നാക് അംഗീകാര സര്‍ട്ടിഫിക്കറ്റ് കൈമാറ്റവും പിജി കോഴ്‌സുകളുടെ പ്രഖ്യാപനവും നടത്തി
മുക്കം: നാക് അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ അലൈഡ് ഹെല്‍ത്ത് സയന്‍സ് കോളേജായി മാറിയ കെ.എം.സി.ടി. കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസിന്റെ നാക് അംഗീകാര സര്‍ട്ടിഫിക്കറ്റ് എം.പി. എം.കെ. രാഘവന്‍ കോളേജിന് കൈമാറി.
നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) കോളേജിന്റെ അധ്യാപന നിലവാരം, ഗവേഷണം, അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാര്‍ത്ഥി പിന്തുണ സംവിധാനങ്ങള്‍ എന്നീ മേഖലകളിലെ സമഗ്രമായ വിലയിരുത്തലിന് ശേഷമാണ് ഈ അംഗീകാരം നല്‍കിയത്.
തിരുവമ്പാടി മണ്ഡലം എം.എല്‍.എ. ലിന്റോ ജോസഫ് കോളേജില്‍ പുതുതായി ആരംഭിച്ച ബിരുദാനന്തര കോഴ്‌സുകളുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് അസിസ്റ്റന്റ് ഡയറക്ടര്‍ സാഹില്‍ മൊയ്തു ആമുഖ പ്രഭാഷണം നടത്തി.കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ ഡോ.സന്ദീപ് എസ് അധ്യക്ഷം വഹിച്ചു. കെ.എം.സി.ടി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വിജീഷ് വേണുഗോപാല്‍, കോളേജ് ഐക്യുഎസി കോര്‍ഡിനേറ്റര്‍ പ്രൊഫ. ഡോ. ഗ്ലാഡിസ് കമലം, അക്രഡിറ്റേഷന്‍സ് മാനേജര്‍ സലീം കെ.എന്‍., പിടിഎ പ്രസിഡന്റ് സലാം എളമരം, എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫസര്‍ സൗമ്യ നന്ദി അറിയിച്ചു.
