മറിയം : (കവിത)

മറിയം : (കവിത)

ഇന്ന് ,
ഓർമകളുടെ മുറ്റത്തിരുന്ന്
എന്റെ
മറിയത്തിനൊപ്പം
ഞാൻ
മണ്ണപ്പം ചുട്ടു .
മാഞ്ചോട്ടിലിരുന്ന-വൾക്കൊരു
മഞ്ചാടി മാല കോർത്തു .

കാതിലാടുന്ന ലോലാക്കിൻ
ചേല് കണ്ടു .
പുള്ളിക്കരയുള്ള പാവാട കണ്ടു .
പച്ചക്കല്ലുള്ള
പൂവാറ് കണ്ടു .

മറിയം :
ഇതൊരു വേദനയുടെ പേരാണ് .
കാക്കകൊത്തിപ്പോയ കഥയുടെ പേരാണ് .
കണ്ണീരിൽ മുങ്ങിയ കിനാവിന്റെ പേരാണ് .

ഒരു കുടക്കുള്ളിൽ
രണ്ടിശലിൽ മഴപ്പാട്ട്
കുറുകുന്നുണ്ട് .
ഇണ പോയ പൂവൻ ഇടറിയിരിക്കുന്നുണ്ട്.
പുളിമര ചോട്ടിൽ പൂഞ്ചോലയിൽ
പുളിങ്കുരു ചുട്ട
പോന്നോർമകൾ
മുളപൊട്ടുന്നുണ്ട് .

ഇന്നല്ലേ നിന്റെ മുപ്പത്തൊമ്പതാം വിവാഹ വാർഷികം .

സുഖമാണോ ?
നിനക്കും നിന്റെ പാതിക്കും
സുഖമെന്നറിഞ്ഞാൽ
മതി .
ഒരു നൂറാശംസകൾ .

 

ഒഞ്ചിയം ഉസ്മാൻ ഒരിയാന

മറിയം : (കവിത)

Share

Leave a Reply

Your email address will not be published. Required fields are marked *