കെ.എഫ്.ജോര്‍ജ്
യുനസ്കോ ലോകത്തിലെ 53 നഗരങ്ങള്‍ക്ക് സാഹിത്യ നഗര പദവി നല്‍കിയിട്ടുണ്ട്. അതില്‍ കോഴിക്കോടും ഉള്‍പ്പെടുന്നുവെന്നത് വളരെ അഭിമാനകരമായ വസ്തുതയാണ്. ബാബുരാജിനെപ്പോലെയുള്ള പ്രഗല്ഭ സംഗീതജ്ഞരുടെ നാടായ കോഴിക്കോടിനെ സംഗീത നഗരമെന്നും വിളിക്കുന്നതില്‍ തെറ്റില്ല. നിരവധി മാധ്യമങ്ങള്‍ ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു. നാടകങ്ങളുടെ സുവര്‍ണ കാലത്ത് ഇതൊരു നാടക നഗരവുമായിരുന്നു.
ഇങ്ങനെ മലബാറിന്റെ ഈ ആസ്ഥാന കേന്ദ്രത്തിന് സാംസ്കാരികമായി മേനി പറയാനും അഭിമാനിക്കാനും ഏറെ വകകളുണ്ട്. സാംസ്കാരിക രംഗത്തെ ഈടുവയ്പുകളെ കൂടുതല്‍ ജനകീയമാക്കി പോഷിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. വ്യവസ്ഥാപിത രീതിയില്‍ വലിയ ഹാളുകളില്‍ നടത്തുന്ന സാഹിത്യ – സംഗീത പരിപാടികള്‍ മാത്രമാണ് ഇവിടെ പരിചിതമായിട്ടുള്ളത്. ഇത്തരം പരിപാടികള്‍ നമ്മുടെ തെരുവുകളില്‍ ചെറിയ ചെലവില്‍ നടത്തികൂടേ? പടിഞ്ഞാറന്‍ രാജ്യങ്ങളിലെ തെരുവുകളില്‍ പാട്ടുപാടുന്നവരേയും വയലിന് വായിക്കുന്നവരേയുമെല്ലാം കാണാം. ഇവരാരും ഉപജീവനത്തിന് ഇങ്ങനെ ചെയ്യുന്നവരല്ല. ആ നാടുകളിലെ എണ്ണം പറഞ്ഞ കലാകാരന്മാരാണ്. ആത്മസംതൃപ്തിക്ക് അവര്‍ അങ്ങനെ ചെയ്യുന്നു. ജനങ്ങള്‍ അവരെ പ്രോല്‍സാഹിപ്പിക്കുന്നു, ബഹുമാനിക്കുന്നു.
ഇങ്ങനെ നമ്മുടെ തെരുവുകളെ സാംസ്ക്കാരികമായി ഉണര്‍ത്താന്‍ കഴിഞ്ഞാല്‍ വിഭാഗീയ ചിന്തകള്‍ വെടിഞ്ഞ് ജനങ്ങള്‍ ഒന്നാകാന്‍ ത്തത് ഉപകരിക്കും. സായാഹ്നങ്ങള്‍ ഉല്സാഹഭരിതമാകും. ഒന്നും ചെയ്യാനില്ലാതെ മുഷിയുമ്പോഴാണ് പലരും വൈകുന്നേരങ്ങളില്‍ മദ്യത്തിനും ലഹരിമരുന്നുകള്‍ക്കും പിന്നാലെ പോകുന്നത്. മനസ് ഉണരുമ്പോള്‍ കുറച്ചു പേരെങ്കിലും ഈ കുരുക്കില്‍ നിന്നു രക്ഷപ്പെടും.
ഇംഗ്ലണ്ടില്‍ വില്യം ഷേക്സ്പിയര് ജനിച്ച വീട് സന്ദര്‍ശിച്ചപ്പോള്‍ അവിടെ അദ്ദേഹത്തിന്റെ നാടകങ്ങളിലെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ നടീനടന്മാരാണ് നാടക സംഭാഷണങ്ങള്‍ പറഞ്ഞു കൊണ്ട് എന്നെ സ്വീകരിച്ചത്. പെട്ടെന്ന് നമ്മള് ഷേക്സ്പിയര് കാലത്തിലേക്ക് ഫ്ളാഷ്ബാക്ക് അടിക്കുന്നു. അവിടെയുള്ള നാടക കലാകാരന്മാര്ക്ക് ഈ വേഷം കെട്ടല്‍ ഉപജീവന മാര്‍ഗം കൂടിയാണ്. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇപ്പോഴും അവിടെ ദിവസവും ഷേക്സ്പിയര് നാടകങ്ങള്‍ അരങ്ങേറുന്നു. ശ്രമിച്ചാല്‍ ഇതേ മാതൃകയില്‍ നമുക്ക് ഇവിടെ എന്തെല്ലാം ചെയ്യാന്‍ കഴിയും!
സാഹിത്യ നഗരത്തിന്റെ
സാംസ്ക്കാരിക സാധ്യതകള്‍
