മുക്കം: സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള പുരോഗതിയും, മാറിക്കൊണ്ടിരിക്കുന്ന വ്യവസായ സാഹചര്യങ്ങളും തൊഴില്‍ മേഖലയില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കനുസൃതമായി വിദ്യാര്‍ത്ഥികളെ സജ്ജരാക്കാന്‍ കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ടൈ കേരളയുമായി സഹകരിച്ച് കെ.എം.സി.ടി. കണ്‍വേര്‍ജ് – 2025 എന്ന പേരില്‍ ഫോര്‍ച്യൂണ്‍ 500 കമ്പനികളിലെ മേധാവികളെയും ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള അക്കാദമിക്-ഇന്‍ഡസ്ട്രി കോണ്‍ക്ലേവ് നവംബര്‍ 1ന് കെ.എം.സി.ടി. കോഴിക്കോട് ക്യാമ്പസ്സില്‍ നടത്തുന്നു. വ്യവസായം, നിയമം, കയര്‍ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ്
ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. എന്‍.ഐ.ടി കോഴിക്കോട്, ഐ. ഐ. ഐ. ടി കോട്ടയം തുടങ്ങിയ സ്ഥപനങ്ങളില്‍ നിന്നുള്ള പ്രൊഫസര്‍മാരും, ടി.സി.എസ്, മിത്സുബിഷി, വോള്‍വോ, കെ.പി.എം.ജി, എച്ച്. സി. എല്‍, മിന്ത്ര, തുടങ്ങിയ 50-ഓളം പ്രമുഖ കമ്പനി മേധാവികളും കോണ്‍ക്ലേവില്‍ പങ്കെടുക്കും. വടക്കന്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ തൊഴില്‍ ക്ഷമത ലോകോത്തര കമ്പനി പ്രതിനിധികള്‍ക്ക് മുന്പില് അവതരിപ്പിക്കാനും, നൂതന സാങ്കേതിക മേഖലയിലെ വ്യവസായ വികസനത്തിന് അനുയോജ്യമായ കേന്ദ്രമായി ഈ പ്രദേശത്തെ മാറ്റിയെടുക്കാനും കെ.എം.സി.ടി കണ്‍വേര്‍ജ് -2025 സഹായകമാകുമെന്ന് ഗ്രൂപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍
സാഹില്‍ മൊയ്തു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ.എം.സി.ടി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമെര്‍ജിങ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുല്‍ ഗഫൂര്‍, കെ.എം.സി.ടി. കോളേജ് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് പ്രിന്‍സിപ്പാള്‍ ഡോ. രഞ്ജിത്ത് സി, അസിസ്റ്റന്റ് പ്രൊഫസര്‍ ഷമീം പി. സി , കെ. പി. എം. ജി. ഇന്ത്യ അസിസ്റ്റന്റ് മാനേജര്‍ സജാസ് പി. എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
