കൊച്ചി :ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ മുന്‍ ദേവസ്വം സെക്രട്ടറിയും തിരുവാഭരണം കമ്മിഷണറുമായിരുന്ന എസ്. ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തല്‍ക്കാലത്തേക്ക് തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് വിലക്ക്.
ദ്വാരപാലകപാളി കേസില്‍ നാലാം പ്രതിയാണ് ജയശ്രീ. മിനിട്‌സ് തിരുത്തി ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ജയശ്രീ സ്വര്‍ണപ്പാളികള്‍ കൈമാറിയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.
ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥ മാത്രമായിരുന്നു താനെന്നും സ്വര്‍ണ്ണക്കൊള്ളയെപ്പറ്റി അറിഞ്ഞില്ലെന്നുമാണ് ജയശ്രീയുടെ വാദം. 2017 ജൂലൈ മുതല്‍ 2019 ഡിസംബര്‍ വരെ ജയശ്രീ ആയിരുന്നു ദേവസ്വം ബോര്‍ഡ് സെക്രട്ടറി. അതിനു ശേഷം 2020 മേയില്‍ വിരമിക്കുന്നതുവരെ തിരുവാഭരണം കമ്മിഷണറായും പ്രവര്‍ത്തിച്ചു.
ഹര്‍ജിയില്‍ പ്രാഥമിക വാദം കേട്ട സിംഗിള്‍ ബെഞ്ച് ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കും.പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ജയശ്രീ ഹൈക്കോടതിയെ സമീപിച്ചത്.
