തെരുവ് നായ്ക്കളെ നീക്കല്‍; സുപ്രീം കോടതി ഉത്തരവ് കേരളത്തിന് വെല്ലുവിളി

തെരുവ് നായ്ക്കളെ നീക്കല്‍; സുപ്രീം കോടതി ഉത്തരവ് കേരളത്തിന് വെല്ലുവിളി

തെരുവ് നായ്ക്കളെ നീക്കല്‍; സുപ്രീം കോടതി ഉത്തരവ് കേരളത്തിന് വെല്ലുവിളി

 

തിരുവനന്തപുരം: പൊതു ഇടങ്ങളില്‍ നിന്നും തെരുവ് നായ്ക്കളെ സമയബന്ധിതമായി നീക്കണം എന്ന് സുപ്രീം കോടതി നിലപാട് കടുപ്പിക്കുമ്പോള്‍ കേരളത്തിലെ സാഹചര്യങ്ങള്‍ സങ്കീര്‍ണം. എട്ടാഴ്ചയാണ് തെരുവ് നായ വിഷയത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന സമയം. ഈ സമത്തിനുള്ളില്‍ ഏകദേശം 5 ലക്ഷത്തോളം തെരുവ് നായ്ക്കളെയാണ് സംസ്ഥാനത്തിന് കൈകാര്യം ചെയ്യേണ്ടിവരിക. ഇവയെ ഉള്‍ക്കൊള്ളാന്‍ ആവശ്യമായ സൗകര്യങ്ങളുള്ള ഷെല്‍റ്ററുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കേണ്ടിവരും. തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്ന സംസ്ഥാനത്ത് സമയ ബന്ധിതമായി നിര്‍ദേശങ്ങള്‍ നടപ്പാക്കുക എന്നത് സര്‍ക്കാരിന് വലിയ വെല്ലുവിളി സൃഷ്ടിച്ചേക്കും.

പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്ത്, മൃഗ ജനന നിയന്ത്രണ (എബിസി) നിയമങ്ങള്‍ക്കനുസൃതമായി വന്ധ്യംകരണവും വാക്സിനേഷനും നടത്തിയ ശേഷം ഷെല്‍റ്ററുകളില്‍ പുനരധിവസിപ്പിക്കണം എന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഇവയെ പിടികൂടിയ സ്ഥലത്ത് തുറന്ന് വിടരുത് എന്നും കോടതി വ്യക്തമാക്കുന്നു. ഉത്തരവ് നടപ്പാക്കിയതുമായി ബന്ധപ്പെട്ട പുരോഗതി റിപ്പോര്‍ട്ട് 2026 ജനുവരി 13 സമര്‍പ്പിക്കണം എന്നുമാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഉത്തരവില്‍ പറഞ്ഞിരിക്കുന്ന ഷെല്‍ട്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിലവിലുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ നല്‍കുന്ന പ്രതികരണം. എല്ലാ ജില്ലകളിലും തെരുവ് നായ്ക്കള്‍ക്ക് ഷെല്‍റ്ററുകള്‍ തുറക്കാന്‍ സ്ഥലം കണ്ടെത്തുക പ്രയാസമാണെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചര്‍ച്ചകള്‍ നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കുന്നു.

കേരളം ജനസാന്ദ്രതയുള്ള സംസ്ഥാനമാണ്. തെരുവ് നായകളുടെ വന്ധ്യം കരണം നടപ്പാക്കേണ്ട എബിസി സെന്ററുകള്‍ സ്ഥാപിക്കുന്നതില്‍ പോലൂം ജനങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വരുന്നു. ‘ഈ വര്‍ഷം കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ എബിസി സെന്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൊല്ലം ഓച്ചിറയില്‍ എബിസി സെന്ററിന് തറക്കല്ലിടാന്‍ എത്തിയപ്പോള്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നു. ഒരു കോടി രൂപ ചെലവഴിച്ച് കണ്ണൂരില്‍ കേന്ദ്രം സ്ഥാപിച്ചു, പക്ഷേ നാട്ടുകാര്‍ അത് മാറ്റണമെന്ന് ആവശ്യപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *