എ കെ അബ്ദുല്‍ ഹക്കീം
സാഹിത്യത്തിലും ജീവിതത്തിലും നിലയ്ക്കാത്ത ഓളങ്ങള്‍ സൃഷ്ടിച്ച എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. പ്രതീക്ഷിക്കാനാവാത്ത ചുവടുകളായിരുന്നു അദ്ദേഹത്തിന്റേത്. ആരും മടിക്കുന്ന പലതും അദ്ദേഹം ചെയ്തു. പലരെയും അസ്വസ്ഥതമാക്കുംവിധം സംസാരിച്ചു. ജീവിച്ചിരിക്കെ അത്ഭുതങ്ങള്‍ കാണിച്ച പുനത്തിലിന്റെ മരണവും അസാധാരണമായിരുന്നു. രണ്ടുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയ ഒരു ‘സ്വയംമരണ’മായിരുന്നു അത്!
മുപ്പതാമത്തെ വയസ്സിലാണ് പുനത്തില്‍ വടകരയില്‍ ഡോക്ടറായി പ്രാക്ടീസ് തുടങ്ങുന്നത്. എഴുത്തില്‍ സജീവമാകുന്ന അക്കാലം മുതല്‍ കാല്‍നൂറ്റാണ്ടിലേറെ നല്ല അച്ചടക്കത്തോടെ ജീവിച്ച ആളായിരുന്നു അദ്ദേഹം. ഡോക്ടര്‍ എന്ന നിലയില്‍ കൃത്യമായി പ്രാക്ടീസ് ചെയ്തിരുന്നു. രാവിലെ നാലുമണിയോടെ എഴുേന്നറ്റ് ചിട്ടയോടെ എഴുതിയിരുന്നു. ആഴ്ചാവസാനങ്ങളിലൊഴിച്ച് എല്ലാ ദിവസവും ആശുപത്രിയില്‍ നിന്ന നിത്യേന വീട്ടില്‍ എത്തിയിരുന്നു. വീട്ടിലിരുന്നാണ് സുഹൃത്തുക്കളോട് നേരംപോക്കുകള്‍ പങ്കുവച്ചിരുന്നത്. വീട്ടില്‍നിന്ന് ഭക്ഷണം കഴിക്കുകയും വീട്ടില്‍ത്തന്നെ ഉറങ്ങുകുയും ചെയ്തിരുന്നു. നല്ല കുടുംബ-ദാമ്പത്യജീവിതം നയിച്ചിരുന്നപ്പോഴാണ് നല്ല രചനകള്‍ നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്്. അരാജകത്വവും എഴുത്തും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ‘നഷ്ടജാതകം’ എന്ന ആത്മകഥയിലും പലപ്പോഴായി നടത്തിയ അഭിമുഖങ്ങളിലും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ജീവിതത്തിന്റെ അവസാന രണ്ടു പതിറ്റാണ്ടുകള്‍ പാളംതെറ്റി ഓടിയ ഒരു വണ്ടിയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന്റെ അതിശയകരമായ പൂര്‍ണതയിലേക്ക് അദ്ദേഹം പോകുന്നത് അവസാന ഇരുപതുവര്‍ഷത്തിനിടയിലാണ്. ആ പോക്ക് മലയാളിക്ക് താങ്ങാനാവാത്ത അവസ്ഥയുണ്ടാക്കിയിട്ടുണ്ട്. അതിന്റെകൂടി അനിവാര്യമായ പരിസമാപ്തിയായിരുന്നു അദ്ദേഹത്തിന്റെ രോഗവും മരണവും.
രോഗം ബാധിച്ച ആളെ സംബന്ധിച്ച് ആരോഗ്യകരമായ ജീവിതത്തിലേക്കു മടങ്ങിയെത്താനുള്ള ആഗ്രഹം സ്വാഭാവികമാണ്. എന്നാല്‍ രോഗത്തില്‍നിന്ന് വിടുതല്‍ നേടി ജീവിതത്തിലേക്കു മടങ്ങിവരണമെന്ന് പുനത്തില്‍ ആഗ്രഹിച്ചിരുന്നില്ല. എന്റെ അനുഭവം വെച്ച് പറയുകയാണെങ്കില്‍, ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള ഗുണപരമായ ഒരു ശ്രമവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടേയില്ല.
