വീടെടുത്ത് കുറച്ച് കഴിഞ്ഞാല്‍ വരുന്ന തോന്നലുകളില്‍ ചിലത് ഇതാ….

വീടെടുത്ത് കുറച്ച് കഴിഞ്ഞാല്‍ വരുന്ന തോന്നലുകളില്‍ ചിലത് ഇതാ….

പുതിയ വീടിന്റെ പാലുകാച്ചല്‍ കഴിഞ്ഞ സമയത്ത് ‘സൂപ്പര്‍’ എന്നുതോന്നുന്ന പലകാര്യങ്ങളും രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ‘തലവേദനയായല്ലോ’ എന്നുതോന്നാം. വീടുപണി കഴിഞ്ഞു കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുള്ളവര്‍ക്ക്, ‘വീട്ടില്‍ ഒഴിവാക്കാമായിരുന്നു’ എന്ന് പിന്നീട് തോന്നിയ കാര്യങ്ങള്‍ എന്തൊക്കെയാകാം?

 

ചില ഉദാഹരണങ്ങള്‍ താഴെ

മുകള്‍നില വേണ്ടിയിരുന്നില്ല- മക്കള്‍ വീട്ടിലില്ല, അതുകൊണ്ട് അവിടെ ആരും കയറുന്നില്ല. വൃത്തിയാക്കാന്‍ ബുദ്ധിമുട്ടുണ്ട്. സ്റ്റെയറിനു ‘മേക്കപ്പിടാന്‍’ ഒരുപാട് പണം ചെലവഴിക്കേണ്ടിയിരുന്നില്ല- മധ്യവയസ്സ് കടന്നതോടെ സ്റ്റെയര്‍ കാണുമ്പോള്‍ത്തന്നെ മുട്ടുവേദന തുടങ്ങുന്നു. പകരം ലിഫ്റ്റിന് പ്ലാനിങ് ഘട്ടത്തില്‍ ഇടം വകയിരുത്തേണ്ടിയിരുന്നു.
പര്‍ഗോളകള്‍ വേണ്ടിയിരുന്നില്ല- ആദ്യം രസമായി തോന്നിയെങ്കിലും ഇപ്പോള്‍ വൃത്തിയാക്കാന്‍ ബുദ്ധിമുട്ടുണ്ട്.
ഒരുപാട് കോര്‍ട്യാര്‍ഡും ഇന്‍ഡോര്‍ പ്ലാന്റുകളും വേണ്ടിയിരുന്നില്ല- പരിപാലനം ബുദ്ധിമുട്ടാണ്. പലതും ഉണങ്ങിപ്പോയി.
ഓവര്‍ ആയിട്ടുള്ള ഇന്റീരിയര്‍ വര്‍ക്കുകള്‍, എല്ലാ മുറിക്കും ബാത്‌റൂം, അപ്പര്‍ ലിവിങ് തുടങ്ങിയവ വേണ്ടിയിരുന്നില്ല- വെറുതെ ചതുരശ്രയടിയും ബജറ്റും കൂടിയതല്ലാതെ ഉപയോഗിക്കുന്നില്ല.

അയല്‍പക്കത്തേക്ക് നോക്കി വീടുപണിയാതെ, സ്വന്തം പോക്കറ്റ് നോക്കി വീട് പണിയണം. ചുറ്റുമുള്ള പല സാഹചര്യങ്ങളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി, വലിയ തുക ലോണ്‍ എടുത്ത് ‘എടുത്താല്‍ പൊങ്ങാത്ത വീട്’ പണിതശേഷം, മാസശമ്പളത്തിന്റെ സിംഹഭാഗവും ഇഎംഐ ആയി ചോര്‍ന്നുപോകുമ്പോള്‍, ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ ഞെരുങ്ങി ജീവിക്കുന്ന ധാരാളം സാധാരണക്കാരുണ്ട്. അതേസമയം സ്റ്റാറ്റസ് നിലനിര്‍ത്താന്‍ ആവശ്യത്തിലും വലിയ വീട് പണിതിട്ട്, തൂത്തു തുടയ്ക്കാന്‍ ജോലിക്കാരെ കിട്ടാതെ ബുദ്ധിമുട്ടി ജീവിക്കുന്നവരുണ്ട്. അതുമല്ലെങ്കില്‍ മക്കളാരും അരികില്‍ ഇല്ലാതെ വലിയ വീട്ടില്‍ ഏകാന്തതയുടെ തടങ്കലില്‍ കഴിയുന്നവരുമുണ്ട്.
ചതുരശ്രയടി കുറച്ചാല്‍ ബജറ്റും കൈപ്പിടിയില്‍ ഒതുക്കാനാകും.

Share

Leave a Reply

Your email address will not be published. Required fields are marked *