ശൈഖ് സാഇദ് അവാര്‍ഡ്
അക്ബര്‍ ട്രാവല്‍സ് ചെയര്മാന് കെ.വി. അബ്ദുള്‍ നാസറിന്
കോഴിക്കോട് : യു.ഏ ഇ ശില്പിയും ആദ്യ പ്രസിഡന്റുമായിരുന്ന ശൈഖ് സാഇദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ് യാന്റെ ഓര്‍മക്കായി ഇന്‍ഡോ -അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ നല്‍കിവരുന്ന ശൈഖ് സാഇദ് ഇന്റര്‍നാഷണല്‍ അവാര്‍ഡിന് അക്ബര്‍ ട്രാവല്‍സ് ചെയര്മാന് കെ.വി. അബ്ദുള്‍ നാസറിനെ തെരഞ്ഞെടുത്തായി ഇന്‍ഡോ – അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഗള്‍ഫിലേക്കുള്ള വ്യോമയാന മേഖലയില്‍ ഇന്ത്യയില്‍ നിന്ന് അധികം സൗകര്യങ്ങളില്ലാത്ത കാലത്ത് പ്രവാസികള്‍ക്കായി ഒട്ടേറെ നൂതന സൗകര്യങ്ങളും മറ്റും കൊണ്ടുവന്നതടക്കമുള്ള ഇദ്ദേഹത്തിന്റെ സേവനങ്ങള്‍ പരിഗണിച്ചാണ് 2024 വര്‍ഷത്തെ പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തതെന്ന് ഇന്‍ഡോ – അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് എം.വി. കുഞ്ഞാമു , സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി , കോ- ഓര്‍ഡിനേറ്റര്‍ കോയട്ടി മാളിയേക്കല്‍ എന്നിവര്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് ആദ്യമായി ഹജ്ജ് – ഉംറ സേവനങ്ങള്‍ സ്വകാര്യ മേഖലയില്‍ തുടക്കം കുറിച്ച് ട്രാവല്‍ രംഗത്ത് ഒരു പുതിയ വഴി വെട്ടിയതടക്കമുള്ള കാര്യങ്ങളും ഇദ്ദേഹത്തെ തെരഞ്ഞെടുക്കാന്‍ കാരണമായതായി ഭാരവാഹികള്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ എം.എ. യൂസുഫലി, ഡോ. ആസാദ് മൂപ്പന് തുടങ്ങിയവര്‍ക്കാണ് ശൈഖ് സാഇദ് അവാര്‍ഡ് ലഭിച്ചത്.
ഇന്‍ഡോ കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ വിവിധ ചാപ്റ്ററുകളില്‍ നിന്ന് ലഭിക്കുന്ന നാമനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രമുഖ ചെറുകഥാകത്ത് ശിഹാബുദ്ദീന് പൊയ്ത്തും കടവ് ചെയര്‍മാനും അഡ്വ. പി.ആര്. രാജ്കുമാര് (മുംബൈ), പത്രപ്രവര്‍ത്തകരായ കമാല്‍ വരദൂര്‍ , ഏ.വി. ഫര്‍ദിസ് എന്നിവര്‍ അംഗങ്ങളുമായ അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് കെ.വി. നാസറിനെ തെരെഞ്ഞടുത്തത്.
വിവിധ ഭാഷകളിലായി ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ രചിച്ച് പൊതു പ്രവര്‍ത്തന രംഗത്ത് വേറിട്ട വ്യക്തിത്വമായി മാറിയ മുന്‍ ഗോവാ – മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ളയെയും ചടങ്ങില്‍ വെച്ച് ഇന്‍ഡോ – അറബ് മഹാരാഷ്ട്ര ചാപ്റ്ററിന്റെ ‘സ്നേഹാദരം’ നല്കി ആദരിക്കും
25 ന് ശനിയാഴ്ച വൈകീട്ട് ആറരക്ക് മുംബൈ താനെ വെസ്റ്റിലെ ആര്. നെസ്റ്റ് ഹാളില്‍ വെച്ച് നടക്കുന്ന ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ താനെ ചാപ്റ്റര്‍ ഉദ്ഘാടന – ഗ്ളോബല്‍ എന്‍. ആര്. ഐ സമ്മിറ്റില്‍ വെച്ച് മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അവാര്‍ഡ് വിതരണവും ആദരവും നടത്തും.
മഹാരാഷ്ട്ര ഗതാഗത വകുപ്പ് മന്ത്രി പ്രതാപ് ഷര് നായിക്, ബിജെപി സംസ്ഥാന പ്രസിഡണ്ട് രവീന്ദ്രചവാന്‍ , താനെ എംപി നരേഷ് മാഷാക്ക്, കല്യാണ്‍ എംപി ശ്രീനാഥ് ഏകനാഥ് ഷിന്‍ഡേ , താനെ എംഎല്‍എ സഞ്ജയ് കേല്‍ക്കര്‍, എം ആര് സി സി വൈസ് പ്രസിഡന്റ് കുമാര്‍നായര്‍, ഐ.എ. സി.സി മുംബൈ ചാപ്റ്റര്‍ പ്രസിഡന്റ് ഭൂപേഷ് ബാബു, ജനറല്‍ സെക്രട്ടറി കൃഷ്ണനുണ്ണി മേനോന്, ശ്രീകണ്ഠന് നായര്‍ എന്നിവരും ചടങ്ങില്‍ സംസാരിക്കും. എമിറേറ്റ്സ്, വിവിധ ഗള്‍ഫ് , യൂറോപ്യന്‍ രാജ്യങ്ങളിലെ ഇന്‍ഡോ-അറബ് ചാപ്റ്റര്‍ ഭാരവാഹികളും ചടങ്ങിനെത്തും.
ഗ്ലോബല്‍ എന്‍. ആര്. ഐ സമ്മിറ്റ് ഒക്ടോബര്‍ 25 ന് മുംബൈയില്‍