അതിബുദ്ധിമാനായ, വലിയ ഭാവനാശേഷിയുള്ള വ്യക്തിയായിരുന്നു പുനത്തില്‍ എന്ന് നാം ഓര്‍ക്കണം. അതിലുപരി അദ്ദേഹം ഒരു ഡോക്ടര്‍കൂടിയായിരുന്നു. മനുഷ്യന്റെ ശരീരശാസ്ത്രത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. എഴുപത്തിമൂന്നാമത്തെ വയസ്സില്‍ ഓര്‍മ്മയ്ക്കും ശരീരത്തിന്റെ ബാലന്‍സിനും നഷ്ടം സംഭവിച്ച സാഹചര്യത്തില്‍ ഒരു ദീര്‍ഘകാല കിടപ്പിനുള്ള സാധ്യത അദ്ദേഹം മനസ്സിലാക്കിയിരുന്നു. പഴയ രീതിയിലുള്ള ‘രാജകീയ’ ജീവിതത്തിലേക്ക് തിരിച്ചുവരാനാവില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഈ തിരിച്ചറിവില്‍ നിന്നുകൊണ്ട് പുനത്തില്‍ മരണത്തെ സ്വയം പുല്‍കുകയായിരുന്നു എന്നാണ് എന്റെ വിലയിരുത്തല്‍.
ഭയരഹിതനായി മരണത്തിലേക്ക്
പുനത്തിലിന്റെ മരണം നേരിട്ടുള്ള ഒരു ആത്മഹത്യയല്ലെന്ന് മാത്രമേ പറയാന്‍ കഴിയുകയുള്ളൂ. പക്ഷേ, ഘട്ടംഘട്ടമായി ഈ ലോകം വിട്ടുപോകാനുള്ള ഒരു ആഗ്രഹത്തിലേക്ക് അദ്ദേഹം എത്തിയിരുന്നു. അതിന് രണ്ടുമൂന്ന് കാരണങ്ങളുണ്ടെന്നാണ് തോന്നുന്നത്.
‘അമ്മ മരിക്കുമ്പോള്‍ എനിക്ക് അഞ്ചുവയസ്സേ ഉണ്ടായിരുുള്ളൂ. അന്ന് ഞാന്‍ കരഞ്ഞില്ല. കാരണം, മരണം എന്താണെ് എനിക്കറിയില്ലായിരുന്നു. അച്ഛന്‍ മരിക്കുന്നത് ഞാന്‍ ഡോക്ടറായ ശേഷമാണ്. അപ്പോഴും ഞാന്‍ കരഞ്ഞില്ല. കാരണം, മരണമെന്താണെന്ന് എനിക്കറിയാമായിരുന്നു’ എന്ന് കൃത്യമായി എഴുതിയ ആളാണ് പുനത്തില്‍. ഭൂമിയില്‍ ജീവിച്ചിരുന്നതിനേക്കാള്‍ സ്വര്‍ഗത്തില്‍ അല്ലെങ്കില്‍ ഭാവനയുടെ ആകാശത്തില്‍ ജീവിച്ച വ്യക്തിയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. മരണമെന്നാല്‍ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വിശാലമായ ആകാശത്തേക്കുള്ള പറന്നുപോകലാണെന്ന് ഭാവനചെയ്ത എഴുത്തുകാരനാണ് അദ്ദേഹം. ”ഞാന്‍ കാരക്കാട്ടെ’ പള്ളിപ്പറമ്പില്‍ കിടക്കും. അവിടെ എന്റെ ഭാര്യയും കുട്ടികളുമൊക്കെ വന്നുചേരും. പിന്നീട് ഞങ്ങള്‍ കോടിക്കണക്കിന് ആത്മാക്കള്‍ ചിത്രശലഭങ്ങളായി സ്വര്‍ഗത്തിലേക്ക് പറന്നുപോകുമെന്ന് അദ്ദേഹം പറയുന്നുണ്ട്. മരിച്ച് ആയിരം കൊല്ലത്തിനുശേഷം മക്കളും പേരമക്കളും അവരുടെ പേരമക്കളുമായി പള്ളിപ്പറമ്പില്‍നിന്ന് സ്വര്‍ഗത്തിലേക്ക് ഒരുമിച്ച് പറന്നുപോകന്നുതിനെക്കുറിച്ച് സ്വപ്നം കാണാനുള്ള ഭാവനയുണ്ടായിരുന്നു പുനത്തിലിന്. മരണത്തെ അദ്ദേഹം ഭയപ്പെട്ടിരുന്നില്ല എന്നുമാത്രമല്ല, വളരെ റൊമാന്റിക്കായി ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നു.
