മുക്കം: തൊഴില്‍ മേഖലയിലെ മാറ്റങ്ങളെയും, വ്യവസായ-അക്കാദമിക മേഖലകളുടെ ഇടയിലെ അകല്‍ച്ച കുറയ്ക്കുന്നതിനെയും ചര്‍ച്ച ചെയ്യുന്നതിനായി കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, ടൈ കെരളയുടെ സഹകരണത്തോടെ കെ.എം.സി.ടി കണ്‍വേര്‍ജ് 2025 സംഘടിപ്പിച്ചു.
ഫോര്‍ച്യൂണ്‍ 500 കമ്പനികളിലെ പ്രമുഖര്‍, രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രൊഫസര്‍മാര്‍, രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ പ്രമുഖ വ്യവസായ മേധാവികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. തൊഴിലവസരങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്. വടക്കന്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ ആഗോള വ്യവസായ നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച്, ഈ പ്രദേശത്തെ പുതുനിര സാങ്കേതിക വിദ്യകളിലേക്കുള്ള വ്യവസായ നിക്ഷേപങ്ങളുടെ കേന്ദ്രമാക്കി മാറ്റാനും പരിപാടി ലക്ഷ്യമിടുന്നു.
മന്ത്രി പി. രാജീവ് പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഡോ. നവാസ് കെ.എം. സ്വാഗതം പറഞ്ഞു. സ്ഥാപക ചെയര്‍മാന്‍ ഡോ. കെ. മൊയ്തു അധ്യക്ഷനായി. എന്‍.ഐ.ടി കാലിക്കറ്റ് റിസര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി ഡീന്‍ ഡോ. എന്‍. സന്ധ്യാറാണി മുഖ്യാതിഥിയായി. കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡണ്ട് എ.പി. അബ്ദുള്ളക്കുട്ടി, കെ.പി.എം.ജി ഇന്ത്യ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌കില്‍സ് ഡെവലപ്മെന്റ് നാഷണല്‍ പാര്‍ട്ണറും ഹെഡുമായ നാരായണന്‍ രാമസ്വാമി എന്നിവര്‍ വിശ്ഷ്ടാതിഥികളായി.
കെ.എം.സി.ടി കോളേജ് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് പ്രിന്‍സിപ്പാള്‍ ഡോ. രഞ്ജിത്ത് സി., എഴുത്തുകാരന്‍ റോഷന്‍ ആര്‍. എന്നിവര്‍ പ്രസംഗിച്ചു. കോണ്‍വര്‍ജ് 2025 സഹസംഘാടകന്‍ ഷമീം പി.സി. നന്ദി പ്രസംഗം നടത്തി.
