മേപ്പയ്യൂര്‍: ആര്‍.കെ.മാധവന്‍ നായര്‍ സകലകലാവല്ലഭനാണെന്നും അമ്പത് വര്‍ഷം മുമ്പ് അദ്ദേഹം കൈരളി റേഡിയോ ക്ലബ്ബ് മേപ്പയ്യൂരിന്റെ ഭാഗമായി കോഴിക്കോട് ആകാശവാണിയില്‍ ഒട്ടനവധി പരിപാടികള്‍ അവതരിപ്പിച്ചിരുന്നെന്നും പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി പറഞ്ഞു. അദ്ദേഹത്തിന്റെ കഥാപ്രസംഗ രചനകളും, കവിതകളുമെല്ലാം സാമൂഹിക പ്രതിബദ്ധമാണ്. ആര്‍.കെമാധവന്‍ നായരുടെ സാഹിത്യകൃതിയായ ‘ഓര്‍മ്മയില്‍ ഒരു പൂക്കാലം’ എന്ന പുസ്തകത്തിന്റെ
പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ ഡി.എം.ഒയും, പ്രഭാഷകനും, എഴുത്തുകാരനുമായ ഡോ.പീയൂഷ് എം.നമ്പൂതിരിപ്പാട് പുസ്തകം ഏറ്റുവാങ്ങി. ഗുരുത്വമെന്നത് പുതു തലമുറ മറന്നുപോകുന്നുണ്ടെന്നും, മാതൃഭാഷയായ മലയാളത്തെ സ്‌നേഹിക്കുന്നത് അമ്മയെയും, അച്ഛനെയും സ്‌നേഹിക്കുന്നതിന് തുല്ല്യമാണെന്നും ഡോ.പിയൂഷ് എം.നമ്പൂതിരിപ്പാട് പറഞ്ഞു. നമ്മുടെ നാടിന്റെ നല്ല സംസ്‌കാരത്തെ പുതുതലമുറ ചേര്‍ത്ത് പിടിക്കണം. സത്യവും, ധര്‍മ്മവും മരിക്കാന്‍ അനുവദിക്കരുത്. വയോജനങ്ങളെ അപഹാസ്യരാക്കപ്പെടുന്ന കാലം കെട്ടകാലമാണ്. ജാതി-മത-വര്‍ഗ്ഗീയ ചിന്തകള്‍, കക്ഷിരാഷ്ട്രീയം എന്നിവയുടെ വിഭാഗീയത നമ്മുടെ മഹത്തായ സംസ്‌കൃതിയെയാണ് തകര്‍ക്കുന്നത്. നന്മ പറയാന്‍ നാം മടിക്കരുത്. കുറ്റവും, കുറവും പറയുന്നതിന് പകരം നന്മയെ മാറോടണയ്ക്കണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടിരാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ആനന്ദകിഷോര്‍ അധ്യക്ഷത വഹിച്ചു. ആര്‍.കെമാധവന്‍ നായരുടെ ചിത്ര പ്രദര്‍ശനം പ്രശസ്ത പക്ഷി നിരീക്ഷകനും, ചിത്രകാരനുമായ മേപ്പയ്യൂര്‍ സത്യന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആര്‍.കെ.ഇരവില്‍ ആമുഖ ഭാഷണം നടത്തി. പി.പങ്കജാക്ഷന്‍ മാസ്റ്റര്‍, കെ.എസ്. രമേഷ് ചന്ദ്ര, പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍, എം.എം.കരുണാകരന്‍ മാസ്റ്റര്‍, എം.പി.രാജന്‍ മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ആര്‍.കെ.മാധവന്‍ നായര്‍ മറുമൊഴി നടത്തി. കൈരളി സാംസ്‌കാരിക വേദി സെക്രട്ടറി ബി.വിനോദ് കുമാര്‍ സ്വാഗതവും, വൈസ് പ്രസിഡണ്ട് ഡോ.എസ്.എന്‍.സൂരജ് നന്ദിയും പറഞ്ഞു. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.
