ശബരിമലയില്‍ നടന്ന സ്വര്‍ണ്ണ കവര്‍ച്ചയില്‍ ഭാഗഭാക്കായ മുഴുവന്‍ പ്രതികളെയും പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ശബരിമലയില്‍ നടന്ന സ്വര്‍ണ്ണകവര്‍ച്ച സംബന്ധിച്ച വാര്‍ത്ത കേരളം ഞെട്ടലോടെയാണ് ശ്രവിച്ചത്. ഈ കേസ് ആദ്യം അന്വേഷിച്ച ദേവസ്വം ഇന്റലിജന്‍സ് എസ് പി യുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യത്തില്‍ നടന്ന ഗൂഡാലോചനയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ഈ കവര്‍ച്ചയില്‍ ഒരു ലോബിയുണ്ട്. എന്നാണ് തുടരന്വേഷണങ്ങള്‍ വ്യക്തമാക്കുന്നത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കേസ് അന്വേഷിക്കുന്നത് സ്പെഷ്യല്‍ ടീം കോടതിയില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ അടച്ചിട്ട മുറിയില്‍ വെച്ച് നേരിട്ട് ചോദിച്ചറിഞ്ഞതിന് ശേഷം ഇക്കാര്യത്തില്‍ നടന്ന ക്രിമിനില്‍ ഗൂഢാലോചന കണ്ടെത്താന്‍ തിരുവിതാംകൂര്‍ ജേവസ്വം ബോര്‍ഡിന്റെയടക്കം പങ്ക് അന്വേഷിക്കാനാണ് അന്വേഷണ സംഘത്തോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഈ കേസിലെ മുഖ്യസൂത്രധാരകനായ ഉണ്ണികൃഷ്ണന് പോറ്റിയെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ നല്കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചുള്ള ചിലരും ഇതില്‍ ഉണ്ട് എന്നാണ് മനസ്സിലാവുന്നത്.
ദ്വാരപാലകശില്‍പ്പങ്ങളുടെ സ്വര്‍ണ്ണ പാളികള്‍ അറ്റകുറ്റപ്പണികള്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ കൊണ്ടുപോകാനായി ഇളക്കിയെടുത്തെങ്കിലും 39 ദിവസം കഴിഞ്ഞാണ് അവിടെയെത്തിയത്. ഇക്കാലയളവില്‍ കൃത്രിമം നടന്നതാണോ എന്ന് കൂടി കണ്ടെത്തേണ്ടതുണ്ട്. ഉണ്ണികൃഷ്ണന് പോറ്റി വ്യവസായികളില്‍ നിന്നടക്കം ലക്ഷങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് അയാളുടെ സുഹൃത്ത് അനന്തകൃഷ്ണന് എസ്എടിക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഇങ്ങനെ വാങ്ങിയ പണം ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കോ, ദേവസ്വം ഉദ്യോഗസ്ഥര്‍ക്കോ ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്. വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നല്കുന്ന പണമാണ് ശബരിമലയിലേത്. സ്വര്‍ണ്ണവും മറ്റും ഇവിടെ ലഭിക്കുന്ന സമ്പത്ത് കൊള്ളയടിച്ചവര്‍ ആരായാലും അവരെ പിടികൂടുക തന്നെ വേണം. തിരുവിതാംകൂര്‍ ദേവസ്വം ഇപ്പോള്‍ അന്വേഷണപരിധിയില്‍ വന്നിരിക്കുകയാണ്. നിലവിലുള്ള ദേവസ്വം ബോര്‍ഡും പഴയ ബോര്‍ഡും ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതുണ്ട്. ശബരിമലയിലെ സ്വര്‍ണ്ണകവര്‍ച്ച നാടിന് അപമാനമാണ്. എല്ലാ ആരാധാനാ കേന്ദ്രങ്ങളിലും നടക്കുന്ന സാമ്പത്തികമടക്കമുള്ള കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്താന്‍ സംവിധാനമുണ്ടാകണമെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ആ ദിശയില്‍ പരിശോധനകള്‍ നടത്തി ഭക്തരുടെ വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം.
