ന്യൂഡല്‍ഹി: ആര്‍എസ്എസ് നിരോധിക്കേണ്ട സംഘടന തന്നെയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതിനുള്ള ശ്രമം നടക്കുകയാണെന്നും എന്‍ഇപി പുനഃപരിശോധിക്കുന്ന കാര്യം കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പരിഗണനയിലുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന് കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും അര്‍ഹമായ ബഹുമാനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധിജിയെ കൊലപ്പെടുത്തിയവരാണ് ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പട്ടേലിനെ ഓര്‍ക്കുന്നില്ലെന്ന് പറയുന്നത്. ചരിത്രത്തെ വളച്ചൊടിക്കാനാണ് ബിജെപി ശ്രമം. ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയായിരുന്നു പട്ടേല്‍ ആര്‍എസ്എസിനെ നിരോധിച്ചെന്നും ഖാര്‍ഗെ വ്യക്തമാക്കി.
ജമ്മുകശ്മീരിനെ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാക്കാനാണ് രാജ്യത്തിന്റെ ആദ്യ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ശ്രമിച്ചതെന്നും എന്നാല്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്റു ഇടപെട്ട് ഈ നീക്കം തടയുകയായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.
