തിരുവനന്തപുരം:കേന്ദ്രസര്‍ക്കാറിന്റെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിനെ തുടര്‍ന്ന് സിപിഐയും സിപിഎമ്മും തമ്മിലുണ്ടായ തര്‍ക്കം തീരുന്നു. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കും.
മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുകയും സമിതി വിഷയം പഠിക്കുകയും ചെയ്യും. മാനദണ്ഡങ്ങളില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയക്കാന്‍ തീരുമാനിച്ചു. അതുവരെ കരാര്‍ മരവിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടും തുടങ്ങിയ വ്യവസ്ഥകളാണ് ഒത്തുതീര്‍പ്പിലുള്ളത്. ഇരുപാര്‍ട്ടികളുടെയും ദേശീയ നേതൃത്വം മുന്നോട്ടവെച്ച സമവായ നിര്‍ദേശം അംഗീകരിച്ചാണ് തീരുമാനം. ഉച്ചയ്ക്ക് ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം തീരുമാനം പ്രഖ്യാപിക്കും.
സിപിഐയുടെ സമ്പൂര്‍ണ്ണ അടിയന്തര സെക്രട്ടറിയേറ്റ് യോഗം ഒരുമണിക്ക് ചേരുന്നുണ്ട്.നേതാക്കള്‍ക്ക് ഓണ്‍ലൈനായി പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏറെനാളായി എല്‍ഡിഎഫിനെ പിടിച്ചുലച്ച പ്രതിസന്ധിക്കാണ് ഇപ്പോള്‍ പരിഹാരമാകുന്നത്. സിപിഐയുടെ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറാണെന്ന് സിപിഎം അറിയിച്ചുകഴിഞ്ഞു പിഎം ശ്രീ പദ്ധതിയിലെ അഭിപ്രായ ഭിന്നതയില്‍ സര്‍ക്കാര്‍ അസാധാരണ പ്രതിസന്ധിയിലായിരുന്നു കഴിഞ്ഞകുറച്ച് നാളുകളായി.2017 ല്‍ തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടു നിന്ന ശേഷം സിപിഐ മുന്നണിയില്‍ കടുത്ത നിലപാടെടുക്കുന്നത് ഇതാദ്യമായാണ് .
തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കേ സിപിഐയുടെ തീരുമാനം മുന്നണിയെ ഉലച്ചിരുന്നു. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌ക്കരിക്കുമെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ ഇതോടെയാണ് മന്ത്രിസഭാ യോഗത്തിന് മുമ്പ് സിപിഐയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും അണിയറയില്‍ സജീവമായത്. കണ്ണൂരിലായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പരിപാടികള്‍ റദ്ദാക്കി പുലര്‍ച്ചെ തിരുവനന്തപുരത്ത് തിരിച്ചെത്തുകയും ചെയ്തു. അനുനയത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ടിറങ്ങുകയും ചെയ്തിരുന്നു.