ആദ്യകൃതിയില്‍ത്തന്നെ അദ്ദേഹം എഴുതുന്നത് പള്ളിപ്പറമ്പിനെക്കുറിച്ചും ഖബറിനുമുകളിലെ അടയാളക്കല്ലുകളെക്കുറിച്ചുമാണ്. മരണം അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായിരുന്നു. നമ്മളെല്ലാം ഭയപ്പെടുന്നതുപോലെ അകന്നുനില്‍ക്കേണ്ട ഒന്നായിട്ടല്ല, വളരെ ഇഷ്ടത്തോടെ ചേര്‍ത്തുനിര്‍ത്തേണ്ട ഒന്നായിട്ടാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള മരണത്തെ കണ്ടിരുന്നത്. എഴുത്തില്‍ പലയിടത്തും മരണത്തെ അതിസുന്ദരമായി അദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ട്. ‘ക്ഷേത്രവിളക്കുകള്‍’ എന്ന പ്രശസ്തമായ കഥയിലെ ഒരു വാചകം ഇങ്ങനെയാണ്: ‘അമ്പലച്ചുമരിലെ നെയ്‌വിളക്കുകള്‍ ചിലത് വീണ്ടും അണഞ്ഞുതുടങ്ങി. വിളക്കുകള്‍ ഓരോന്നായ് അണയുമ്പോള്‍ ആല്‍മരങ്ങളുടെ ഇലകള്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു.’
മരണത്തില്‍ ഏതൊരു മനുഷ്യനാണ് പേടിയില്ലാത്തത് എന്ന മറുചോദ്യം നമ്മുടെ സാമാന്യയുക്തിയില്‍ ഉയര്‍േന്നക്കാം. യുക്തിയുടെയോ വിശ്വാസത്തിന്റെയോ അളവുപാത്രങ്ങളില്‍ ഒതുങ്ങാത്ത പ്രതിഭാശാലിയാണ് പുനത്തില്‍ എന്നതാണ് ഈ ചോദ്യത്തിന്റെ ഉത്തരം. അതുകൊണ്ടാണ് അദ്ദേഹം മരണത്തോട് കാണിച്ച ഉപാസന നമുക്ക് അത്രവേഗം മനസ്സിലാകാതെ പോകുന്നത്. വളരെ ചെറുപ്പത്തില്‍ അമ്മയെ പള്ളിപ്പറമ്പിലേക്ക് കൊണ്ടുപോയത് മുതല്‍ കേട്ട കഥകളാണ് അദ്ദേഹത്തെ രൂപപ്പെടുത്തുന്നത്. ഇച്ചാച്ച (അച്ഛന്റെ സഹോദരി) യായിരുന്നു പുനത്തിലിനെ വളര്‍ത്തിയത്. അവരുടെ മടിയില്‍ കിടന്ന് കേട്ടിരുന്നത് ജിന്നുകളുടെയും മലക്കുകളുടെയും ഇഫ്‌രീത്തുകളുടെയും കഥകളായിരുന്നെന്ന് പുനത്തില്‍ എഴുതിയിട്ടുണ്ട്. അദൃശ്യരായ, ആകാശസഞ്ചാരികളായ, സ്വര്‍ഗാവകാശികളായ ആളുകളായിരുന്നു ചെറുപ്പം മുതല്‍ പുനത്തിലിന്റെ കൂട്ടുകാര്‍.
കണ്ണടയും മുമ്പേ കണ്ണടച്ച്
വെറും ഊഹങ്ങളല്ലേ ഇതെല്ലാം, എന്ത് തെളിവാണ് നിങ്ങള്‍ക്ക് തരാന്‍ കഴിയുക എന്ന മറുചോദ്യവും സ്വാഭാവികമാണ്. ഇതിനെല്ലാം യുക്തിഭദ്രമായ തെളിവുകള്‍ നമ്മുടെ മുമ്പിലുണ്ട് എതാണ് യാഥാര്‍ഥ്യം. അവസാന രണ്ടുകൊല്ലവും കണ്ണടച്ച് കിടക്കുകയായിരുന്നു അദ്ദേഹം എന്നതാണതില്‍ പ്രധാനം. അത്യപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രമേ അദ്ദേഹം കണ്ണുതുറന്നിരുന്നുള്ളൂ. കണ്ണുതുറക്കാതിരിക്കാന്‍ കഴിയാത്ത ഒരു അസുഖവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹം ലോകത്തെ, ഭൂമിയെ കൈവിട്ട് കഴിഞ്ഞിരുന്നു, കാണാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നതുമാത്രമായിരുന്നു അതിനു കാരണം. ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ കണ്ണുതുറക്കും, കഴിക്കും. ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ കൊണ്ടുപോയി കിടത്താന്‍ ആവശ്യപ്പെടും. എന്നിട്ട് വീണ്ടും കണ്ണടച്ച് കിടക്കും. അടുത്തുപോയി ‘കുഞ്ഞിക്കാ… കുഞ്ഞിക്കാ’…’ എന്ന് കുറേസമയം വിളിച്ച് കഴിഞ്ഞാല്‍ കണ്ണുതുറന്ന് ‘ആ മാഷു വന്നോ’ എന്നെല്ലാം ചോദിച്ച് ഒരു രണ്ട് മിനിട്ടു നേരത്തേക്ക് കണ്ണുതുറക്കും. ‘കുഞ്ഞിക്കാ കണ്ണടയ്ക്കല്ലേ’യെന്ന് പറയുമ്പോഴേക്കും കണ്ണുകള്‍ ഇറുക്കി അടച്ചിട്ടുണ്ടാവും. മുകുന്ദേട്ടനെപ്പോലെ (എം. മുകുന്ദന്‍) ഹൃദയബന്ധമുള്ള സുഹൃത്തുക്കളോ ബന്ധുക്കളോ ചെന്നാല്‍ പത്തുമിനിട്ടെല്ലാം അവരോട് മനസ്സുതുറന്ന് ഇടപഴകുമായിരുന്നത് മാത്രമാണ് ഇതിന് അപവാദം. ഇതിനിടയില്‍ പത്രക്കാരോടെല്ലാം തമാശകള്‍ പറഞ്ഞ് ആസ്വദിച്ച സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. ”എന്താ നല്ല പെണ്‍കുട്ടികളെയൊന്നും നിങ്ങളുടെ കൂട്ടത്തില്‍ കാണുില്ലല്ലോ”യെന്ന് ഫ്‌ളാറ്റില്‍വെച്ച് നടന്ന അവാര്‍ഡ് സ്വീകരണത്തിനിടെ അദ്ദേഹം പത്രക്കാരോട് ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ കുസൃതിക്കോ മാനസികഭാവത്തിനോ മാറ്റമില്ലാതിരുന്ന കാലത്താണ് കണ്ണടച്ചുകിടന്ന് അദ്ദേഹം ലോകത്തെ കാഴ്ചയില്‍നിന്ന് പുറംതള്ളാന്‍ ശ്രമിച്ചിരുതെന്നാണ് പറഞ്ഞുവരുന്നത്.
ഞാന്‍ എഡിറ്റ് ചെയ്ത ‘ശിലയില്‍ തീര്‍ത്ത സ്മാരകങ്ങള്‍’ എന്ന അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം ഫ്‌ളാറ്റില്‍ വച്ചാണ് നടത്തിയത്. എം. എ. ബേബി, എം. മുകുന്ദന്‍, സക്കറിയ, ആനന്ദ് തുടങ്ങി അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ അവിടെ സന്നിഹിതരായിരുന്നു. അന്ന് അദ്ദേഹം വളരെ സരസമായി അവരോടെല്ലാം സംസാരിച്ചിരുന്നു. ഇത്തരത്തില്‍ സംസാരിക്കാനോ ഓര്‍മ്മ പുതുക്കാനോ അദ്ദേഹത്തിന് ശാരീരികമായി ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കാനാണ് ഈ സന്ദര്‍ഭങ്ങളെല്ലാം ഓര്‍ത്തെടുക്കുന്നത്.
സ്വച്ഛന്ദമൃത്യു
അവസാനകാലത്ത് അദ്ദേഹത്തിന്റെ ശരീരം കൂടുതല്‍ ദുര്‍ബലമായി. ഭക്ഷണത്തോട് വിരക്തി കാണിച്ചതാണ് അതിന്റെ കാരണം. ഏറ്റവും നല്ല ഭക്ഷണം ഉണ്ടാക്കി കഴിക്കുക മാത്രമല്ല, മറ്റുള്ളവരെ ഊട്ടിയ ആളുമായിരുന്നു പുനത്തില്‍. വീട്ടില്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിരുന്ന പുനത്തില്‍ ഓരോന്നും ആസ്വദിച്ചാണ് കഴിച്ചിരുന്നത്. സ്വയം ആസ്വദിക്കുന്നതിനൊപ്പം അതിന്റെ സ്വാദിനെക്കുറിച്ച് വര്‍ണിക്കുകയും കൂടെ കഴിക്കുന്നവരെകൂടി ആസ്വദിപ്പിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ആ പുനത്തിലിനാണ് അവസാനകാലത്ത് ഭക്ഷണത്തോട് ഇഷ്ടമില്ലാതാവുന്നത്്. ശാരീരികമായ കാരണങ്ങളും ഉണ്ടാകാമെങ്കിലും മാനസികമായ താല്‍പ്പര്യക്കുറവും ഇക്കാര്യത്തിലുണ്ടായിരുന്നു എന്നാണ് എന്റെ പക്ഷം.
പള്‍സ് റേറ്റും ‘്പ്രഷറുമെല്ലം കുറഞ്ഞ് അവസാനമാസങ്ങളില്‍ അദ്ദേഹം അനാരോഗ്യത്തിലേക്ക് പെട്ടെന്നു പതിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് നെഞ്ചില്‍ അണുബാധ ഉണ്ടാകുന്നത്. ഇതേ തുടര്‍ന്ന് ബേബി ഹോസ്പിറ്റലില്‍ച്ചെന്ന് ഡോക്ടറെ കാണിച്ച്, വീണ്ടും ഫ്‌ളാറ്റിലേക്ക് മടങ്ങി. വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്‌ളാറ്റിലേക്ക് മടങ്ങി. മരണത്തിന്റെ തൊട്ടുമുമ്പുള്ള മൂന്നോ നാലോ ദിവസം ആരോടും സംസാരിക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. ഡോക്ടര്‍ എന്ന നിലയില്‍ ശരീരത്തിന്റെയും ഭാവനാശാലിയായ എഴുത്തുകാരന്‍ എന്ന നിലയില്‍ മനസ്സിന്റെയും എല്ലാ അവസ്ഥാന്തരങ്ങളും പഠിക്കുകയും അനുഭവിക്കുകയും ചെയ്ത പുനത്തില്‍ കുഞ്ഞബ്ദുള്ള മുന്നിലെത്തിക്കഴിഞ്ഞ മരണത്തെ സന്തോഷപൂര്‍വം സ്വീകരിക്കുകയായിരുന്നു.
