കെകെ അഹ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ അന്തരിച്ചു
കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും സുന്നി മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റും ജാമിഅ മര്‍കസ് സീനിയര്‍ മുദരിസുമായ കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ അന്തരിച്ചു. 80 വയസ്സായിരുന്നു. ജനാസ നിസ്കാരം രാവിലെ എട്ട് മണിക്ക് മര്‍കസ് കാമ്പസിലുള്ള മസ്ജിദുല്‍ ഹാമിലിയിലും ഉച്ചക്ക് ഒരു മണിക്ക് താമരശ്ശേരിക്കു സമീപം കട്ടിപ്പാറ ചെമ്പ്ര കുണ്ട ജുമാ മസ്ജിദിലും നടക്കും. താമരശ്ശേരിക്കടുത്ത കട്ടിപ്പാറ ചെമ്പ്രകുണ്ടയിലായിരുന്നു താമസം.
കോഴിക്കോട് ജില്ലയിലെ മങ്ങാട് കുറുപ്പനക്കണ്ടി തറവാട്ടില്‍ കുഞ്ഞായിന്‍ കുട്ടി ഹാജിയുടെയും ഇമ്പിച്ചി ആയിശ ഹജ്ജുമ്മയുടെയും മകനായി 1945ല്‍ ജനനം. ഇയ്യാട് യുപി സ്കൂളില്‍ ഏഴാം ക്ലാസ് വരെ പഠനം. മങ്ങാട്, ഇയ്യാട്, തൃപ്പനച്ചിക്കടുത്ത പാലക്കാട്, കൊടുവള്ളിക്ക് അടുത്ത ഉരുളിക്കുന്ന് പള്ളി, ആക്കോട് ജുമാ മസ്ജിദ്, ഐക്കരപ്പടി പുത്തൂപ്പാടം, പരപ്പനങ്ങാടി പനയത്തില്‍ പള്ളി, ചാലിയം ജുമാ മസ്ജിദ്, വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത് എന്നിവിടങ്ങളിലാണ് മതപഠനം നടത്തിയത്. ഇ കെ ഹസന് മുസ്ലിയാര്, ഇമ്പിച്യാലി മുസ്ലിയാര്, കുറ്റിപ്പുറം അബ്ദുല്ല മുസ്ലിയാര്, പി എ അഹ്മദ് മുസ്ലിയാര്, ഉസ്താദുല്‍ അസാതീദ് ഒകെ സൈനുദ്ദീന്‍ കുട്ടി മുസ്ലിയാര്, ശൈഖ് ഹസന് ഹസ്റത്ത് എന്നിവരാണ് പ്രധാന ഗുരുവര്യര്‍. 1972 ല്‍ മൗലവി ഫാളില്‍ ബാഖവി ബിരുദം നേടി.
കൊടുവള്ളിക്കടുത്ത കരുവന്‍പൊയില്‍ ദര്‍സിലാണ് ഇസ്ലാമിക അധ്യാപന ജീവിതം ആരംഭിക്കുന്നത്. ശേഷം വടകര അടക്കാതെരുവ്, അന്നശ്ശേരി, എളേറ്റില്‍ വട്ടോളിക്കടുത്ത കണ്ണിറ്റമാക്കില്‍ എന്നിവിടങ്ങളിലും ദര്‍സ് നടത്തി. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ക്ഷണം സ്വീകരിച്ച് 1988ല്‍ കാരന്തൂര്‍ ജാമിഅ മര്‍കസില്‍ മുദരിസായി.
നിലവില്‍ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ്, കേരള മുസ്ലിം ജമാഅത്ത്, മര്‍കസുസ്സഖാഫത്തി സുന്നിയ്യ, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തുടങ്ങിയവയുടെ വൈസ് പ്രസിഡന്റ് പദവി വഹിക്കുന്നു. കട്ടിപ്പാറ അല്‍ ഇഹ്സാന്‍ സ്ഥാപങ്ങളുടെ പ്രസിഡന്റ് ആണ്. കൂടാതെ നിരവധി സ്ഥാപനങ്ങളുടെയും മഹല്ലുകളുടെയും നേതൃസ്ഥാനവും വഹിച്ചിരുന്നു. നേരത്തെ സമസ്ത കേരള സുന്നി യുവജന സംഘം വൈസ് പ്രസിഡന്റായിരുന്നു.
ബീഫാത്തിമ ഹജ്ജുമ്മയാണ് ഭാര്യ. മക്കള്‍: മുനീറ, ശരീഫ, ഹബീബ, സുമയ്യ, ആബിദ, അബ്ദുറഹ്മാന്, സഹ്ല് സഖാഫി. മരുമക്കള്‍: മുഹമ്മദ് ബാഖവി, അബ്ദുസമദ്, സലാം ദാരിമി, ശുക്കൂര്‍, ബശീര്‍, സല്‍വ
