വ്യവസായി അനില്‍ അംബാനി 28,874 കോടി രൂപ തട്ടിയെടുത്തു; ആരോപണവുമായി കോബ്രാ പോസ്റ്റ്
ന്യുഡല്‍ഹി: വ്യവസായി അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് എഡിഎ ഗ്രൂപ്പ് കമ്പനികള്‍ 28,874 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന വെളിപ്പെടുത്തലുമായി കോബ്രോ പോസ്റ്റ്. റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ക്യാപിറ്റല്‍, റിലയന്‍സ് ഹോം ഫിനാന്‍സ്, റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ്, റിലയന്‍സ് കോര്‍പറേറ്റ് അഡൈ്വസറി സര്‍വിസസ് എന്നിവയുള്‍പ്പെടെ അനില്‍ അംബാനിയുടെ കീഴിലുള്ള കമ്പനികളില്‍നിന്നുള്ള ഓഹരികള്‍ കടലാസ് കമ്പനികള്‍ വഴി തിരിച്ചുവിട്ടാണ് തട്ടിപ്പെന്ന് കോബ്രാപോസ്റ്റ് പത്രാധിപര്‍ അനിരുദ്ധബഹല്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. എന്നാല്‍, ആരോപണങ്ങളില്‍ എഡിഎ നോട്ടീസ് അയച്ചു.
കോബ്രാപോസ്റ്റിനെതിരെ അപകീര്‍ത്തിക്ക് നോട്ടീസ് അയച്ചിട്ടുമുണ്ട്. സിംഗപ്പൂര്‍, മൗറീഷ്യസ്, സൈപ്രസ്, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, യുഎസ്, യുകെ എന്നിവിടങ്ങളിലെ ഓഫ്ഷോര്‍ സ്ഥാപനങ്ങള്‍ വഴി ഏകദേശം 13,047 കോടി രൂപ സംശയാസ്പദമായ രീതിയില്‍ അദ്ദേഹത്തിന്റെ കമ്പനികളില്‍ എത്തിയെന്നും കോബ്രപോസ്റ്റ് ആരോപിക്കുന്നു. 2013ലെ കമ്പനീസ് ആക്ട്, ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ), കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ആക്ട്, ആദായനികുതി നിയമം തുടങ്ങിയ വിവിധ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് അനില്‍ അംബാനിയും കമ്പനിയും നടത്തിയതെന്നും റിപ്പോര്‍ട്ട് പുറത്തുവിടുംമുമ്പ് അനില്‍ അംബാനിയില്‍നിന്ന് പ്രതികരണം തേടിയെങ്കിലും കമ്പനി നോട്ടീസ് അയക്കുകയായിരുന്നെന്ന് കോബ്രാപോസ്റ്റ് വ്യക്തമാക്കി.
