിടുന്നത് തെറ്റായ വിവരമെന്ന് ജോയിന്റ് കൗണ്‍സില്‍ അറിയിച്ചു. ഫോമുകള്‍ കൃത്യമായി വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ചെയ്യാത്ത ജോലി ചെയ്തു എന്ന് പറയാന്‍ ബിഎല്‍ഒമാരെ നിര്‍ബന്ധിക്കുകയാണ്.നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉരുണ്ടു കളിച്ച ആളാണ് കണ്ണൂര്‍ ജില്ലാ കലക്ടര്‍.ആത്മഹത്യയെ നിസാരവത്കരിക്കുന്ന സ്വഭാവം കലക്ടര്‍ക്കുണ്ട്. അതേ നിലപാടാണ് ബിഎല്‍ഒയുടെ ആത്മഹത്യയിലും കലക്ടര്‍ സ്വീകരിച്ചതെന്നും ജോയിന്റ് കൗണ്‍സില്‍ ആരോപിച്ചു.

കലക്ടര്‍ പറഞ്ഞത് പച്ചക്കള്ളമാണ്. എന്തിനുവേണ്ടിയാണ് കലക്ടര്‍ കള്ളം പറയുന്നത് എന്ന് അറിയില്ല.ബിഎല്‍ഒമാരെ കൊണ്ട് കള്ളം പറയാന്‍ പ്രേരിപ്പിക്കുന്നു.അനീഷിന്റെ മരണത്തില്‍ ഒന്നാമത്തെ കുറ്റക്കാരന്‍ ജില്ലാ കലക്ടറാണ്.ആത്മഹത്യക്ക് കാരണക്കാരായവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണം.അനീഷിന്റെ മരണത്തിന് കാരണം ജോലി സമ്മര്‍ദമാണെന്നും സംഘടനാ നേതാക്കള്‍ അറിയിച്ചു.

എസ്‌ഐആര്‍ ജോലി സമ്മര്‍ദത്തെ തുടര്‍ന്നാണ് കണ്ണൂര്‍ ഏറ്റുകുടുക്കയില്‍ ബൂത്ത് ലെവല്‍ ഓഫീസറായ അനീഷ് ജോര്‍ജ് ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്. അതേസമയം, ആത്മഹത്യയില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍, കലക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇന്നലെ പള്ളിയില്‍ പ്രാര്‍ഥനക്ക് പോയി തിരിച്ചെത്തിയ വീട്ടുകാരാണ് അനീഷ് ജോര്‍ജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്‌ഐആര്‍ ജോലികള്‍ ചെയ്തിരുന്ന അനീഷ്, വലിയ മാനസിക സമ്മര്‍ദം നേരിട്ടിരുന്നുവെന്ന് കുടുംബം പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *