ഡല്‍ഹി സ്ഫോടനം: പത്തില്‍ ആറും ഡോക്ടര്‍മാര്‍; ആശയ വിനിമയം ടെലിഗ്രാം വഴി
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ വ്യാപക റെയ്ഡ്. കുല്‍ഗാമില്‍ നിരോധിത ജമാഅത്ത്-ഇ-ഇസ്ലാമിയുടെ 200 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. നിരവധി ലഘുലേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു. സംഘടനയുമായി ബന്ധമുള്ള 500 ഓളം പേരെ ചോദ്യം ചെയ്യാനായി ജമ്മു കശ്മീര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലെ വൈറ്റ് കോളര്‍ മൊഡ്യൂളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ, ഹരിയാന മേവത്തിലെ മതനേതാവ് മൗലവി ഇഷ്തിയാഖിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യൂണിവേഴ്സിറ്റി സമുച്ചയത്തിലെ വാടക വീട്ടിലാണ് മൗലവി ഇഷ്തിയാഖ് താമസിച്ചിരുന്നത്. ഇയാളുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 2,500 കിലോഗ്രാം അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ എന്നിവ പൊലീസ് കണ്ടെടുത്തിരുന്നു. ഇഷ്തിയാഖിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ശ്രീനഗറിലേക്ക് കൊണ്ടുപോയി. അറസ്റ്റിലായ ഡോക്ടര്‍ മുസമ്മില്‍ ഗനി എന്ന മുസൈബും, ഡല്‍ഹിയില്‍ ചാവേറായ ഡോക്ടര്‍ ഉമര്‍ നബിയും മൗലവി ഇഷ്തിയാഖിന്റെ വസതിയിലാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു.
ഫരീദാബാദിലെ ഡോക്ടര്‍മാരുടെ വൈറ്റ് കോളര്‍ മൊഡ്യൂളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നതെന്ന് കരുതപ്പെടുന്ന രണ്ട് ടെലഗ്രാം ഗ്രൂപ്പുകളെക്കുറിച്ച് അന്വേഷണസംഘത്തിന് തെളിവു ലഭിച്ചു. ഫര്‍സന്ദന്‍-ഇ-ദാറുല്‍ ഉലൂം (ദിയോബന്ദ്), പാകിസ്ഥാന് ആസ്ഥാനമായുള്ള ജെയ്ഷെ -മുഹമ്മദ് പ്രവര്‍ത്തകനായ ഉമര്‍ ബിന്‍ ഖത്താബ് നിയന്ത്രിക്കുന്ന മറ്റൊരു ഗ്രൂപ്പ് എന്നിവയാണ് അവ. ഡല്‍ഹിയില്‍ ചാവേറായ ഡോക്ടര്‍ ഉമര്‍ നബിയും ഷോപ്പിയാന്‍ സ്വദേശിയായ ഇമാം ഇര്ഫാന് അഹമ്മദ് വാഗായുമാണ് തുടക്കത്തില്‍ ഗ്രൂപ്പില്‍ ആശയവിനിമയം നടത്തിയിരുന്നത്.
