സ്വര്‍ണക്കൊള്ള: എന്‍ വാസുവിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ പുറത്ത്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍. വാസുവിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കുടുതല്‍ വിവരങ്ങള്‍ പുറത്ത്. വാസുവിന്റെ പങ്ക് അക്കമിട്ട് നിരത്തുന്ന റിപ്പോര്‍ട്ട്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനും രണ്ട് അംഗങ്ങള്‍ക്കുമെതിരെ കുരുക്ക് മുറുക്കുന്നതുമാണ്. എന്‍. വാസുവാണ് സ്വര്‍ണപ്പാളിയെ ചെമ്പ് എന്ന് രേഖപ്പെടുത്തുന്നത്. അത് ദേവസ്വം ബോര്‍ഡിന്റെ അറിവോടെയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വാസുവിന് ഗൂഢാലോചനയില്‍ പങ്കുണ്ട്. സ്വര്‍ണക്കൊള്ളയ്ക്കുള്ള എല്ലാ സഹായവും ചെയ്തുകൊടുത്തു. സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ കൊടുത്തുവിടാനുള്ള നടപടി സ്വീകരിച്ചതും വാസുവാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സ്വര്‍ണം പൂശിയതെന്ന പരാമര്‍ശം അന്നത്തെ കമ്മീഷണറായിരുന്ന വാസു ബോധപൂര്‍വം ഒഴിവാക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്വര്‍ണക്കൊള്ള ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ഗൂഢാലോചനയാണെന്നും തങ്ങള്‍ക്ക് അറിവില്ലെന്നുമായിരുന്നു പത്മകുമാറിന്റെ മൊഴി. ഇത് പൂര്‍ണമായും തള്ളുന്നതാണ് റിപ്പോര്‍ട്ട്.
അതേസമയം, എന്‍. വാസുവിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചു. വാസുവിനെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പ് കൂടി ചേര്‍ത്തിട്ടുണ്ട്. കട്ടിളപ്പാളി കേസിലാണ് ഈ വകുപ്പ് ചേര്‍ത്തത്. ഉണ്ണികൃഷ്ണന്‍ പോറ്റി ഒഴികെയുള്ളവര്‍ക്കെതിരെ ഈ വകുപ്പ് ബാധകമാണ്. കേസ് കൊല്ലത്തെ വിജിലന്‍സ് കോടതിയിലേക്ക് മാറ്റിയേക്കും.
ഇതിനിടെ, കേസില്‍ ചോദ്യം ചെയ്യലിന് ഉടന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന് പ്രത്യേക അന്വേഷണസംഘം നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ കസ്റ്റഡിയില്‍ എടുക്കാനും അന്വേഷണസംഘം തീരുമാനിച്ചു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പത്മകുമാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.
നേരത്തെയും ഒരുതവണ നോട്ടീസ് നല്‍കിയെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പത്മകുമാര്‍ ഹാജരായിരുന്നില്ല. ശബരിമല ദ്വാരപാലക ശില്‍പവും കട്ടിളപ്പാളിയും സ്വര്‍ണം പൂശാനായി കൊണ്ടുപോകുമ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നു എ. പത്മകുമാര്‍. അന്ന് ബോര്‍ഡ് അംഗങ്ങളായിരുന്ന രണ്ട് പേരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരുമെന്ന് പത്മകുമാറിനെ അന്വേഷണ സംഘം അറിയിച്ചിരുന്നു.
ഇന്നലെ അറസ്റ്റിലായ എന്‍. വാസുവും മുമ്പ് പിടിയിലായ മുരാരി ബാബുവും ഉള്‍പ്പെടെ നല്‍കിയ മൊഴി പത്മകുമാറിനെതിരാണെന്നാണ് വിവരം. അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വര്‍ണക്കൊള്ളയെക്കുറിച്ച് അറിയാമായിരുന്നെന്നും സ്വര്‍ണപ്പാളികള്‍ ചെമ്പെന്ന് രേഖപ്പെടുത്തിയത് ഇവര്‍ കണ്ടതാണെന്നും ഇവരുടെ കൂടി അറിവോടെയാണ് സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ കൊടുത്തുവിട്ടതെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
