സംസ്ഥാനത്തെ ജനങ്ങള്‍ നേരിടുന്ന വലിയൊരു പ്രശ്നമാണ് വന്യജീവി ആക്രമണം. വന്യജീവികളുടെ ആക്രമണത്തില്‍ നിരവധി മനുഷ്യ ജീവനുകളാണ് പൊലിയുന്നത്. ഇത് ഒരു തുടര്‍കഥയായി മാറുകയാണ്. വനങ്ങളില്‍ ജീവിച്ചിരുന്ന വന്യ മൃഗങ്ങള്‍ കൃഷിഭൂമികളിലേക്ക് കടന്ന് വന്ന് വ്യാപക നാശനഷ്ടമുണ്ടാക്കുകയാണ്. വന്യമൃഗ ശല്യം കാരണം കൃഷി ചെയ്യാന്‍പോലുമാകാത്ത അവസ്ഥയാണ്. പല കര്‍ഷകരും കൃഷി ഉപേക്ഷിക്കുകയാണ്. കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കുന്ന കാര്‍ഷിക വിഭവങ്ങള്‍ വന്യ മൃഗങ്ങള്‍ വന്ന് നശിപ്പിക്കുമ്പോള്‍ എങ്ങിനെയാണ് കര്‍ഷകര്‍ക്ക് പിടിച്ച് നില്‍ക്കാനാവുക. 1972ലെ വന്യജീവി സംരക്ഷണ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മാധവ് ഗാഡ്ഗിലിനെ പോലുള്ളവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മനുഷ്യരും, വന്യ ജീവികളും തമ്മിലുളള സംഘര്‍ഷത്തിനും പലവിധ കാരണങ്ങളുണ്ട്. അതിലൊന്ന് വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയിലെക്കുള്ള മനുഷ്യരുടെ കടന്നുകയറ്റമാണ്. കാടുകളില്‍ സൈ്വരജീവിതം നയിച്ചിരുന്ന വന്യമൃഗങ്ങള്‍ക്ക് ഭീഷണി നേരിട്ടപ്പോള്‍ അവ നാട്ടിലേക്കിറങ്ങുകയാണ്. വന്യമൃഗങ്ങളുടെ പെരുപ്പം തടയാന്‍ നടപടികളില്ല എന്നതും മറ്റൊരു പ്രശ്നമാണ്. ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങള്‍ ഇന്ന് കേരളത്തിനൊരു പേടി സ്വപ്നമാണ്. സംഘടിതമായാണ് ആനകളടക്കമുള്ളവ നാട്ടിലേക്കിറങ്ങുന്നത്. ഇവയെ വനാതിര്‍ത്തികളില്‍ വെച്ച് തടയാന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ഇപ്പോഴും അവലംബിക്കാന്‍ നമുക്കായിട്ടില്ല എന്നത് വലിയ ചോദ്യ ചിഹ്നമാണ്. ആന, കടുവ, പുലി, പന്നി, കുരങ്ങ് എന്നിവയെല്ലാം യഥേഷ്ടം നാട്ടിലിറങ്ങുകയാണ്. നാട്ടിലിറങ്ങുന്ന ആനക്കൂട്ടങ്ങളെ കാട്ടിലേക്കയച്ചാലും, പിന്നീടവ തിരിച്ചു വരുകയാണ്. വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യ ജീവന് സംരക്ഷണം നല്‍കേണ്ട വിഭാഗമാണ് വനപാലകര്‍. അവരുടെ പ്രവര്‍ത്തനം വിമര്‍ശിക്കപ്പെടുകയാണ്. കാടിന്റെ അതിര്‍ത്തികളില്‍ ഫലപ്രദമായ നിരീക്ഷണങ്ങള്‍ ഇപ്പോഴും ഏര്‍പ്പെടുത്താനോ, ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാനോ വനംവകുപ്പിന് ഇപ്പോഴും സാധിച്ചിട്ടില്ല. വനംവകുപ്പിന്റെ പ്രവര്‍ത്തനത്തിന് സര്‍വ്വവിധ സൗകര്യങ്ങളും നല്‍കണം.
വന്യമൃഗ ശല്ല്യത്തിനെതിരെ നിരവധി സമരങ്ങള്‍ നടന്നിട്ടും, ഇക്കാര്യത്തില്‍ സമ്പൂര്‍ണ്ണ പരിഹാരം നിര്‍ദ്ദേശിക്കുന്ന ഒരു പരിപാടിയും സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടില്ല. ബന്ധപ്പെട്ട എല്ലാവരെയും വിളിച്ച് ചേര്‍ത്ത് സമഗ്രമായ ചര്‍ച്ച നടത്തി, സര്‍ക്കാര്‍-ബഹുജന സംവിധാനത്തിലൂടെ വന്യമൃഗങ്ങളെ ചെറുക്കാന്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിക്കണം.
