തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുളള പെരുമാറ്റച്ചട്ടം ഇന്നുമുതല്‍ നിലവില്‍ വന്നു.തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1119 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 23576 വാര്‍ഡുകളിലേക്കായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂരില്‍ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. സംസ്ഥാനത്ത് ആകെ 33746 പോളിങ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. 1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50691 കണ്ട്രോള് യൂണിറ്റുകളുമുണ്ടാകും. ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയായിരിക്കും വോട്ടെടുപ്പിനായി നിയോഗിക്കുക. സുരക്ഷക്കായി 70,000 പൊലീസുകാരെയും നിയോഗിക്കും. ആകെ 2.50 ലക്ഷം ഉദ്യോഗസ്ഥരായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഉണ്ടാകുക.ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കിലും മട്ടന്നൂരിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബര്‍ 13നായിരിക്കും വോട്ടെണ്ണൽ.
സംസ്ഥാനത്ത് ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിടത്തും നിലവില്‍ ഇടതു മുന്നണിക്കാണ് ഭരണം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം കോര്‍പ്പറേഷനുകള്‍ എല്‍ഡിഎഫാണ് ഭരിക്കുന്നത്. കണ്ണൂരില്‍ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്തെ നഗരസഭകളുടെ കാര്യം നോക്കിയാല്‍ ആകെയുള്ള 87 നഗരസഭകളില്‍ 44 നഗരസഭകളില്‍ ഇടതുമുന്നണിയാണ് ഭരിക്കുന്നത്. 41 നഗരസഭകളിലാണ് യു.ഡി.എഫ് ഭരിക്കുന്നത്. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്. 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടത്താണ് ഇടത് ഭരണമുള്ളത്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും.എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളാണ്. അതില്‍ 571 ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. എന്‍ഡിഎ ഭരണമുള്ളത് 12 പഞ്ചായത്തുകളിലാണ്. മറ്റുള്ളവര്‍ 7 പഞ്ചായത്തുകളിലും ഭരണ സാരഥ്യത്തിലുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് മുന്നണികള്‍.
ഇനി സംസ്ഥാനത്ത് തദ്ദേശ അങ്കം;
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍
